ETV Bharat / bharat

കേരളത്തിലെ തെരുവുനായ വിഷയത്തില്‍ ശാശ്വത പരിഹാരം കാണണമെന്ന് സുപ്രീം കോടതി ; ബാലാവകാശ കമ്മിഷന്‍റെ ഹര്‍ജി ഓഗസ്റ്റ് 16 ലേക്ക് മാറ്റി

author img

By

Published : Jul 12, 2023, 9:39 PM IST

കേരളത്തില്‍ തെരുവുനായകളുടെ ആക്രമണം വര്‍ധിക്കുന്നതായി ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മിഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്

Supreme Court  Stray Dog  Stray Dog Issue In Kerala  nihal death  Court  alphonse kannanthanam  തെരുവുനായ വിഷയത്തില്‍ ശാശ്വത പരിഹാരം  തെരുവുനായ  സുപ്രീം കോടതി  കേരളത്തില്‍ തെരുവുനായുടെ ആക്രമണം  തിരുവനന്തപുരം  ദയാവധം
കേരളത്തിലെ തെരുവുനായ വിഷയത്തില്‍ ശാശ്വത പരിഹാരം കാണം; തീരുമാനം വൈകുമെന്ന് സുപ്രീം കോടതി

തിരുവനന്തപുരം : കേരളത്തിലെ തെരുവുനായ ആക്രമണ വിഷയത്തില്‍ ശാശ്വത പരിഹാരം കാണണമെന്ന് സുപ്രീം കോടതി. സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം വര്‍ധിക്കുന്നതായി ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മിഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികള്‍ക്ക് നേരെയാണ് ഏറ്റവുമേറെ തെരുവുനായ ആക്രമണങ്ങള്‍ നടക്കുന്നതെന്ന് ബാലാവകാശ കമ്മിഷന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ജില്ലയില്‍ തന്നെ അത്യന്തം അപകടകാരികളെന്ന് കരുതുന്ന നായകളെ ദയാവധം ചെയ്യാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ല പഞ്ചായത്തും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ജസ്‌റ്റിസ് ജെ കെ മഹേശ്വരി, ജസ്‌റ്റിസ് കെ വി വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് അടുത്ത മാസം 16 ലേക്ക് മാറ്റിയതിനാല്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ തീരുമാനം വൈകും.

അക്രമകാരികളായ നായകളെ ദയാവധം ചെയ്യണമെന്ന് അഭിഭാഷകന്‍ : അടുത്തിടെ തെരുവുനായകളുടെ ആക്രമണത്തില്‍ ഒരു കുട്ടി മരണപ്പെട്ടിരുന്നതായി കണ്ണൂര്‍ പഞ്ചായത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി വി സുരേന്ദ്രനാഥ് പറഞ്ഞു. എല്ലാ നായകളെയും കൊല്ലാന്‍ അല്ല ആവശ്യപ്പെടുന്നത്. വന്ധ്യംകരണം കൊണ്ട് മാത്രം നിയന്ത്രിക്കാനാവാത്ത അക്രമകാരികളായ നായകള്‍ ഇക്കൂട്ടത്തിലുണ്ട്. ഇത്തരം നായകളെ കണ്ടെത്തി ദയാവധം ചെയ്യുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഞാന്‍ മൃഗങ്ങളെ സ്‌നേഹിക്കുന്നു. ഞാന്‍ മനുഷ്യരെയും സ്‌നേഹിക്കുന്നു. അതിനാല്‍ തന്നെ ചില പ്രായോഗികമായ നിര്‍ദേശങ്ങള്‍ താന്‍ നല്‍കിയിട്ടുണ്ടെന്ന് മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും കോടതിയെ അറിയിച്ചു.

അതേസമയം, കണ്ണൂരില്‍ ഭീതി വിതച്ച് അലഞ്ഞ് നടക്കുന്ന അപകടകാരികളായ തെരുവുനായ്‌ക്കളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പ്രതികരണം തേടിയിരുന്നു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചായിരുന്നു കേരളത്തിന് നോട്ടിസ് അയച്ചിരുന്നത്. ജൂലൈ ഏഴിനകം മറുപടി നൽകാനായിരുന്നു നിർദേശം.

കഴിഞ്ഞ മാസം കണ്ണൂര്‍ മുഴുപ്പിലങ്ങാട് ഉണ്ടായ ആക്രമണത്തിൽ 11 വയസുള്ള ഭിന്നശേഷിക്കാരനായ ആൺകുട്ടി മരിച്ചിരുന്നു. ജൂലൈ ഏഴിനകം പ്രതികരണം സത്യവാങ്‌മൂലമായി സമര്‍പ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിനോട് ബെഞ്ച് ആവശ്യപ്പെട്ടിരുന്നത്.

ഭിന്നശേഷിക്കാരനായ കുട്ടിയെ ആക്രമിച്ച് തെരുവുനായ: ജൂണ്‍ 11നാണ് കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി നിഹാല്‍ നൗഷാദിനെ തെരുവുനായ ആക്രമിച്ചത്. അരയ്‌ക്ക് താഴെ ഗുരുതരമായി പരിക്കേറ്റ നിഹാല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭിന്നശേഷിക്കാരനായ നിഹാലിനെ വൈകിട്ട് അഞ്ചുമണിയോടെ കാണാതായി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിഹാലിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പറമ്പിലേക്ക് തെരുവുനായ്‌ക്കള്‍ എത്തുന്നത് കണ്ടാണ് സമീപവാസികള്‍ അവിടെ തെരച്ചില്‍ നടത്തിയത്. കുട്ടിക്ക് തലമുതല്‍ കാലുവരെ കടിയേറ്റിരുന്നു.

സംസാര ശേഷി ഇല്ലാതിരുന്ന നിഹാലിന് ആക്രമണ സമയത്ത് ബഹളം വയ്‌ക്കാന്‍ സാധിക്കാതിരുന്നതിനാല്‍ സമീപത്തുണ്ടായിരുന്നവരുടെ ശ്രദ്ധയിലെത്തിയില്ല. നിഹാലിന്‍റെ മരണ ശേഷം നിരവധി പ്രമുഖര്‍ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തുവന്നിരുന്നു. തെരുവുനായ ആക്രമണം നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും ആളുകള്‍ പരാതി ഉന്നയിച്ചിട്ടും ഭരണകൂടം വേണ്ട നടപടി സ്വീകരിച്ചില്ല എന്ന് വിമര്‍ശനവും ഉയരുകയുണ്ടായി.

നിഹാലിന്‍റെ മരണത്തിന് ഉത്തരവാദി സര്‍ക്കാര്‍ ആണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണം. സംസ്ഥാനത്ത് വ്യാപകമാവുന്ന തെരുവു നായ ആക്രമണത്തിന്‍റെ കണക്കുകള്‍ നിരത്തി പ്രതിപക്ഷം സഭയില്‍ വിഷയം ഉന്നയിച്ചിരുന്നെന്നും എന്നാല്‍ സര്‍ക്കാര്‍ നടപടികളുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.