'സർക്കാർ പാസാക്കിയ ബില്ലുകളിൽ പഞ്ചാബ് ഗവര്‍ണർ ഒപ്പിടാത്തത് ഗൗരവമേറിയ വിഷയം, ഗവർണർ തീക്കൊണ്ടാണ് കളിക്കുന്നത്' : സുപ്രീംകോടതി

author img

By ETV Bharat Kerala Desk

Published : Nov 10, 2023, 4:21 PM IST

Row over bills സുപ്രീംകോടതി പഞ്ചാബ് ഗവർണറെ വിമർശിച്ച് സുപ്രീംകോടതി ബൻവാരിലാൽ പുരോഹിത് പഞ്ചാബ് സർക്കാരും ഗവർണറും പഞ്ചാബ് സർക്കാർ നൽകിയ ഹർജി പഞ്ചാബ് ബില്ലുകൾ Supreme Court On Punjab governor Punjab government and governor Supreme Court Supreme Court criticized Banwarilal Purohit

Punjab Bill Row : പഞ്ചാബിൽ സർക്കാർ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്തതിൽ ഗവർണർക്കും ബജറ്റ് സമ്മേളനം നടത്താത്തതിൽ സർക്കാരിനും സുപ്രീംകോടതി വിമർശനം

ന്യൂഡൽഹി : പഞ്ചാബിൽ സർക്കാരും ഗവർണറും തമ്മിൽ നടക്കുന്ന പോരിൽ (Punjab Bill Row) ഇരുവരേയും രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി (Supreme Court). തെരഞ്ഞെടുക്കപ്പെട്ട സർക്കാർ പാസാക്കിയ ബില്ലുകളിൽ പഞ്ചാബ് ഗവര്‍ണർ ഒപ്പിടാത്തത് ഗൗരവമേറിയ വിഷയമാണ്. ഗവർണർ തീക്കൊണ്ടാണ് കളിക്കുന്നതെന്ന് പറഞ്ഞ കോടതി, നിയമസഭ സമ്മേളനം ഭരണഘടന വിരുദ്ധമാണെന്ന് വിശേഷിപ്പിക്കാനുള്ള അദ്ദേഹത്തിന്‍റെ അധികാരത്തെ ചോദ്യം ചെയ്യുകയും ചെയ്‌തു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിമര്‍ശനമുന്നയിച്ചത്. സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് (Banwarilal Purohit) ഒപ്പിടാത്തതിൽ ആശങ്ക പ്രകടിപ്പിച്ച കോടതി, ഗവർണറുടെ നടപടികളുടെ വിശദാംശങ്ങൾ രേഖപ്പെടുത്താൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് നിർദേശിക്കുകയും ചെയ്‌തു. കൂടാതെ നിയമസഭ ബജറ്റ് സമ്മേളനം മാറ്റിവച്ചതിൽ സർക്കാരിനേയും കോടതി വിമർശിച്ചു.

നിയമസഭ പാസാക്കിയ ബില്ലുകൾക്ക് ഗവർണർ അനുമതി നൽകാൻ കാലതാമസം എടുക്കുന്നതായി പഞ്ചാബ് സർക്കാർ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഗവർണറുടെ ഭരണഘടനാപരമായ നിഷ്‌ക്രിയത്വം മുഴുവൻ ഭരണത്തേയും സ്‌തംഭിപ്പിച്ചതായി സർക്കാർ ഹർജിയിൽ പറഞ്ഞിരുന്നു. സർക്കാർ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ വിമർശനം.

അതേസമയം, ബില്ലുകൾ അനിശ്ചിതകാലത്തേക്ക് പിടിച്ചുവയ്‌ക്കാൻ ഗവർണർക്കാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നിലവിൽ ബില്ലുകൾക്ക് അനുമതി നൽകാനുള്ള ഗവർണറുടെ അധികാരം സംബന്ധിച്ച് ഹ്രസ്വ ഉത്തരവ് പാസാക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

തമിഴ്‌നാട് ഗവർണർക്കും സുപ്രീംകോടതി വിമർശനം : തമിഴ്‌നാട് സർക്കാർ (Tamilnadu Government) നൽകിയ ഹർജിയിൽ തമിഴ്‌നാട് ഗവർണറേയും (Tamilnadu Governor) സുപ്രീം കോടതി വിമർശിച്ചു. നിയമസഭ പാസാക്കിയ നിരവധി ബില്ലുകളിലും സംസ്ഥാന സർക്കാർ സമർപ്പിച്ച ഫയലുകളിലും തമിഴ്‌നാട് ഗവർണർ ആർഎൻ രവി നീക്കുപോക്ക് നടത്താത്തതിലാണ് സുപ്രീംകോടതി വിമർശനം. 12 ബില്ലുകൾ, 54 തടവുകാരുടെ മോചനം, പ്രോസിക്യൂഷൻ അനുമതി, തമിഴ്‌നാട് പബ്ലിക് സർവീസ് കമ്മിഷനിലെ 10 അംഗങ്ങളുടെ നിയമനം എന്നിവ സംബന്ധിച്ച് സർക്കാർ എടുത്ത നിരവധി തീരുമാനങ്ങളുടെ ഫയലുകളാണ് ഗവർണർക്ക് മുന്നിലുള്ളത്.

ഇതിൽ ഗവർണർ നടപടിയെടുക്കാത്തതിൽ കോടതി ഇന്ന് ആശങ്ക രേഖപ്പെടുത്തി. 2020 ജനുവരി 13 നും 2023 ഏപ്രിൽ 28 നും ഇടയിൽ പാസാക്കിയ 12 ബില്ലുകൾ ഗവർണറുടെ അനുമതിക്കായി കെട്ടിക്കിടക്കുകയാണ്. പബ്ലിക് സർവീസ് കമ്മിഷനിലെ 14 തസ്‌തികകളിൽ 10 എണ്ണവും ഗവർണറുടെ അനുമതി ലഭിക്കാത്തതിനാൽ ഒഴിഞ്ഞുകിടക്കുകയാണെന്നും സംസ്ഥാന സർക്കാരിനായി വാദിച്ച അഭിഭാഷകർ വാദിച്ചു. ഗവർണർ സർക്കാരിന്‍റെ രാഷ്‌ട്രീയ എതിരാളിയായി സ്വയം മാറുകയാണെന്ന് സർക്കാർ ഹർജിയിൽ പറഞ്ഞു.

ബില്ലുകൾ ഗവർണർ അംഗീകരിക്കുന്നതിൽ കാലതാമസം വരുത്തിയതിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ ഇന്ന് വാദം കേൾക്കുകയായിരുന്നു കോടതി. വാദം കേട്ട ശേഷം ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച്, തമിഴ്‌നാട് സർക്കാർ സമർപ്പിച്ച ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജിയിൽ കൂടുതൽ വാദം നവംബർ 20 ന് കേൾക്കും.

Also Read : 'മെയിൻ പഞ്ചാബ് ബോൾഡ ഹാൻ'; പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ച; പഞ്ചാബ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.