ETV Bharat / bharat

ഗർഭഛിദ്രത്തിന് സ്ത്രീകൾക്ക് തുല്യ അവകാശം നൽകുമ്പോൾ...

author img

By

Published : Oct 2, 2022, 6:39 AM IST

അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം എടുത്ത് കളഞ്ഞ് മാസങ്ങൾ പിന്നിടുമ്പോഴാണ് ഇന്ത്യയിൽ ഗര്‍ഭഛിദ്രത്തിന് എല്ലാ സ്ത്രീകൾക്കും തുല്യ അവകാശമാണെന്നും വൈവാഹികനില മാനദണ്ഡമാകുന്നില്ലെന്നുമുള്ള ചരിത്രപരമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്

SUPREME COURT legal abortion  Medical Termination of Pregnancy act  legal abortion in india  ഗർഭച്ഛിദ്രത്തിന് സ്ത്രീകൾക്ക് തുല്യ അവകാശം  റോ വേഴ്‌സസ് വേഡ്  ഗര്‍ഭച്ഛിദ്രം സുപ്രീം കോടതി ഉത്തരവ്  ഗർഭച്ഛിദ്ര നിയന്ത്രണങ്ങൾ  സുപ്രീം കോടതി  ഇന്ത്യയിൽ ഗർഭച്ഛിദ്രം നിയമവിധേയം  മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്‌ട്
ഗർഭച്ഛിദ്രത്തിന് സ്ത്രീകൾക്ക് തുല്യ അവകാശം നൽകുമ്പോൾ...

അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം എടുത്ത് കളഞ്ഞ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ച് ആഴ്‌ചകൾക്കകമാണ് ഇന്ത്യയിൽ സുപ്രീം കോടതി ഗര്‍ഭഛിദ്രം സംബന്ധിച്ച് നിർണായകമായ ഉത്തരവ് പുറപ്പെടുവിക്കുന്നത്. വികസിത രാജ്യമെന്ന് അറിയപ്പെടുമ്പോഴും റോ വേഴ്‌സസ് വേഡ് വിധി അസാധുവാക്കാനുള്ള അമേരിക്കൻ സുപ്രീം കോടതിയുടെ തീരുമാനം രാജ്യത്തെ 150 വർഷം പിന്നിലേക്ക് കൊണ്ടുപോകുന്നതാണെന്നായിരുന്നു പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രതികരണം.

സുപ്രീം കോടതി വിധി പുറപ്പെടുവിച്ച ഉടൻ തന്നെ അർക്കന്‍സാസ്, കെന്‍റകി, ലൂസിയാന, മിസോറി, ഒക്‌ലഹോമ, സൗത്ത് ഡക്കോട്ട എന്നിവിടങ്ങളിൽ ഗർഭഛിദ്ര നിയന്ത്രണങ്ങൾ നിലവിൽ വന്നു. റോ വേഴ്‌സസ് വേഡ് എന്ന കേസിലെ നിര്‍ണായക വിധി തിരുത്തിക്കൊണ്ടുള്ള യുഎസ് സുപ്രീം കോടതിയുടെ പുതിയ വിധി സ്ത്രീകളുടെ അവകാശങ്ങൾക്കേറ്റ തിരിച്ചടിയായാണ് അന്താരാഷ്‌ട്ര സമൂഹം വിലയിരുത്തുന്നത്.

അതേസമയം 73 ദശലക്ഷത്തോളം അവിവാഹിതരായ സ്ത്രീകൾ അധിവസിക്കുന്ന ഇന്ത്യയിൽ അവിവാഹിതരായവർ ഉൾപ്പെടെയുള്ള സ്ത്രീകൾക്ക് ഗർഭഛിദ്രത്തിന് തുല്യ അവകാശമുണ്ടെന്ന സുപ്രീം കോടതി വിധി ചരിത്രപരവും പുരോഗമനപരവുമാണ്. പുരുഷാധിപത്യം നിലനിൽക്കുന്ന സമൂഹത്തിൽ നിർണായകമായ വിധിയാണ് ഇന്ത്യയിലെ പരമോന്നത കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

സുപ്രധാന വിധി അവിവാഹിതയുടെ ഹർജിയിൽ: 22 ആഴ്‌ച ഗർഭിണിയായിരുന്ന അവിവാഹിത ജൂലൈയിൽ സമർപ്പിച്ച ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിലൂടെ ഉണ്ടായ ഗർഭം അലസിപ്പിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് കൊണ്ടാണ് 25കാരി സുപ്രീം കോടതിയെ സമീപിച്ചത്.

തന്‍റെ പങ്കാളി അവസാന നിമിഷം വിവാഹത്തിൽ നിന്നും പിന്മാറിയെന്നും അവിവാഹിതയായ തനിക്ക് ഒരു കുട്ടി ജനിക്കുന്നത് സമൂഹത്തിൽ നിന്നുള്ള അപമാനത്തിനും കുറ്റപ്പെടുത്തലുകൾക്കും വഴിയൊരുക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. ജോലി ഇല്ലാത്തതിനാലും കുടുംബത്തിന്‍റെ സാമ്പത്തികസ്ഥിതി മോശമായതിനാലും കുട്ടിയെ വളർത്താൻ തയ്യാറല്ലെന്നും അമ്മയാകാൻ താൻ മാനസികമായി ഒരുക്കമല്ലെന്നും യുവതി വ്യക്തമാക്കി. ഗർഭഛിദ്രത്തിനുള്ള അനുമതി ഡൽഹി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് യുവതി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

കർശന ഗർഭഛിദ്ര നിയമങ്ങൾ: 1971 മുതലാണ് ഇന്ത്യയിൽ ഗർഭഛിദ്രം നിയമവിധേയമാക്കിയത്. എന്നാൽ ആർക്കൊക്കെ, ഏത് ആഴ്‌ച വരെ ഗർഭഛിദ്രം നടത്താം എന്നത് സംബന്ധിച്ച് നിയമങ്ങളിൽ കാലാകാലങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. രാജ്യത്ത് പെൺ ഭ്രൂണഹത്യയിലുണ്ടായ വർധനവും ലിംഗാനുപാതത്തിലുണ്ടായ അന്തരവുമാണ് ഗർഭചിദ്ര നിയമങ്ങൾ കർശനമാക്കുന്നതിലേക്ക് നയിച്ചത്.

20 ആഴ്‌ചയ്ക്ക് ശേഷമാണ് ഗർഭം സ്ഥിരീകരിക്കുന്നതെങ്കിലും ബലാത്സംഗത്തെ തുടർന്ന് ഗർഭിണിയാകുന്ന കുട്ടികൾ ഉള്‍പ്പെടെയുള്ളവർക്കും ഗർഭഛിദ്രത്തിന് അനുമതി തേടി കോടതിയെ സമീപിക്കേണ്ട വിധത്തിൽ നിയമങ്ങൾ കർശനമായിരുന്നു. ഇത്തരം നിരവധി സംഭവങ്ങൾക്ക് പിന്നാലെ സ്ത്രീകൾക്ക് 24 ആഴ്‌ച വരെയുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി നൽകികൊണ്ട് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്‌ട് (എംടിപി) ഭേദഗതി ചെയ്‌തു.

ബലാത്സംഗത്ത തുടർന്ന് ഗർഭിണിയായവർ, പ്രായപൂർത്തിയാകാത്തവർ, മാനസിക പ്രശ്‌നങ്ങൾ നേരിടുന്നവർ, ഭ്രൂണത്തിന് സാരമായ പ്രശ്‌നങ്ങൾ ഉള്ളവർ, ഗർഭകാലത്ത് വിവാഹമോചിതരോ വിധവകളോ ആയ സ്ത്രീകൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ അവിവാഹിതരും ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധവും നിയമത്തിൽ ഉൾപ്പെട്ടിട്ടില്ല എന്ന വാദമുന്നയിച്ചാണ് യുവതിയുടെ ഗർഭഛിദ്രത്തിനുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളിയത്. തുടർന്ന് യുവതി സുപ്രീം കോടതിയെ സമീപിക്കുകയും അനുകൂലമായ വിധി നേടുകയുമായിരുന്നു

'ഗർഭഛിദ്രത്തിനുള്ള തീരുമാനം സ്ത്രീയുടേത്': യുവതി ഹർജിയിൽ ഉന്നയിച്ച 'നിയമം തന്‍റെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നു', 'അവിവാഹിതരായ സ്ത്രീകളെ ഒഴിവാക്കുന്നത് ഏകപക്ഷീയവും വിവേചനപരവുമാണ്' എന്നീ വാദങ്ങളെ കോടതി ഗൗരവമായി കണ്ടു. തുടർന്നുള്ള ഉത്തരവിൽ സ്ത്രീകളുടെ വൈവാഹികനില ഗർഭഛിദ്രത്തിന് അനുമതി നൽകുന്നതിനുള്ള മാനദണ്ഡമല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎസ് ബൊപ്പണ്ണ, ജെബി പർദിവാൾ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതായിരുന്നു സുപ്രധാന വിധി.

കുഞ്ഞിനെ പ്രസവിക്കണമോ ഗർഭഛിദ്രം നടത്തണമോ എന്ന തീരുമാനം സ്ത്രീകൾക്ക് തന്‍റെ ശരീരത്തിലുള്ള അവകാശത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. അനാവശ്യ ഗർഭധാരണം വിദ്യാഭ്യാസം, കരിയർ, മാനസിക ക്ഷേമം എന്നിവയെയും ജീവിതത്തെ മുഴുവനായും പ്രതികൂലമായി ബാധിക്കുകയാണെങ്കിൽ ഗർഭഛിദ്രം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്ക് ഉണ്ടെന്നും കോടതി വ്യക്തമാക്കുന്നു.

ഗർഭഛിദ്രത്തിനുള്ള അവകാശത്തിൽ നിന്നും അവിവാഹിതരായ സ്ത്രീകളെ ഒഴിവാക്കുന്നത് സുരക്ഷിതമല്ലാത്ത രീതിയിൽ ഗർഭഛിദ്രം നടത്തുന്നതിന് സ്ത്രീകളെ പ്രേരിപ്പിക്കും. ഇത് ഭയാനകമാം വിധം സ്ത്രീകളുടെ മരണത്തിലേക്ക് നയിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. യുഎൻ പോപ്പുലേഷൻ ഫണ്ടിന്‍റെ കണക്കനുസരിച്ച് സുരക്ഷിതമല്ലാത്ത ഗർഭഛിദ്രം മൂലം രാജ്യത്ത് ദിനംപ്രതി കുറഞ്ഞത് എട്ട് സ്ത്രീകളെങ്കിലുമാണ് മരണപ്പെടുന്നത്.

ചരിത്രപരമായ വിധി: സുപ്രീം കോടതി വിധി പല തലത്തിലും പ്രാധാന്യമർഹിക്കുന്നതാണെന്ന് ഇന്ത്യയിലെ സ്ത്രീകളുടെ അവകാശത്തിന് വേണ്ടി പ്രവർത്തിക്കുന്നവർ പറയുന്നു. വിവാഹിതർക്കും അവിവാഹിതർക്കും തുല്യ അവകാശവും തെരഞ്ഞെടുപ്പ് നടത്താനുള്ള സ്വാതന്ത്ര്യവും നൽകുന്നതിലൂടെ അവിവാഹിതരായ സ്ത്രീകൾക്കും ലൈംഗികബന്ധത്തിന് അവകാശമുണ്ടെന്ന് കോടതി അംഗീകരിക്കുകയായിരുന്നു.

സ്ത്രീകൾക്ക് ലൈംഗിക സ്വാതന്ത്ര്യം കുറവായ, വിവാഹത്തിന് മുൻപുള്ള ലൈംഗികബന്ധത്തെ കുറ്റകരമായി കാണുന്ന, വധുക്കള്‍ക്ക് കന്യകാത്വ പരിശോധനയ്ക്ക് വിധേയമാകേണ്ടി വരുന്ന മനുഷ്യത്വരഹിതമായ ആചാരങ്ങൾ വച്ചുപുലർത്തുന്ന ഒരു പുരുഷാധിപത്യ രാജ്യത്താണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം ചരിത്രപരമായ വിധി പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്.

സമ്മതമില്ലാത്ത ലൈംഗികവേഴ്‌ച ബലാത്സംഗം: സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗികവേഴ്‌ച ബലാത്സംഗമാണെന്നും സുപ്രീം കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. മെഡിക്കല്‍ പ്രഗ്നന്‍സി ടെര്‍മിനേഷന്‍ നിയമം ഭര്‍ത്താവിന്‍റെ പീഡനത്തിനും ബാധകമാണെന്നും കോടതി വ്യക്തമാക്കി. ഭര്‍ത്താവിന്‍റെ ലൈംഗിക ബന്ധത്തെ എതിര്‍ക്കാന്‍ പാടില്ലെന്നും ഇത്തരത്തില്‍ എതിര്‍ക്കുന്നത് കുടുംബ ബന്ധത്തെ തകര്‍ക്കുമെന്നും നിരവധി കീഴ്‌ക്കോടതികള്‍ നേരത്തെ വിധിച്ചിരുന്നു.

ഭർത്താവിന്‍റെ ലൈംഗികാതിക്രമമോ ബലാത്സംഗമോ കാരണം ഒരു സ്ത്രീ ഗർഭിണിയായാൽ അവർക്ക് മാനസികവും ശാരീരികവുമായ ആഘാതം വരുത്തുന്ന ഒരു പങ്കാളിയുമായി കുട്ടിയെ വളർത്താൻ സ്ത്രീയെ നിർബന്ധിക്കരുതെന്നും കോടതി പറഞ്ഞു. ഭര്‍ത്താവിന്‍റെ ലൈംഗിക പീഡനം ബലാത്സംഗക്കുറ്റമായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഭര്‍ത്താവിന്‍റെ ലൈംഗിക പീഡനം ബലാത്സംഗമായി കണക്കാക്കണമെന്ന വിധിയിലെ പരാര്‍ശം ഈ നിയമപോരാട്ടത്തില്‍ നിര്‍ണായക സ്വാധീനമായി മാറിയേക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.