സിലിഗുരി (പശ്ചിമബംഗാള്‍) : അശ്ലീല വെബ്‌സൈറ്റുകളില്‍ അഭിരമിച്ചിരുന്ന യുവാവ് പാകിസ്ഥാന്‍റെ ചാരനായി മാറിയ ഞെട്ടിക്കുന്ന സംഭവമാണ് പശ്ചിമ ബംഗാളില്‍ നിന്നും പുറത്തുവരുന്നത്. ബിഹാറിലെ ചമ്പാരന്‍ സ്വദേശിയായ ഗുഡ്ഡു കുമാറാണ് ചാരക്കേസില്‍ പിടിയിലായത്. മൂന്ന് വർഷം മുന്‍പ് ഇയാള്‍ നിരോധിത പോണ്‍ വെബ്‌സൈറ്റില്‍ സ്ഥിരമായി സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് പാക് ചാര ഏജന്‍സിയായ ഇന്‍റര്‍ സര്‍വീസസ് ഇന്‍റലിജന്‍സാണ് (ഐഎസ്‌ഐ) ഇയാളുടെ വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കുകയും ബ്ലാക്ക് മെയിലിലൂടെ ചാര പ്രവര്‍ത്തി ചെയ്യിപ്പിക്കുകയുമായിരുന്നു.
പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ വച്ച് പിടിയിലായ ഇയാള്‍, ഇന്ത്യന്‍ സേനയുടെ നിരവധി വിവരങ്ങളാണ് പാക് ഏജന്‍സിയ്‌ക്ക് കൈമാറിയതെന്ന് പ്രത്യേക അന്വേഷണ സംഘം പറയുന്നു. ഗുഡ്ഡു കുമാറിന്‍റെ ഫോൺ നമ്പറും ആധാർ കാർഡ്, വോട്ടർ കാർഡ് തുടങ്ങിയ നിരവധി വ്യക്തിഗത വിവരങ്ങളുമടക്കം ഐഎസ്‌ഐയ്‌ക്ക് ലഭിച്ചിരുന്നു. പുറമെ, ഇയാളുടെ ജീവിത സാഹചര്യവും ദൗർബല്യങ്ങളുമടക്കം മനസിലാക്കി ഐഎസ്‌ഐ പണം വാഗ്‌ദാനം ചെയ്‌ത് വരുതിയിലാക്കുകയും ചെയ്‌തു. ബ്ലാക്ക്‌മെയില്‍ കൂടെ ചെയ്‌തതോടെയാണ് ചാരവൃത്തി ചെയ്യാൻ ഇയാള്‍ സമ്മതിച്ചത്. തുടര്‍ന്ന്, രാജ്യത്തിന്‍റെ സൈനിക നീക്കത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളാണ് ഇയാള്‍ പാക് ചാര ഏജന്‍സിയ്‌ക്ക് നല്‍കിയത്.
കള്ളക്കേസില്‍ പെടുത്തിയെന്ന് ഗുഡ്ഡുവിന്‍റെ ഭാര്യ: സൈനിക വിവരങ്ങള്‍ ശേഖരിക്കാന്‍ ഇയാളെ ബിഹാറിൽ നിന്ന് ബംഗാളിലെ സിലിഗുരിയിലേക്ക് അയച്ചതോടെയാണ് പിടിയിലായത്. ഡിസംബര്‍ 21നാണ് സിലിഗുരിയിലെ ദേബാശിഷ് കോളനിയിൽ നിന്ന് ഗുഡ്ഡു കുമാറിനെ എസ്‌ടിഎഫ് (സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്) അറസ്റ്റുചെയ്‌തത്. ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷം ഐഎസ്ഐ ഏജന്‍റാണെന്ന സംശയം ബലപ്പെട്ടതോടെയാണ് ഇയാളെ പിടികൂടിയത്. തുടർന്ന് മിലിട്ടറി ഇന്‍റലിജൻസ് ബ്യൂറോ സമാന്തര അന്വേഷണം ആരംഭിച്ചു. എന്നാൽ, തന്‍റെ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കിയതാണെന്നാണ് ഇയാളുടെ ഭാര്യ ശോഭ സിങ് പറയുന്നത്. അധ്യാപകനായിരുന്ന ഇയാള്‍ 2010ലാണ് ശോഭ സിങ്ങിനെ വിവാഹം ചെയ്‌തത്. ഇവര്‍ക്ക് ഒരു മകനും മൂന്ന് പെൺമക്കളുമുണ്ട്.
ഐഎസ്‌ഐയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഇയാള്‍ പല തവണ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല. ബ്ലാക്ക് മെയിലിന് മുന്‍പില്‍ മറ്റ് വഴികളില്ലാത്തതിനെ തുടര്‍ന്ന് വഴങ്ങുകയായിരുന്നു. രണ്ട് വർഷം മുന്‍പ്, തന്‍റെ പ്രവർത്തനം ദേശവിരുദ്ധമാണെന്ന് മനസിലാക്കിയതോടെ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാല്‍, ഐഎസ്‌ഐ ബ്ലാക്ക്‌മെയില്‍ വര്‍ധിപ്പിക്കുകയും സിലിഗുരിക്ക് സമീപമുള്ള സുക്‌ന, ബംഗ്‌ദുബി, ഷാലുഗര, ബിന്നബാരി, കലിംപോങ് എന്നിവിടങ്ങളിലെ സൈനിക ക്യാമ്പുകളിൽ നിന്ന് വിവരങ്ങൾ അയയ്ക്കാൻ നിര്‍ദേശിക്കുകയുണ്ടായി. സംഭാഷണങ്ങൾ, സൈനിക ക്യാമ്പുകളിലെ ചിത്രങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ വാട്‌സ്ആപ്പ് വഴിയാണ് ഇയാള്‍ അയച്ചുനല്‍കിയത്. ഇത്തരത്തില്‍ അയച്ചുനല്‍കുന്ന ചിത്രത്തിനും വീഡിയോയ്‌ക്കും 10,000-12,000 രൂപ വരെയാണ് ഗുഡ്ഡുകുമാറിന് ലഭിച്ചിരുന്നത്.
വിശദമായ അന്വേഷണത്തിനൊരുങ്ങി ഉദ്യോഗസ്ഥര്‍: ഷാലുഗഡ് സൈനിക ക്യാമ്പിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇയാള്‍ ഇതിന് സമീപമുള്ള ബേക്കറി കടയില്‍ ജോലി ചെയ്‌തിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സൈനിക ക്യാമ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായിരുന്നു നിര്‍ദേശം. ഇന്‍റര്‍നെറ്റ് കോളുകൾ വഴിയാണ് പാക് ചാര ഏജന്‍സി ഇയാളെ ബന്ധപ്പെട്ടിരുന്നത്. ഗുഡ്ഡു ഇതുവരെ എന്തെല്ലാം വിവരങ്ങളാണ് ഐഎസ്‌ഐയ്‌ക്ക് കൈമാറിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
റോ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) ഏജന്‍സിയും ഇയാളെ ഇന്നലെയും (ഡിസംബര്‍ 23) ഇന്നും എസ്‌ടിഎഫ് ഓഫിസിലെത്തി ചോദ്യം ചെയ്‌തിരുന്നു. പ്രതിയെ ബിഹാറിലേക്ക് കൊണ്ടുപോയി കൂടുതൽ അന്വേഷണം നടത്താനാണ് രഹസ്യാന്വേഷണ വിഭാഗം ഇപ്പോൾ ആലോചിക്കുന്നത്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പ്രതിയെ ബിഹാറിലേക്ക് കൊണ്ടുപോവുമെന്നാണ് വിവരം.