ETV Bharat / bharat

'40 ശതമാനം കമ്മിഷനില്‍ ജനം മടുത്തു, 100 ശതമാനം പ്രതിബദ്ധത നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാര്‍'; ബിജെപിയെ വിമര്‍ശിച്ച് ശശി തരൂര്‍

author img

By

Published : Apr 9, 2023, 7:46 PM IST

ആസന്നമായ കര്‍ണാടക തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പ്രചാരത്തിനിടെ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂർ എംപി

Shashi Tharoor MP criticized BJP Government  Shashi Tharoor MP  Shashi Tharoor  Karnataka were tired of 40 per cent commission  100 per cent commitment  40 ശതമാനം കമ്മീഷനില്‍ ജനം മടുത്തു  100 ശതമാനം പ്രതിബദ്ധത  കോണ്‍ഗ്രസ്  ബിജെപിയെ വിമര്‍ശിച്ച് ശശി തരൂര്‍  ശശി തരൂര്‍  ബിജെപി  കര്‍ണാടക തെരഞ്ഞെടുപ്പ്  കര്‍ണാടക  കർണാടക അസംബ്ലി തെരഞ്ഞെടുപ്പ്  തരൂർ  ബെംഗളൂരു
ബിജെപിയെ വിമര്‍ശിച്ച് ശശി തരൂര്‍

ബെംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിയിരിക്കെ ഭരണപക്ഷമായ ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂർ എംപി. ബെംഗളൂരുവിന്‍റെ നഗരതലത്തിലുള്ളതും കര്‍ണാടകയുടെ സംസ്ഥാനതലത്തിലുള്ളതുമായ ഭരണത്തിലെ ഗുരുതരമായ പോരായ്‌മകൾ പരിഹരിക്കാൻ കോൺഗ്രസ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ബിജെപിയെ കടന്നാക്രമിച്ച്: 40 ശതമാനം കമ്മിഷനിൽ സംസ്ഥാനത്തെ ജനങ്ങൾ മടുത്തുവെന്നാണ് താൻ കരുതുന്നത്. അവർക്ക് വേണ്ടത് 100 ശതമാനം പ്രതിബദ്ധതയാണ്. കർണാടകയിലെ ജനങ്ങളുടെ ക്ഷേമത്തിനായി ആ 100 ശതമാനം പ്രതിബദ്ധത തങ്ങള്‍ നല്‍കുമെന്നും ശശി തരൂര്‍ പറഞ്ഞു. കരാറുകാരില്‍ നിന്നും അൺ എയ്‌ഡഡ് പ്രൈവറ്റ് സ്‌കൂളുകളിൽ നിന്നും ചില മതസ്ഥാപനങ്ങളിൽ നിന്നുപോലും ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ 40 ശതമാനം കമ്മിഷന്‍ വാങ്ങുന്നുവെന്ന കോണ്‍ഗ്രസ് ആരോപണം ഉയര്‍ത്തിക്കാണിച്ചായിരുന്നു തരൂരിന്‍റെ വിമര്‍ശനം. സംസ്ഥാനത്ത് മോശം ഭരണമാണ് നടക്കുന്നതെന്നും ബെംഗളൂരുവിലെ അടിസ്ഥാന സൗകര്യങ്ങൾ നാണക്കേടായി മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നയം വ്യക്തമാക്കി: ഞങ്ങളുടെ സന്ദേശം വളരെ ലളിതമാണ്. നിർഭാഗ്യവശാൽ, നാല് വർഷത്തിലേറെയായി മോശം ഭരണമാണ് നാം കാണുന്നത്. മോശം ഭരണമായത് കൊണ്ടുതന്നെ യാതൊന്നും കാണാനുമാവില്ല. ഈ സമയത്ത് ഒരു സർക്കാരിന്‍റെ ആവശ്യമെന്താണെന്ന് ജനങ്ങള്‍ ചിന്തിക്കുമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ നിറവേറ്റപ്പെടാത്ത അത്യാവശ്യങ്ങൾ സാധ്യമാക്കുന്നതിനായി കോൺഗ്രസ് പാർട്ടി ഇതിനോടകം തന്നെ നിരവധി നയങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൊഴിൽരഹിതരായ ബിരുദധാരികള്‍ക്കും ഡിപ്ലോമക്കാര്‍ക്കും സംസ്ഥാനം അല്‍പം പിന്തുണ നല്‍കുന്നതുവഴി ജോലി അന്വേഷിച്ചുനടക്കാതെ അവര്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കഴിയുന്ന തരത്തിലുള്ള നിരവധി നയങ്ങൾ കോൺഗ്രസ് ഉദ്യേശിക്കുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു. വീട്ടമ്മമാരെ ആദരിക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ടെന്നും ഇതിലൂടെ ശമ്പളമില്ലാതെയുള്ള അവരുടെ അധ്വാനത്തിന് ആശ്വാസം ലഭിക്കുമെന്നും ശശി തരൂര്‍ അറിയിച്ചു. ബെംഗളൂരുവിലെ അടിസ്ഥാന സൗകര്യങ്ങൾ നിലവില്‍ നാണക്കേടായി മാറുകയാണെന്നും കർണാടകയുടെയും ഇന്ത്യയുടെയും അഭിമാനമായ ബെംഗളൂരുവിനെ മെച്ചപ്പെടുത്തുമെന്ന് കോൺഗ്രസ് പ്രതിജ്ഞയെടുക്കുന്നുവെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

പാര്‍ട്ടി വിട്ടവര്‍ക്കും മറുപടി: അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ ശശി തരൂര്‍ മറന്നില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിയമസഭയിലെയും നിയമ കൗണ്‍സിലിലെയും നിരവധി എംഎൽഎമാര്‍ മറ്റ് പാർട്ടികളിൽ നിന്ന് കോൺഗ്രസിലേക്ക് എത്തിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. കർണാടകയിലെ സ്ഥിതിഗതികൾ തന്നെ പരിശോധിച്ചാൽ, ഏഴ് എംഎൽഎമാർ, 15 മുന്‍ എംഎല്‍എമാര്‍, ഒരു മുന്‍ എംപി എന്നിവര്‍ കോണ്‍ഗ്രസിലേക്കെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് പാർട്ടികളിൽ നിന്നുള്ളവർ പോലും കർണാടകയിൽ കോൺഗ്രസിനെ വിജയിയായി കാണുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും തരൂർ പറഞ്ഞു. ബിജെപിയിൽ ചേർന്ന കോൺഗ്രസ് അംഗങ്ങളെ ഓര്‍ത്ത് നിരാശയുണ്ടെന്നും പകരം അവര്‍ക്ക് കോൺഗ്രസിന്‍റെ മൂല്യങ്ങളും തത്വങ്ങളും പങ്കിടുന്ന പാർട്ടിയിൽ ചേരാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.