ETV Bharat / bharat

Supreme Court| വിദ്വേഷ പ്രസംഗങ്ങൾ അംഗീകരിക്കാനാകില്ല; കേസുകൾ അന്വേഷിക്കാൻ സമിതി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി

author img

By

Published : Aug 11, 2023, 10:45 PM IST

സമുദായങ്ങൾക്കിടയിൽ യോജിപ്പും സൗഹാർദവും ഉണ്ടാകണമെന്നും, അതിൽ എല്ലാ സമുദായങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്നും സുപ്രീം കോടതി.

All communities are responsible hate speech not acceptable SC seeks for committee to examine cases  Hate speech not acceptable  SC seeks for committee to examine cases  SC for committee to examine cases on hate speech  committee to examine hate speech cases  വിദ്വേഷ പ്രസംഗം പരിശോധിക്കാൻ സമിതി  ഷഹീൻ അബ്‌ദുള്ള  സുപ്രീം കോടതി  നൂഹ് കലാപം  വിദ്വേഷ പ്രസംഗങ്ങൾ അംഗീകരിക്കാനാകില്ല
സുപ്രീം കോടതി

ന്യൂഡൽഹി : വിദ്വേഷ പ്രസംഗങ്ങൾ അന്വേഷിക്കാൻ സമിതി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. ഹരിയാനയിലെ നൂഹിൽ നടന്ന സംഘർഷത്തിൽ മുസ്‌ലിം സമുദായത്തിന് നേരെയുണ്ടായ വിദ്വേഷ പ്രസംഗങ്ങളും, അവരുടെ സാമൂഹികവും സാമ്പത്തികവുമായ ബഹിഷ്‌കരണവും സംബന്ധിച്ച് ഉയർന്ന ആഹ്വാനത്തിനെതിരെ മാധ്യമ പ്രവർത്തകനായ ഷഹീൻ അബ്‌ദുള്ള നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും എസ്‌വിഎൻ ഭട്ടിയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സമുദായങ്ങൾക്കിടയിൽ സൗഹാർദവും സ്‌നേഹവും ഉണ്ടാകണമെന്നും, അത് പാലിക്കേണ്ടത് എല്ലാ സമുദായങ്ങളുടേയും ഉത്തരവാദിത്തമാണെന്നും പറഞ്ഞ കോടതി വിദ്വേഷ പ്രസംഗങ്ങൾ നല്ലതല്ലെന്നും അത് ആർക്കും അംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്‌തമാക്കി. കേന്ദ്രത്തെ പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ കെഎം നടരാജിനോട് നിർദേശങ്ങൾ തേടാനും ഓഗസ്റ്റ് 18-നകം സമിതിയെ കുറിച്ച് അറിയിക്കാനും ബഞ്ച് നിർദേശിച്ചു.

സമുദായങ്ങൾക്കിടയിൽ യോജിപ്പും സൗഹാർദവും ഉണ്ടാകണമെന്നും, അതിൽ എല്ലാ സമുദായങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്നും നിരീക്ഷിച്ച ബഞ്ച് വിദ്വേഷ പ്രസംഗം സ്വീകാര്യമല്ലെന്നും ഊന്നിപ്പറഞ്ഞു. കൂടാതെ വിവിധ പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന വിദ്വേഷ പ്രസംഗ പരാതികൾ പരിശോധിക്കുന്ന സമിതി രൂപീകരിക്കാൻ ഡിജിപിയോട് ആവശ്യപ്പെടാമെന്നും ബഞ്ച് വ്യക്‌തമാക്കി.

ഇതിലൂടെ എസ്എച്ച്ഒമാരിൽ നിന്ന് പരാതികൾ സ്വീകരിക്കുകയും, പരാതിയുടെ ഉള്ളടക്കം, ആധികാരികത എന്നിവ പരിശോധിക്കുകയും, തുടർന്ന് നടപടി എടുക്കുന്നതിനായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് ഉചിതമായ നിർദേശം നൽകുകയും ചെയ്യുമെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.

അതേസമയം നിയമത്തെക്കുറിച്ച് വിവിധ തലങ്ങളിലുള്ള ധാരണയാണ് പ്രശ്‌നമെന്നും ബോധവത്‌കരണം ആവശ്യമാണെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു. ഈ പ്രശ്‌നം പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും വിദ്വേഷ പ്രസംഗം ആർക്കും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. അതേസമയം ചിലയിടങ്ങളിൽ നിയമം പ്രവർത്തിക്കുന്നില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ നടരാജ് പറഞ്ഞു.

എന്നാൽ ഹരിയാനയിലെ നൂഹിൽ നടന്ന വർഗീയ സംഘർഷങ്ങളെത്തുടർന്ന് നടത്തിയ പ്രസംഗങ്ങളിൽ അക്രമത്തിന് പ്രേരണ നൽകുന്നതായി ഹർജിക്കാരനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. വിദ്വേഷ പ്രസംഗത്തെ സർക്കാർ പിന്തുണക്കുന്നില്ലെന്നായിരുന്നു അഡീഷണൽ സോളിസിറ്റർ ജനറൽ നടരാജിന്‍റെ മറുപടി.

സംഘർഷങ്ങളെല്ലാം പൊലീസിന്‍റെ സാന്നിധ്യത്തില്‍ നടത്തിയതെന്നായിരുന്നു കബില്‍ സിബലിന്‍റെ വാദം. ഡിജിപിക്ക് വിദ്വേഷ പ്രസംഗം സംബന്ധിച്ച വീഡിയോകൾ നൽകാമെന്നും അദ്ദേഹം അറിയിച്ചു. പിന്നാലെ വിവരങ്ങൾ ക്രോഡീകരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അയയ്ക്കാൻ ബെഞ്ച് സിബലിനോട് ആവശ്യപ്പെട്ടു.

എഫ്‌ഐആറുകൾ ഇടുന്നതിലല്ല, വിഷയത്തിൽ പുരോഗതിയും അറസ്റ്റും ഉണ്ടായോ എന്നതിലാണ് കാര്യമെന്ന് കബിൽ സിബൽ പറഞ്ഞു. പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നും, എന്നാൽ അതിന് ശേഷം കേസിൽ കാര്യമായ പുരോഗതി ഒന്നും ഉണ്ടാകുന്നില്ലെന്നും സിബൽ പറഞ്ഞു.

ഇതിന് പിന്നാലെയാണ് ഇത് പരിശോധിക്കാൻ ഒരു സംവിധാനം ഉണ്ടാകണമെന്ന് ജസ്റ്റിസ് ഖന്ന വ്യക്‌തമാക്കിയത്. രൂപീകരിക്കുന്ന കമ്മിറ്റി ഇടയ്ക്കിടെ യോഗം ചേരണമെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തതിന് ശേഷമുള്ള അന്വേഷണ പുരോഗതി പരിശോധിക്കണമെന്നും എന്തെങ്കിലും വീഴ്‌ചയുണ്ടെങ്കിൽ അതിന് പരിഹാരം കാണണമെന്നും ജസ്റ്റിസ് ഖന്ന കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.