ETV Bharat / bharat

റിപ്പോ നിരക്ക് വർധനവില്ല ; നിരക്ക് 6.5 ശതമാനമായി തുടരും

author img

By

Published : Apr 6, 2023, 1:23 PM IST

ആഗോള ബാങ്കിങ് പ്രതിസന്ധിയും കൊവിഡ് ഭീഷണിയും കണക്കിലെടുത്താണ് താത്‌കാലികമായി നിരക്ക് വർധനവ് നിർത്തിവയ്‌ക്കാൻ ധനനയ യോഗത്തിൽ തീരുമാനിച്ചത്

റിപ്പോ നിരക്ക്  repo rate unchanged  repo rate  business news  The Reserve Bank of India  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ  RBI  ഗവർണർ ശക്തികാന്ത ദാസ്  ആർബിഐ  Governor Shaktikanta Das  റിപ്പോ ആറര ശതമാനമായി തുടരും
നിരക്ക് 6.5 ശതമാനമായി തുടരും

ന്യൂഡൽഹി: പലിശ നിരക്ക് കണക്കാക്കുന്നതിന്‍റെ പ്രധാന മാനദണ്ഡമായ റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. ആഗോള ബാങ്കിങ് പ്രതിസന്ധിയും കൊവിഡ് വ്യാപന ഭീഷണിയും കണക്കിലെടുത്താണ് ഇത്തവണ നിരക്ക് വർധനവ് ഇല്ലാത്തതെന്ന് രണ്ട് ദിവസത്തെ ധനനയ യോഗത്തിന് ശേഷം ഗവർണർ ശക്തികാന്ത ദാസ് വ്യക്‌തമാക്കി. പണപ്പെരുപ്പം പ്രതീക്ഷിച്ചതുപോലെ കുറഞ്ഞിട്ടില്ലെങ്കിലും സാഹചര്യത്തിനനുസരിച്ച് നിരക്ക് വർധനവ് പരിഗണിക്കാമെന്നും ഗവർണർ സൂചന നൽകി.

തുടർച്ചയായി ആറു തവണ നിരക്ക് വർധനവിന് ശേഷമാണ് ഇത്തവണ താത്‌കാലികമായി വർധനവ് ഇല്ലാതിരിക്കുന്നത്. അതനുസരിച്ച് സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (അധിക പണലഭ്യത നിർത്താനും പലിശ നേടാനും ബാങ്കുകളെ അനുവദിക്കുന്ന ഒറ്റരാത്രികൊണ്ട് നിക്ഷേപിക്കാനുള്ള സൗകര്യം) 6.25 ശതമാനവും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (പണലഭ്യത പൂർണമായി കുറയുന്ന അടിയന്തര സാഹചര്യത്തിൽ ബാങ്കുകൾക്ക് റിസർവ് ബാങ്കിൽ നിന്ന് വായ്‌പയെടുക്കാനുള്ള സൗകര്യം) ബാങ്ക് നിരക്കുകൾ എന്നിവ മാറ്റമില്ലാതെ 6.75 ശതമാനമായും തുടരുമെന്ന് ആർബിഐ അറിയിച്ചു.

പണപ്പെരുപ്പം തടയുന്നതിനായി കഴിഞ്ഞ വർഷം മേയിലാണ് നിരക്ക് വർധനവ് ആരംഭിച്ചത്. ഫെബ്രുവരിയിലാണ് പണപ്പെരുപ്പം നിയന്ത്രിക്കാൻ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്‍റുകൾ (അടിസ്ഥാന പോയിന്‍റ്) ഉയർത്തി 6.5 ശതമാനമാക്കാൻ തീരുമാനിച്ചത്. ഇതുവരെ മൊത്തം 250 ബേസിസ് പോയിന്‍റാണ് ആർബിഐ വർധിപ്പിച്ചിട്ടുള്ളത്.

പലിശനിരക്ക് ഉയർത്തുന്നതിനാൽ സമ്പദ്‌വ്യവസ്ഥയിലെ പണത്തിന്‍റെ ആവശ്യകത കുറയ്‌ക്കുകയും തന്മൂലം പണപ്പെരുപ്പം കുറയ്‌ക്കുകയും ചെയ്യും. പലിശനിരക്ക് കൂട്ടുക എന്നത് മോണിറ്ററി പോളിസി ടൂളായിട്ടാണ് സമ്പദ്‌വ്യവസ്ഥയിൽ നടപ്പിലാക്കുന്നത്. ജനുവരി മുതൽ തുടർച്ചയായി രണ്ട് മാസം പണപ്പെരുപ്പം ആർബിഐയുടെ ക്ഷമത പരിധിയായ ആറ് ശതമാനത്തിന് മുകളിലാണ്. ഫെബ്രുവരിയിൽ ഇന്ത്യയുടെ ഉപഭോക്തൃ വില സൂചിക കണക്കാക്കിയുള്ള പണപ്പെരുപ്പം 6.44 ശതമാനമായിരുന്നപ്പോൾ ജനുവരിയിൽ ഇത് 6.52 ശതമാനമായിരുന്നു.

തുടർച്ചയായി നാലാം മാസവും ആറ് ശതമാനത്തിന് മുകളിലായി റിപ്പോ നിരക്ക് തുടരുന്നത്. ഒരു സാമ്പത്തിക വർഷത്തിൽ ആറു തവണയാണ് ആർബിഐ അവലോകന യോഗങ്ങൾ നടത്തുന്നത്. അതിന് പുറമെ അടിയന്തര സാഹചര്യങ്ങളിൽ യോഗങ്ങൾ നടത്തും. 2024 ധനനയത്തിന്‍റെ ആദ്യ പ്രഖ്യാപനം ഇന്നായിരുന്നു.

റിപ്പോ നിരക്ക് വർധിപ്പിച്ച് സമ്പദ്‌വ്യവസ്ഥയിലെ പണപ്പെരുപ്പം നിയന്ത്രിക്കാനാണ് ആർബിഐ ശ്രമിക്കുന്നത്. ഇങ്ങനെ നിരക്ക് വർധിപ്പിക്കുന്നതിലൂടെ ബിസിനസുകൾക്കും വ്യവസായങ്ങൾക്കും കടം വാങ്ങുക എന്നത് ചെലവേറിയ കാര്യമാക്കും. ഇത് സമ്പദ്‌വ്യവസ്ഥയിലെ നിക്ഷേപത്തെയും പണ വിതരണത്തെയും മന്ദഗതിയിലാക്കുന്നതോടെ പണപ്പെരുപ്പത്തെ തടയാൻ സഹായിക്കുന്നു. ആഗോള സാമ്പത്തിക വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ വായ്‌പ നിരക്ക് വർധനവ് നിർത്തലാക്കണമെന്ന് അപെക്‌സ് ഇൻഡസ്ട്രി ചേംബർ, മോണിറ്ററി പോളിസി കമ്മിറ്റിയോട് അഭ്യർഥിച്ചിട്ടുണ്ട്.

'ആർ‌ബി‌ഐ മോണിറ്ററി പോളിസി കമ്മിറ്റിയുടെ റിപ്പോ നിരക്കിൽ 25 ബേസിസ് പോയിന്‍റുകൾ വർധിപ്പിക്കണമെന്ന നിർദേശമുണ്ട്. എന്നാൽ സമ്പദ്‌വ്യവസ്ഥ ഒരു സാച്ചുറേഷൻ പോയിന്‍റിൽ എത്തിയതായി ഞങ്ങൾക്ക് തോന്നുന്നു. അതിനപ്പുറം നിരക്ക് വർധനവ് ഉൾക്കൊള്ളാൻ പ്രയാസമാണ്. റിയൽ എസ്റ്റേറ്റുകൾ, ഫ്ലാറ്റുകൾ, കാറുകൾ, വാണിജ്യ വാഹനങ്ങൾ എന്നീ മേഖലകളിൽ നിരക്ക് വർധനവ് പ്രതികൂലമായി ബാധിച്ചേക്കും' - അസോചം പ്രസിഡന്‍റ് അജയ് സിങ് പറഞ്ഞു.

നടപ്പ് സാമ്പത്തിക വർഷത്തിൽ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5.2 ശതമാനമായി കുറയുമെന്ന് റിസർവ് ബാങ്ക്. ഫെബ്രുവരിയിലെ പണപ്പെരുപ്പം 5.3 ശതമാനമായി കണക്കാക്കിയെങ്കിലും, ഒപെക് ഉത്‌പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തെത്തുടർന്ന് ക്രൂഡ് ഓയിൽ വിലയിലുണ്ടായ വൻകുതിപ്പ് പണപ്പെരുപ്പം നിലവിലെ സാഹചര്യം തുടരാനാണ് സാധ്യത.

ജൂൺ പാദത്തിൽ റീട്ടെയിൽ പണപ്പെരുപ്പം ശരാശരി 5.1 ശതമാനവും സെപ്‌റ്റംബർ, ഡിസംബർ പാദത്തിൽ 5.4 ശതമാനമായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. 2024 മാർച്ച് പാദത്തിൽ ഇത് 5.2 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാണയപ്പെരുപ്പം നാല് ശതമാനത്തിൽ എത്തിക്കുക എന്നതാണ് ആർബിഐയുടെ ലക്ഷ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.