ETV Bharat / bharat

ഏകീകൃത സിവിൽ കോഡ് ഉടൻ; ആദ്യം ഉത്തരാഖണ്ഡില്‍... സൂചന നല്‍കി രാജ്‌നാഥ് സിങ്

author img

By ETV Bharat Kerala Team

Published : Jan 15, 2024, 6:59 AM IST

Rajnath Singh on UCC : ഉത്തരാഖണ്ഡ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്. ഉത്തരാഖണ്ഡിൽ ബിജെപി നൽകിയ പ്രധാന തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിലൊന്നാണ് ഏകീകൃത സിവിൽ കോഡ്

Rajnath Singh about UCC  Uniform Civil Code  ഏകീകൃത സിവിൽകോഡ്  രാജ്‌നാഥ് സിങ് സിവിൽ കോഡ്
Rajnath Singh Says Uttarakhand Likely to Be First State to Implement UCC

ലഖ്‌നൗ: ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കുമെന്ന സൂചന നൽകി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സിവിൽ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിൽ ഏതെങ്കിലും സംസ്ഥാനം ഒന്നാമതെത്തിയാൽ അത് ഉത്തരാഖണ്ഡായിരിക്കുമെന്നാണ് സിങ് പറഞ്ഞത്.

ഉത്തരാഖണ്ഡിൽ നിന്നുള്ളവർ സംഘടിപ്പിച്ച ഉത്തരായണി കൗതിക് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് കേന്ദ്രമന്ത്രിയുടെ പരാമർശം (Rajnath Singh Says Uttarakhand Likely to Be First State to Implement UCC). 2022-ൽ നടന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി നൽകിയ പ്രധാന വാഗ്‌ദാനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡിന്‍റെ ഏകീകൃത സിവിൽ കോഡ്. അതിനാൽ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭയിൽ തന്നെ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഇതിനുള്ള നീക്കം തുടങ്ങി.

സിവിൽ കോഡ് നടപ്പിലാക്കുന്നതിന് മുന്നോടിയായി വിരമിച്ച സുപ്രീം കോടതി ജഡ്‌ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കാനാണ് ആദ്യ മന്ത്രിസഭയിലെടുത്ത സുപ്രധാന തീരുമാനം (Pushkar Singh Dhami UCC). ദേശായിയുടെ നേതൃത്വത്തിൽ അഞ്ചംഗ വിദഗ്‌ധ സമിതി രൂപീകരിച്ചു. തുടർന്ന് സമിതി നിർദിഷ്‌ട യുസിസിയുടെ കരട് തയ്യാറാക്കുകയും അത് സർക്കാരിന് കൈമാറുകയും ചെയ്‌തിരുന്നു. കരട് തയ്യാറാക്കവെ ഉത്തരാഖണ്ഡിലെ രാഷ്‌ട്രീയക്കാർ, മന്ത്രിമാർ, നിയമസഭാംഗങ്ങൾ, സാധാരണക്കാർ എന്നിവരുടെ അഭിപ്രായങ്ങൾ സമിതി പരിഗണിച്ചു.

വിദഗ്‌ധ സമിതിയില്‍ ആരെല്ലാം: രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ സമിതിയിൽ ഡൽഹി ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്‌റ്റിസ് പ്രമോദ് കോഹ്‌ലി, സാമൂഹിക പ്രവർത്തകൻ മനു ഗൗർ, മുൻ ചീഫ് സെക്രട്ടറി ശത്രുഘ്‌നൻ സിങ്, ഡൂൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ സുരേഖ ദംഗ്‌വാൾ എന്നിവരാണുള്ളത്. ഈ കമ്മിറ്റി ബന്ധപ്പെട്ട വിഭാഗങ്ങളില്‍ നിന്നും നിർദേശങ്ങൾ തേടുകയും അതിന്‍റെ കാലാവധി മൂന്ന് തവണ നീട്ടുകയും ചെയ്‌തിരുന്നു.

സമിതിയുടെ റിപ്പോര്‍ട്ടില്‍ എന്തെല്ലാം : വിവാഹമോചനത്തിന് കോടതിയിലൂടെ മാത്രമേ സാധുതയുള്ളൂവെന്നും ലിംഗസമത്വത്തിലൂന്നി പെണ്‍മക്കള്‍ക്ക് പൂര്‍വിക സ്വത്തുക്കളില്‍ തുല്യാവകാശം ഉണ്ടായിരിക്കുമെന്നും അടക്കമുള്ള വ്യവസ്ഥകള്‍ റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം. എന്നാല്‍ ഇതില്‍ സ്‌ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്താന്‍ ശുപാര്‍ശയില്ലെന്നും മറിച്ച് 18 ആയി നിലനിര്‍ത്താനാണ് നിര്‍ദേശമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നു. ഒപ്പം ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ രജിസ്‌റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശമുണ്ടെന്നും സൂചനയുണ്ട്.

Also Read: ഏകീകൃത സിവിൽ കോഡ് എതിർക്കുമെന്ന് മുസ്‌ലിം വ്യക്തി നിയമ ബോർഡ്, കരട് തയ്യാറാക്കി നിയമ കമ്മിഷന് നൽകും

എന്താണ് ഏകീകൃത സിവിൽ കോഡ് : പാരമ്പര്യം, ദത്തെടുക്കൽ, പിന്തുടർച്ചാവകാശം എന്നിവയുമായി ബന്ധപ്പെട്ട മതാധിഷ്‌ഠിത വ്യക്തിനിയമങ്ങളെ അസാധുവാക്കിക്കൊണ്ട് രാജ്യത്തെ എല്ലാ വ്യക്തികൾക്കും ബാധകമായ സമഗ്രമായ നിയമത്തെയാണ് ഏകീകൃത സിവിൽ കോഡ് എന്നതുകൊണ്ട് അർഥമാക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ 44-ാം അനുച്ഛേദം രാജ്യത്തുടനീളം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനായി സംസ്ഥാനം പ്രവർത്തിക്കണമെന്ന് നിർദേശിക്കുന്നുണ്ട്. എങ്കിലും വളരെക്കാലമായി ഈ വിഷയം ചർച്ചയിൽ മാത്രം ഒതുങ്ങുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.