ETV Bharat / bharat

മോദി വിഗ്രഹം തൊടുന്ന പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കില്ല: സ്വാമി നിശ്ചലാനന്ദ സരസ്വതി

author img

By ETV Bharat Kerala Team

Published : Jan 5, 2024, 3:32 PM IST

Puri Shankaracharya will not attend Ayodhya consecration ceremony: ജനുവരി 22ന് നടക്കാനിരിയ്‌ക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് സ്വാമി നിശ്ചലാനന്ദ സരസ്വതി. വേദഗ്രന്ഥങ്ങളനുസരിച്ച് രാമവിഗ്രഹത്തിൽ തൊടേണ്ടത് ദർശകനാണെന്നും നരേന്ദ്ര മോദി രാമവിഗ്രഹത്തിൽ തൊടുന്ന ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Puri Shankaracharya  Ayodhya temple  നിശ്ചലാനന്ദ സരസ്വതി  നരേന്ദ്ര മോദി
Puri Shankaracharya will not attend Ayodhya consecration ceremony in opposition to Narendra Modi

രത്‌ലാം (മധ്യപ്രദേശ്) : അയോധ്യ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് സ്വാമി നിശ്ചലാനന്ദ സരസ്വതി അറിയിച്ചു (Puri Shankaracharya will not attend Ayodhya consecration ceremony). പ്രധാന മന്ത്രി നരേന്ദ്ര മോദി രാമവിഗ്രഹത്തിൽ തൊടരുതെന്നും വേദഗ്രന്ഥങ്ങളനുസരിച്ച് അത് ദർശകനാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ രത്‌ലാമിൽ നടന്ന ഹിന്ദു രാഷ്‌ട്ര ധർമ സഭയിൽ ഇന്നലെ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.

ക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠ ചടങ്ങിൽ (Ayodhya consecration ceremony) ക്ഷണിതാക്കൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെയും അദ്ദേഹം രൂക്ഷവിമർശനം ഉയർത്തി. ചടങ്ങിൽ മോദി രാമ വിഗ്രഹത്തിൽ തൊടുമ്പോൾ ദർശകനായ താൻ അത് നോക്കി കയ്യടിച്ചു കൊണ്ട് മാത്രം ചടങ്ങിന്‍റെ ഭാഗമാവാൻ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനാൽ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്നാണ് അദ്ദേഹം അറിയിച്ചത്.

രാജ്യത്തെ ഇപ്പോഴത്തെ രാഷ്ട്രീയത്തിൽ ഒന്നും ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠ ചടങ്ങിലൂടെ ജനപ്രീതി നേടിയെടുക്കുക എന്നത് മാത്രമാണ് മോദിയുടെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അയോധ്യയിലെ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്‌ഠ ചടങ്ങ് വേദപ്രകാരമായിരിക്കണം. വേദഗ്രന്ഥങ്ങൾ അനുസരിച്ചല്ലാതെ രാജ്യത്തിന്‍റെ പ്രധാനമന്ത്രി വിഗ്രഹത്തെ തൊടുന്ന ചടങ്ങിൽ താൻ എന്തിന് പോകണമെന്നായിരുന്നു സ്വാമി നിശ്ചലാനന്ദ സരസ്വതി (Swami Nishchalananda Saraswati against Narendra Modi) പറഞ്ഞത്.

ഗോസംരക്ഷണം ഉറപ്പാക്കുന്നതിലും ഹിന്ദുക്കളുടെ മതപരിവർത്തനം തടയുന്നതിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയത്തെ സ്വാമി നിശ്ചലാനന്ദ സരസ്വതി മുമ്പ് വിമർശിച്ചിരുന്നു. മുഹമ്മദ് നബി ഉൾപ്പെടെ എല്ലാ മുസ്ലീങ്ങളും ഹിന്ദു അടിത്തറയിൽ നിന്നുള്ളവരാണെന്ന് പറഞ്ഞ് ശങ്കരാചാര്യ നേരത്തെയും വാർത്തകളിൽ നിറഞ്ഞിരുന്നു.

Also read: രാമ ക്ഷേത്ര ഉദ്ഘാടനം; ക്ഷണം നിരസിച്ച് സിപിഎം പോളിറ്റ് ബ്യുറോ

പ്രതിഷ്‌ഠ ചടങ്ങ് ജനുവരി 22ന് : അയോധ്യ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠ ചടങ്ങ് ഈ മാസം 22ന് നടക്കും. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകൾക്ക് മുന്നോടിയായുള്ള പൂജ ചടങ്ങുകൾ ജനുവരി 16 ന് ആരംഭിക്കും. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ചടങ്ങിൽ സമൂഹത്തിന്‍റെ വിവിധ മേഖലകളിലുള്ള പ്രമുഖർ പങ്കെടുക്കും.

പരിപാടി ബിജെപി രാഷ്‌ടീയവത്‌കരിച്ചെന്ന ആരോപണത്തിൽ പലരും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചിരുന്നു. പല രാഷ്‌ട്രീയ നേതാക്കളും ചടങ്ങിലെ പങ്കാളിത്തത്തെ പറ്റി നിലപാട് വ്യക്തമാക്കിയിട്ടില്ല. പരിപാടിയുടെ ഒരുക്കങ്ങൾ നടന്നുവരികയാണ്.

അഭിഷേക ചടങ്ങുകളുടെ പ്രധാന പൂജകള്‍ നിർവഹിക്കുന്നത് വാരണാസിയിൽ നിന്നുള്ള പുരോഹിതൻ ലക്ഷ്‌മി കാന്ത് ദീക്ഷിത് ആണ്. 1008 ഹുണ്ടി മഹായാഗവും സംഘടിപ്പിക്കും. യാഗത്തിൽ ആയിരക്കണക്കിന് ഭക്തർക്ക് അന്നദാനം നൽകും.

പ്രതിഷ്‌ഠ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 14 മുതൽ 22 വരെ അയോധ്യയിൽ പരിപാടികൾ ഉണ്ടായിരിക്കും. അയോധ്യയിൽ എത്തുന്ന ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് വിശ്രമ കേന്ദ്രങ്ങളൊരുക്കും. 10,000 മുതൽ 15,000 പേരെ വരെ ഉൾക്കൊള്ളാവുന്ന രീതിയിൽ സൗകര്യമൊരുക്കുമെന്ന് ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് നേരത്തെ അറിയിച്ചിരുന്നു.

ചടങ്ങിന് എത്തുന്ന സന്ദർശകർക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിനായി പ്രാദേശിക അധികാരികൾ തയ്യാറെടുപ്പുകൾ നടത്തുകയാണ്. സുരക്ഷ നടപടികൾ നടപ്പിലാക്കുന്നതിനുള്ള ക്രമീകരണങ്ങളും അയോധ്യയിൽ നടന്നു വരികയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.