ETV Bharat / bharat

കോണ്‍ഗ്രസിന് ബദല്‍? പഞ്ചാബിലെ 'സൂപ്പര്‍ വിജയം' ദേശീയ രാഷ്ട്രീയത്തിലും നേട്ടമാക്കാനൊരുങ്ങി ആപ്പ്

author img

By

Published : Mar 10, 2022, 12:21 PM IST

ഡല്‍ഹിക്ക് പുറത്ത് മറ്റൊരു സംസ്ഥാനത്ത് കൂടി ആം ആദ്മി കൂറ്റൻ ഭൂരിപക്ഷത്തില്‍ ഭരണത്തിലേറുമ്പോള്‍ പ്രതാപം അസ്തമിച്ച കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ തന്നെ ആപ്പ് ക്രമേണ ബദലാവുകയാണോ

AAP in punjab  AAP crosses majority mark  AAP won the majority seats  Punjab Assembly poll result  പഞ്ചാബ് തെരഞ്ഞെടുപ്പ്  പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ്  ആം ആദ്‌മി തരംഗം  പഞ്ചാബില്‍ ആം ആദ്‌മി  punjab election results  punjab election latest
പഞ്ചാബില്‍ ആഞ്ഞടിച്ച് ആം ആദ്‌മി തരംഗം: നിര്‍ണായകമായ ഘടകങ്ങള്‍

ചണ്ഡീഗഢ്: കോണ്‍ഗ്രസിന്‍റെ കുത്തകയായിരുന്നു പഞ്ചാബ്. തെരഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കോണ്‍ഗ്രസിന് രാഷ്ട്രീയപരമായി ഏറെ സാധ്യകള്‍ ഉണ്ടായിരുന്ന ഭൂമി. എന്നിട്ടും പഞ്ചാബ് കോണ്‍ഗ്രസിനെ കൈവിട്ട് ബദലായി ആപ്പിനെ സ്വീകരിച്ചു. ഡല്‍ഹിക്ക് പുറത്ത് മറ്റൊരു സംസ്ഥാനത്ത് കൂടി ആം ആദ്മി കൂറ്റൻ ഭൂരിപക്ഷത്തില്‍ ഭരണത്തിലേറുമ്പോള്‍ പ്രതാപം അസ്തമിച്ച കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ തന്നെ ആപ്പ് ക്രമേണ ബദലാവുകയാണോ എന്ന ചോദ്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തുന്നത്.

കോണ്‍ഗ്രസിന്‍റെ പ്രമുഖരെല്ലാം വൻതോല്‍വിയാണ് പഞ്ചാബില്‍ ഏറ്റുവാങ്ങിയത്. അമൃത്‌സര്‍ ഈസ്റ്റ്, പട്യാല ഉള്‍പ്പെടെ പ്രമുഖര്‍ മത്സരിക്കുന്ന ഇടങ്ങളിലെല്ലാം ആം ആദ്‌മിയുടെ മുന്നേറ്റമാണ്. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദു, മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉള്‍പ്പടെയുള്ളവര്‍ ആം ആദ്‌മി സ്ഥാനാര്‍ഥികള്‍ക്ക് പിന്നിലാണ്. മാറ്റത്തിനായുള്ള മുറവിളി, ഡൽഹി മോഡൽ, യുവജനങ്ങളുടേയും സ്‌ത്രീകളുടെയും വോട്ട്, മുഖ്യമന്ത്രി മുഖമായി ഭഗവന്ത് മാൻ, കർഷക പ്രക്ഷോഭം തുടങ്ങിയവയാണ് ആം ആദ്‌മിയെ പഞ്ചാബില്‍ ഭരണത്തിലെത്തിക്കുന്നത്.

കോണ്‍ഗ്രസ്, ശിരോമണി അകാലി ദള്‍ സര്‍ക്കാരുകള്‍ മാറി മാറി ഭരിച്ച പഞ്ചാബില്‍ ആം ആദ്‌മി ഭരണത്തിലേറുമ്പോള്‍ അത് ചരിത്രമാണ്. ഡല്‍ഹിയ്ക്ക് പുറത്ത് ഇതാദ്യമായി അരവിന്ദ് കെജ്‌രിവാളിന്‍റെ എഎപിയ്ക്ക് സര്‍ക്കാരുണ്ടാക്കാനായി എന്നതും നേട്ടമാണ്. മാറ്റമെന്ന മുദ്രാവാക്യമാണ് ആം ആദ്‌മി പാര്‍ട്ടി പ്രചാരണത്തിലുടനീളം ഉയര്‍ത്തിപ്പിടിച്ചത്. പൊതുവിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, വെള്ളം എന്ന ഡല്‍ഹി മോഡലും ആളുകളെ ആം ആദ്‌മി പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതായാണ് ലീഡ് നില സൂചിപ്പിക്കുന്നത്.

പുതിയ രാഷ്‌ട്രീയ പാര്‍ട്ടിക്ക് അവസരം നല്‍കണമെന്ന യുവജനങ്ങളുടെയും വനിതകളുടെയും തീരുമാനവും ആം ആദ്‌മിയ്ക്ക് ഗുണകരമായി. ആയിരം രൂപ പ്രതിമാസം വനിതകളുടെ അക്കൗണ്ടിലിടുമെന്നും ആം ആദ്‌മി പ്രചാരണ വേളയില്‍ വാഗ്‌ദാനം നല്‍കിയിരുന്നു. ഡല്‍ഹിയ്ക്ക് പുറത്ത് നിന്നുള്ളവര്‍ എന്ന ആക്ഷേപത്തിന് ഭഗവന്ത് മാനിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാണ് എഎപി മറുപടി നല്‍കിയത്.

2017ല്‍ ബിജെപി-എസ്‌എഡി സഖ്യത്തെ താഴെയിറക്കിയാണ് കോണ്‍ഗ്രസ് ഭരണത്തിലേറിയത്. 77 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ ആം ആദ്‌മി പാര്‍ട്ടി 20 ഇടത്ത് വിജയിച്ചു. ശിരോമണി അകാലിദള്‍ 15 ഇടത്തും ബിജെപി മൂന്നിടത്തും വിജയിച്ചപ്പോള്‍ രണ്ടിടത്ത് സ്വതന്ത്രരും വിജയം നേടി.

ആഭ്യന്തര പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയ്ക്ക് കാരണമായത്. കർഷക പ്രക്ഷോഭം കോണ്‍ഗ്രസിന് വീണ്ടും ഭരണത്തിലേറാനുള്ള അവസരം ഒരുക്കിയിരുന്നു. എന്നാല്‍ ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിങും നവജ്യോത് സിങ് സിദ്ദുവുമായുള്ള അസ്വാരസ്യങ്ങളും അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് വിടുന്നതും ഉള്‍പ്പെടെ നിരവധി സംഭവ വികാസങ്ങളാണ് തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രമുള്ളപ്പോള്‍ പഞ്ചാബ് കോണ്‍ഗ്രസില്‍ അരങ്ങേറിയത്. സംസ്ഥാനത്തെ ആദ്യ ദലിത് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ് ചന്നിയെ നിയോഗിച്ചെങ്കിലും ചന്നിയും സിദ്ദുവും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പിന്നീട് മറ നീക്കി പുറത്തുവന്നതും കോണ്‍ഗ്രസിന് തിരിച്ചടിയായി.

2017ല്‍ 77 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഭരണത്തിലേറുമ്പോള്‍ ആം ആദ്‌മി പാർട്ടി അത്ര ശക്തരായിരുന്നില്ല. പാര്‍ട്ടിയിലെ പടല പിണക്കങ്ങളും പൊട്ടിത്തെറികളുമാണ് വര്‍ഷങ്ങളായി ആധിപത്യമുള്ള പഞ്ചാബില്‍ കോണ്‍ഗ്രസിനെ പരിതാപകരമായ നിലയിലേക്കെത്തിച്ചത്. അതേസമയം, കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളാണ് അകാലി ദളിന് തിരിച്ചടിയായത്. 5 തവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന പ്രകാശ് സിങ് ബാദല്‍ ലംബിയില്‍ പിന്നിലാണെന്നത് ഇതിന്‍റെ ഏറ്റവും വലിയ തെളിവാണ്.

Also read: പഞ്ചാബില്‍ ആം ആദ്മിക്ക് വൻ മുന്നേറ്റം; കൈയും മുഖവും നഷ്ടപ്പെട്ട് കോണ്‍ഗ്രസ് ആപ്പിലായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.