ETV Bharat / bharat

ഗുസ്‌തി ഫെഡറേഷൻ സസ്പെൻഡ് ചെയ്‌തിട്ടില്ല, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ്രവർത്തനങ്ങൾ നിർത്തിയെന്ന് മാത്രം: പ്രിയങ്ക ഗാന്ധി

author img

By ETV Bharat Kerala Team

Published : Dec 25, 2023, 10:16 PM IST

WFI suspension: ഗുസ്‌തി ഫെഡറേഷൻ സസ്പെൻഡ് ചെയ്‌തെന്ന് പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പ്രിയങ്ക ഗാന്ധി. പ്രതികളെ സംരക്ഷിയ്‌ക്കുകയും ഇരകളെ പീഡിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിയ്‌ക്കുന്നതെന്നും പ്രിയങ്ക.

Wrestling Federation suspension  WFI suspension  WFI  Priyanka Gandhi on WFI suspension  ഗുസ്‌തി ഫെഡറേഷൻ സസ്പെൻഷൻ  പ്രിയങ്ക ഗാന്ധി  ഗുസ്‌തി ഫെഡറേഷൻ  ബ്രിജ് ഭൂഷൺ  ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക ആരോപണം
Priyanka Gandhis reaction on Wrestling Federation suspension

ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷൻ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഫെഡറേഷന്‍റെ പ്രവർത്തനങ്ങൾ നിർത്തിയെന്ന് പറയുന്നത് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനാണെന്നും പ്രിയങ്ക ആരോപിച്ചു. വനിതാ ഗുസ്‌തി താരങ്ങൾക്കെതിരായ ബിജെപി നേതാക്കളുടെ അതിക്രമങ്ങൾ പുറത്തു വന്നിട്ടും പാർട്ടി പ്രതികളെ സംരക്ഷിക്കുകയും ഇരകളെ പീഡിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും ആരോപിച്ചു.

"ഗുസ്‌തി ഫെഡറേഷൻ പിരിച്ചു വിട്ടതായി ബിജെപി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. ഫെഡറേഷൻ പിരിച്ചുവിട്ടിട്ടില്ല, അതിന്‍റെ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുന്നത് ആശയക്കുഴപ്പം വരുത്തി പ്രതികളെ രക്ഷിക്കാൻ വേണ്ടിയാണ്. ഇരകളെ അടിച്ചമർത്താൻ അവർക്ക് ഇത്രയും തരംതാഴണോ?" കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഗുസ്‌തി ഫെഡറേഷൻ പിരിച്ച് വിട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ എക്‌സിൽ കുറിച്ചതിങ്ങനെ.

രാജ്യത്തിന്‍റെ അഭിമാന താരങ്ങൾ ബിജെപി എംപി ബ്രിജ് ഭൂഷണിനെതിരെ ലൈംഗിക ആരോപണവുമായി മുന്നോട്ട് വന്നപ്പോൾ സർക്കാർ പ്രതികൾക്കൊപ്പം നിന്നതായി പ്രിയങ്ക ആരോപിച്ചു. ഇരകളെ പീഡിപ്പിക്കുകയും പ്രതികൾക്ക് പാരിതോഷികം നൽകുകയും ചെയ്‌ത കേന്ദ്ര സർക്കാറിനെ പ്രിയങ്ക കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും വിഷയത്തിൽ മതിയായ ശ്രദ്ധ കൊടുത്തത് പോലുമില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

പ്രക്ഷോഭം പിൻവലിച്ചതിന് പ്രത്യുപകാരമായി വനിതാ ഗുസ്‌തി താരങ്ങൾക്ക് നൽകിയ ഉറപ്പ് ആഭ്യന്തരമന്ത്രി മറന്നുവെന്നും പ്രിയങ്ക പറഞ്ഞു. വനിതാ ഗുസ്‌തി താരങ്ങളുടെ ലൈംഗിക ആരോപണ കേസിൽ കുറ്റാരോപിതനും ബി ജെ പി എംപിയും മുൻ ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ അടുത്ത ദേശീയതല മത്സരങ്ങൾ സ്വന്തം ജില്ലയിൽ, സ്വന്തം കോളേജ് ഗ്രൗണ്ടിൽ നടത്തുമെന്ന് ഉറപ്പ് നൽകിയത് അഹങ്കാരത്തിന്‍റെ പുറത്താണെന്നും അവർ പറഞ്ഞു.

ബി ജെ പിയിൽ നിന്നും നേരിട്ട അനീതിയിൽ ഒളിമ്പിക് മെഡൽ ജേതാവായ ഇന്ത്യയുടെ അഭിമാന താരം സാക്ഷി മാലിക് അടുത്തിടെ ഗുസ്‌തി ഉപേക്ഷിച്ചു. താരങ്ങൾ അവരുടെ പുരസ്‌കാരങ്ങൾ തിരികെ നൽകാൻ തുടങ്ങിയപ്പോൾ സർക്കാർ കിംവദന്തികൾ പ്രചരിപ്പിക്കുകയാണന്നും ആരോപിച്ചു. രാജ്യത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഉണ്ടാവുമ്പോഴെല്ലാം സർക്കാർ എല്ലാ ശക്തിയും ഉപയോഗിച്ച് പ്രതികളെ സംരക്ഷിക്കുകയും ഇരകളെ പീഡിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

രാജ്യത്തെ എല്ലാ മേഖലയിലും സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ അധികാരത്തിലിരിക്കുന്നവർ ഉയർച്ചയിലെത്തുന്ന സ്ത്രീകളെ അടിച്ചമർത്തുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന തിരക്കിലാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. രാജ്യത്തെ ജനങ്ങളും സ്ത്രീകളും ഇത് വീക്ഷിക്കുന്നുണ്ടെന്നും പറഞ്ഞു.

ഡിസംബർ 21ന് നടന്ന ഗുസ്‌തി ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷണിന്‍റെ വിശ്വസ്‌തനായ സഞ്ജയ് സിംഗ് വലിയ ഭൂരിപക്ഷത്തിൽ ജയിച്ചിരുന്നു. തയ്യാറെടുപ്പുകൾക്കായുള്ള നിയമമായ നടപടി ക്രമങ്ങൾ പാലിക്കാതെയും ഗുസ്‌തിക്കാർക്ക് മതിയായ അറിയിപ്പ് നൽകാതെയും അണ്ടർ 15, അണ്ടർ 20 ദേശീയ മത്സരങ്ങൾ ഉടൻ സംഘടിപ്പിക്കുമെന്ന് തിടുക്കത്തിൽ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് കായിക മന്ത്രാലയം മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഗുസ്‌തി ഫെഡറേഷൻ താൽക്കാലികമായി നിർത്തിവച്ചതായി അറിയിച്ചത്.

പുതിയതായി തെരഞ്ഞെടുത്ത സംഘടന മുൻ ഭാരവാഹികളുടെ പൂർണ്ണ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നതെന്നും ഇത് ദേശീയ കായിക നിയമത്തിന് അനുസൃതമല്ലെന്നും കായിക മന്ത്രാലയം അറിയിച്ചിരുന്നു. താൻ ഗുസ്‌തി ഫെഡറേഷനിൽ നിന്നും വിരമിച്ചെന്നും അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുൾപ്പെടെയുള്ള നിരവധി ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബോഡി ചുമതലയേൽക്കുമെന്നും ബ്രിജ് ഭൂഷൺ ശരൺ പറഞ്ഞിരുന്നു.

ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവരുൾപ്പെടെ നിരവധി ഗുസ്‌തി താരങ്ങൾ ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് തെരുവിലിറങ്ങിയിരുന്നു. കേസ് ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. തനിക്കെതിരായ ലൈംഗിക ആരോപണങ്ങൾ നിഷേധിച്ച മുൻ ഗുസ്‌തി ഫെഡറേഷൻ മേധാവി, കോൺഗ്രസ് നേതാക്കൾ നടത്തിയ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് തന്നെ ഗുസ്‌തി താരങ്ങൾ ലക്ഷ്യമിടുന്നതെന്ന് അവകാശപ്പെട്ടിരുന്നു.

Also read: 'കാര്യങ്ങള്‍ പറയാനുണ്ട്' ; കേന്ദ്ര കായിക മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്താന്‍ സഞ്ജയ് സിങ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.