ETV Bharat / bharat

Opposition Meeting | ലക്ഷ്യം ജനാധിപത്യത്തിന്‍റെ സംരക്ഷണം, യോഗത്തിന്‍റെ ഫലം രാജ്യത്തിന് ഗുണകരമാകും : പ്രതിപക്ഷ നേതാക്കള്‍

author img

By

Published : Jul 18, 2023, 4:54 PM IST

മോദി സര്‍ക്കാര്‍ മുഴുവന്‍ മേഖലകളിലും കുഴപ്പങ്ങള്‍ സൃഷ്‌ടിക്കുകയാണെന്ന് പ്രതിപക്ഷ നേതാക്കള്‍

Opposition meeting  Opposition meeting  democracy  ലക്ഷ്യം രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കല്‍  യോഗത്തിന്‍റെ ഫലം രാജ്യത്തിന് ഗുണകരമാകും  പ്രതിപക്ഷ നേതാക്കള്‍  മമത ബാനര്‍ജി  ലാലു പ്രസാദ്  ബെംഗളൂരുവിലെ പ്രതിപക്ഷ യോഗം
പ്രതിപക്ഷ നേതാക്കള്‍

ബെംഗളൂരു : രാജ്യത്തെയും ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുകയെന്നതാണ് തങ്ങളുടെ യോഗത്തിന്‍റെ ലക്ഷ്യമെന്ന് പ്രതിപക്ഷ യോഗത്തിനിടെ പുറത്തുവിട്ട വീഡിയോയില്‍ കക്ഷിനേതാക്കള്‍. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനുള്ള തന്ത്രം മെനയാനായി ഇന്നലെയാണ് (ജൂലൈ 17) ബെംഗളൂരുവില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ആരംഭിച്ചത്.

മമത ബാനര്‍ജി : നിരവധി പ്രതിപക്ഷ പാര്‍ട്ടികളെയും നേതാക്കളെയും ഉള്‍ക്കൊള്ളിച്ചുള്ള ഈ കൂടിക്കാഴ്‌ച ഏറെ ക്രിയാത്മകമാകുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. യോഗം ചേര്‍ന്നതിന്‍റെ ഫലം രാജ്യത്തിന് ഏറെ ഗുണകരമാകും. പത്ത് വര്‍ഷത്തോളമായുള്ള തുടര്‍ച്ചയായ ഭരണം കൊണ്ട് മോദി സര്‍ക്കാര്‍ രാജ്യത്തെ മുഴുവന്‍ മേഖലകളെയും കുഴപ്പത്തിലാക്കിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പറഞ്ഞു.

ലാലു പ്രസാദ് യാദവ് : രാജ്യത്തെയും ജനാധിപത്യത്തെയും രക്ഷിക്കണമെന്നും ദരിദ്രരെയും യുവാക്കളെയും കർഷകരെയും ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കണമെന്നും നരേന്ദ്ര മോദിയുടെ ഭരണത്തിൽ എല്ലാം തകർന്നുകൊണ്ടിരിക്കുകയാണെന്നും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് അഭിപ്രായപ്പെട്ടു.

ഒമർ അബ്‌ദുള്ള : കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരിന്‍റെ കാലത്ത് ഭരണഘടന തകർക്കപ്പെടുകയാണ്. രാജ്യത്തിന്‍റെ മതേതര ഘടന താറുമാറാവുകയും ചെയ്‌തെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ള പറഞ്ഞു. രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിലപാട് സ്വീകരിക്കേണ്ടത് പ്രധാന കാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.

2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ 26 പ്രതിപക്ഷ പാര്‍ട്ടികളാണ് ബെംഗളൂരുവിലെ യോഗത്തില്‍ പങ്കെടുക്കുന്നത്. ബിജെപിയെ ചെറുത്തുതോല്‍പ്പിക്കാനുള്ള പദ്ധതികളാണ് യോഗത്തില്‍ ആസൂത്രണം ചെയ്യുക. ബിജെപിക്കെതിരെ പോരാടാനുറച്ചുള്ള പ്രതിപക്ഷത്തിന്‍റെ രണ്ടാമത്തെ യോഗമാണിത്. ആദ്യ യോഗം ബിഹാറിലെ പട്‌നയിലായിരുന്നു.

ബെംഗളൂരുവില്‍ സംഘടിപ്പിച്ച പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കുന്ന പാര്‍ട്ടികള്‍ :

1. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് : പ്രതിപക്ഷ പാര്‍ട്ടികളില്‍ ഏറ്റവും വലിയ കക്ഷിയാണ് കോണ്‍ഗ്രസ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ട്ടിയെ നയിക്കുന്നു. കർണാടക, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകളാണ് നിലവിലുള്ളത്.

2. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (ടിഎംസി) : പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് ലോക്‌സഭയിലും രാജ്യ സഭയിലുമായി 35 എംപിമാരാണുള്ളത്.

3. ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) : തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെയ്‌ക്ക് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും സ്വാധീനമുണ്ട്. ലോക്‌സഭയിലും രാജ്യസഭയിലുമായി ഡിഎംകെയ്‌ക്ക് 34 എംപിമാരാണുള്ളത്.

4. ആം ആദ്‌മി പാർട്ടി (എഎപി) : ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് 11 എംപിമാരുണ്ട്.

5. ജനതാദൾ (യുണൈറ്റഡ്): ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പൊരുതാനുള്ള പ്രതിപക്ഷ യോഗത്തിന് ആദ്യം ആതിഥേയത്വം വഹിച്ച ബിഹാറിലെ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്‍റെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് ലോക്‌സഭയിലും രാജ്യസഭയിലുമായി 21 എംപിമാരാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം നിതീഷ്‌ കുമാര്‍ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവയുമായി കൈകോര്‍ക്കുകയുമായിരുന്നു.

also read: Opposition Meeting | 'സഖ്യത്തിനുള്ള പേര്' മുതല്‍ ആറ് കാര്യങ്ങള്‍ പരിഗണനയില്‍; സുപ്രധാന യോഗത്തിന് മണിക്കൂറുകള്‍ മാത്രം

6. രാഷ്‌ട്രീയ ജനതാദൾ (ആർജെഡി) : ബിഹാറില്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്‍റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയാണ് ആര്‍ജെഡി. ലാലു പ്രസാദ് യാദവിന്‍റെ മകന്‍ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാണ്. ആര്‍ജെഡിയ്‌ക്ക് രാജ്യസഭയില്‍ ആറ് എംപിമാരാണുള്ളത്.

7. ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം): ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ നേതൃത്വത്തിലുള്ള പാർട്ടിയാണ് ജെഎംഎം. ലോക്‌സഭയിലും രാജ്യസഭയിലുമായി മൂന്ന് എംപിമാരാണുള്ളത്.

8. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) ശരദ് പവാർ ഗ്രൂപ്പ് : ബിഹാറിലുണ്ടായ പ്രതിപക്ഷ യോഗത്തിന് ശേഷം ശരദ് പവാറിന്‍റെ നേതൃത്വത്തിലുള്ള എന്‍സിപി പിളര്‍ന്നു. ശരദ് പവാറിന്‍റെ അനന്തരവനായ അജിത് പവാര്‍ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തില്‍ ചേര്‍ന്നു. ശരദ് പവാർ വിഭാഗം നിലവിൽ കോൺഗ്രസിനും ശിവസേനയ്ക്കും (യുബിടി) ഒപ്പം സംസ്ഥാനത്തെ പ്രതിപക്ഷത്തിന്‍റെ ഭാഗമാണ്.

9. ശിവസേന (യുബിടി): ഒരു വിഭാഗം എംഎല്‍എമാര്‍ ബിജെപിയുമായി കൈകോര്‍ത്തതോടെയാണ് ബാലാസാഹെബ് താക്കറെ സ്ഥാപിച്ച ശിവസേന പിളര്‍ന്നത്. 2019-ലെ മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിന് ശേഷം ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും എൻസിപിയും കോൺഗ്രസുമായി ചേർന്ന് മഹാ വികാസ് അഘാഡി സർക്കാർ രൂപീകരിക്കുകയും ചെയ്തിരുന്നെങ്കിലും പിന്നീട് അധികാരഭ്രഷ്ടരായി.

10. സമാജ്‌വാദി പാർട്ടി (എസ്‌പി): ഉത്തര്‍പ്രദേശിലെ പ്രധാന പാര്‍ട്ടിയാണ് എസ്‌പി. ലോക്‌സഭയിലും രാജ്യസഭയിലുമായി പാര്‍ട്ടിക്ക് ആറ് എംപിമാരാണുള്ളത്.

11. രാഷ്‌ട്രീയ ലോക്‌ദൾ (ആർഎൽഡി) : പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയാണ് ആര്‍എല്‍ഡി. പാര്‍ട്ടിക്ക് രാജ്യസഭയില്‍ ഒരു എംപി മാത്രമാണുള്ളത്. പാർട്ടി സ്ഥാപകൻ അജിത് സിങ്ങിന്‍റെ മകന്‍ ജയന്ത് ചൗധരിയാണ് ഏക എംപി.

12. അപ്‌നാ ദൾ (കാമറവാദി): പാര്‍ട്ടി സ്ഥാപകനായ സോണലാൽ പട്ടേലിന്‍റെ ഭാര്യ കൃഷ്‌മ പട്ടേലിന്‍റെയും മകൾ പല്ലവി പട്ടേലിന്‍റെയും നേതൃത്വത്തിലാണ് പ്രവര്‍ത്തങ്ങള്‍.

13. ജമ്മു കശ്‌മീർ നാഷണൽ കോൺഫറൻസ് (NC) : മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ളയുടെ നേതൃത്വത്തിൽ ജമ്മു കശ്‌മീരിലെ പ്രധാന പാര്‍ട്ടിയാണിത്. നിലവിൽ 3 ലോക്‌സഭാംഗങ്ങളാണ് പാര്‍ട്ടിക്കുള്ളത്.

14. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) : ജമ്മുകശ്‌മീരിലെ തന്നെ മറ്റൊരു പ്രധാന പാര്‍ട്ടിയാണ് പിഡിപി.മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി നയിക്കുന്ന പാര്‍ട്ടിയാണിത്. പാര്‍ട്ടിക്ക് നിലവില്‍ ലോക്‌സഭയില്‍ പ്രാതിനിധ്യമില്ല.

15. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്): കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാറിനെ നയിക്കുന്ന പ്രധാന കക്ഷിയാണ് സിപിഎം. പശ്ചിമ ബംഗാൾ, ത്രിപുര, തമിഴ്‌നാട് എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളിലാണ് സിപിഎമ്മിന് സ്വാധീനമുള്ളത്. പാര്‍ട്ടിക്ക് എട്ട് എംപിമാരാണുള്ളത്.

16. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ): കേരളം ഭരിക്കുന്ന എൽഡിഎഫിന്‍റെ ഭാഗമാണ് സിപിഐ. പാര്‍ട്ടിക്ക് രണ്ട് ലോക്‌സഭാംഗങ്ങളും രണ്ട് രാജ്യസഭാംഗങ്ങളുമുണ്ട്.

17. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ : ബിഹാറിലെ ഭരണസഖ്യത്തിന്‍റെ ഭാഗമാണ് സിപിഐ-എംഎൽ (ലിബറേഷൻ). ദീപാങ്കർ ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള പാർട്ടിക്ക് സംസ്ഥാനത്ത് 12 എംഎൽഎമാരാണുള്ളത്.

19. ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് (AIFB): നേതാജി സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച പാർട്ടിയാണിത്. ഇടതുപക്ഷ ബ്ലോക്കിന്‍റെ ഘടകമാണ് ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്. ഇതിന് നിലവിൽ പാർലമെന്‍റിലോ ഏതെങ്കിലും സംസ്ഥാന അസംബ്ലിയിലോ പ്രാതിനിധ്യമില്ല.

20. മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ): രാജ്യസഭ എംപി വൈകോയുടെ നേതൃത്വത്തിലുള്ള എംഡിഎംകെ തമിഴ്‌നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്‍റെ ഭാഗമാണ്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇതിന് സ്വാധീനമുണ്ട്.

21. വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ): തൊല്‍ക്കാപ്പിയന്‍ തിരുമാവളവന്‍റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയാണ് വിസികെ.തോല്‍ തിരുമാവളവന്‍ ലോക്‌സഭ എംപിയാണ്.

22. കൊങ്ങുനാട് മക്കൾ ദേശീയ കച്ചി (കെഎംഡികെ): വ്യവസായിയും രാഷ്ട്രീയക്കാരനുമായ ഇ ആർ ഈശ്വരൻ നയിക്കുന്ന കെഎംഡികെ തമിഴ്‌നാട്ടിൽ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന്‍റെ ഭാഗമാണ്. പടിഞ്ഞാറന്‍ തമിഴ്‌നാട്ടിലാണ് പാര്‍ട്ടിക്ക് സ്വാധീനമുള്ളത്.

23. മനിതനേയ മക്കൾ കച്ചി (എംഎംകെ): തമിഴ്‌നാട്ടിൽ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന്‍റെ ഭാഗമാണ് എം എച്ച് ജവാഹിറുല്ലയുടെ നേതൃത്വത്തിൽ എംഎംകെ. ജവാഹിറുള്ള നിലവിൽ എംഎൽഎയാണ്. കൂടാതെ ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് (എഐഎംപിഎൽബി) അംഗമായും പ്രവർത്തിക്കുന്നു.

24. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (IUML): പ്രധാനമായും കേരളത്തിൽ പ്രവർത്തിക്കുന്ന ഐയുഎംഎൽ ദീർഘകാലമായി കോൺഗ്രസിന്‍റെ സഖ്യകക്ഷിയാണ്. ലോക്‌സഭയിൽ മൂന്ന് അംഗങ്ങളും രാജ്യസഭയിൽ ഒരാളുമാണുള്ളത്.

also read: Opposition Meeting | ചര്‍ച്ചയായി മമത - സോണിയ 'സമവാക്യം' ; നിര്‍ണായകമാവുമോ 'ഐക്യം' ?

25. കേരള കോൺഗ്രസ് (എം): കേരളം ആസ്ഥാനമായുള്ള പാർട്ടിക്ക് ലോക്‌സഭയിലും രാജ്യസഭയിലും ഓരോ അംഗങ്ങളാണുള്ളത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വത്തിലുള്ള എൽഡിഎഫിന്‍റെ ഭാഗമായാണ് സംസ്ഥാനത്ത് മത്സരിച്ചത്.

26. കേരള കോൺഗ്രസ് (ജോസഫ്): 1964 ലാണ് പാര്‍ട്ടി രൂപീകരിച്ചത്. പാര്‍ട്ടിക്ക് ലോക്‌സഭയിലോ രാജ്യസഭയിലോ എംപിമാരില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.