ETV Bharat / bharat

ഒമിക്രോണ്‍ രോഗികളിലെ കൊവിഡാനന്തര പ്രശ്‌നങ്ങള്‍; ഗൗരവകരമെന്ന് ആരോഗ്യ വിദഗ്‌ധര്‍

author img

By

Published : Jan 8, 2022, 8:25 PM IST

തലവേദന, ക്ഷീണം, ഉറക്കത്തിനിടെയുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, ഏകാഗ്രതയില്ലാത്ത അവസ്ഥ, വയറുവേദന എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന കൊവിഡാനന്തര പ്രശ്‌നങ്ങള്‍

long covid with omicron  post covid complications  long term effects of covid  ഒമിക്രോണ്‍ രോഗികള്‍ കൊവിഡാനന്തര പ്രശ്‌നങ്ങള്‍  കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍  ഒമിക്രോണ്‍ വ്യാപനം  omicron surge  കൊവിഡ് സുനാമി  ഒമിക്രോണ്‍ ഭീഷണി
ഒമിക്രോണ്‍ രോഗികളിലെ കൊവിഡാനന്തര പ്രശ്‌നങ്ങള്‍; ഗൗരവകരമെന്ന് ആരോഗ്യ വിദഗ്‌ധര്‍

കൊവിഡ് ഉയര്‍ത്തുന്ന വെല്ലുവിളി പോലെ തന്നെ ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ് രോഗമുക്തി നേടിയവരില്‍ ഉണ്ടാകുന്ന കൊവിഡാനന്തര പ്രശ്‌നങ്ങള്‍. കൊവിഡ് നെഗറ്റീവായ ശേഷവും കൊവിഡിന്‍റെ പ്രത്യാഘാതങ്ങള്‍ ആഴ്‌ചകള്‍ മുതല്‍ മാസങ്ങള്‍ വരെ നീണ്ടുനില്‍ക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒരിക്കല്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ മുടി കൊഴിച്ചല്‍ മുതല്‍ ശ്വാസം തടസവും പേശി വേദനയും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് സാധാരണയായി കാണപ്പെടുന്നത്.

കൊവിഡാനന്തര പ്രശ്‌നങ്ങളെ ഗൗരവമായി കാണണോ?

അമേരിക്കയിലെ സെന്‍റര്‍സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍ നല്‍കുന്ന നിര്‍വചനമനുസരിച്ച്, കൊവിഡ് ബാധിച്ച് ആഴ്‌ചകളോ മാസങ്ങളോ നീണ്ടുനിൽക്കുന്നതോ അല്ലെങ്കില്‍ രോഗബാധയുണ്ടായി ആഴ്‌ചകൾക്ക് ശേഷം പ്രത്യക്ഷപ്പെടുന്നതോ ആയ രോഗലക്ഷണങ്ങളെയാണ് ലോങ് കൊവിഡ് (long covid) എന്ന് പറയുന്നത്. നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരോ അല്ലെങ്കിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവരോ ആയവര്‍ക്കും കൊവിഡാനന്തര പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടേക്കാം.

50ലധികം ദീർഘകാല കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. കൊവിഡ് ഗുരുതരമായി ബാധിച്ചതിന് ശേഷം നാല് മുതൽ 12 ആഴ്‌ചകൾക്കുള്ളിൽ അനുഭവപ്പെടുന്ന തലവേദന, ക്ഷീണം, ഉറക്കത്തിനിടെയുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, ഏകാഗ്രതയില്ലാത്ത അവസ്ഥ, വയറുവേദന എന്നിവയാണ് കൊവിഡ് രോഗമുക്തരായവരില്‍ സാധാരണയായി കണ്ടുവരുന്ന കൊവിഡാനന്തര പ്രശ്‌നങ്ങള്‍.

നേരിയ രോഗലക്ഷണങ്ങള്‍ മാത്രം പ്രകടമായ കേസുകളിലും ദീർഘകാല കൊവിഡാനന്തര പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. SARS-CoV-2 പിടിപെട്ട ഏഴ് കുട്ടികളിൽ ഒരാൾക്കും യുവജനങ്ങള്‍ക്കും ഏകദേശം മൂന്ന് മാസത്തിന് ശേഷവും വൈറസുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഉണ്ടാകാമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാല്‍ ഒമിക്രോണിനൊപ്പം കൊവിഡാനന്തര പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുന്ന അപകടസാധ്യത ഇതുവരെയും ഗൗരവകരമായി എടുത്തിട്ടില്ല. കൃത്യമായ വിവരങ്ങളുടെ അഭാവമാണ് ഇതിന്‍റെ പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടികാട്ടുന്നത്.

ഒമിക്രോണ്‍ രോഗികളിലും കൊവിഡാനന്തര പ്രശ്‌നങ്ങള്‍?

അടുത്തിടെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു പുതിയ വകഭേദത്തിന്‍റെ (ഉദാഹരണത്തിന് ഒമിക്രോണ്‍) കൊവിഡാനന്തര പ്രത്യാഘാതങ്ങള്‍ എന്താണെന്ന് ഇപ്പോള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. കടുത്ത ക്ഷീണവും പേശി വേദനയുമാണ് രോഗികളില്‍ പ്രധാന ലക്ഷണങ്ങളായി കാണപ്പെടുന്നത്. കൊവിഡാനന്തര പ്രശ്‌നങ്ങളും ഇവര്‍ക്ക് നേരിടേണ്ടിവരുമെന്ന് മുംബൈയിലെ പിഡി ഹിന്ദുജ ഹോസ്‌പിറ്റലിലെയും എംആർസിയിലെയും കൺസൾട്ടന്‍റ് പൾമണോളജിസ്റ്റും എപ്പിഡെമിയോളജിസ്റ്റുമായ ലാൻസ്‌ലോട്ട് പിന്‍റോ പറഞ്ഞു.

നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണെങ്കില്‍ പോലും ഒമിക്രോണിനൊപ്പം കൊവിഡാനന്തര പ്രശ്‌നങ്ങള്‍ കൂടിയാകുമ്പോള്‍ സംഭവിക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഡെൽറ്റയിലോ ആൽഫയിലോ റിപ്പോർട്ട് ചെയ്‌തതിനേക്കാൾ കുറവാണെന്നതിന് അർഥമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരിയ രോഗലക്ഷണങ്ങള്‍ മാത്രം അനുഭവപ്പെട്ട ഒമിക്രോണ്‍ രോഗികളില്‍ ദീർഘകാല കൊവിഡാനന്തര പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസിലെ മുൻനിര പകർച്ചവ്യാധി വിദഗ്‌ധന്‍ ആന്‍റണി ഫൗസി പറയുന്നു. 'ഏത് വകഭേദമാണ് സ്ഥിരീകരിക്കുന്നതെങ്കിലും കൊവിഡാനന്തര പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഡെൽറ്റയോ ബീറ്റയോ ഒമിക്രോണോ തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടെന്നതിന് തെളിവുകളൊന്നുമില്ല,' ഫൗസി പറഞ്ഞു.

രോഗലക്ഷണങ്ങളോട് കൂടിയ അണുബാധ ഉണ്ടാകുമ്പോൾ 10 മുതൽ 30 വരെ ശതമാനം ആളുകൾക്ക് രോഗലക്ഷണങ്ങൾ ശരീരത്തില്‍ തുടരാനാണ് സാധ്യത. നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരിലും ഇത് സംഭവിക്കുന്നു. കൊവിഡ് രോഗബാധക്ക്, നേരിയ ലക്ഷണമുള്ളതാണെങ്കില്‍ പോലും, പ്രാരംഭ അണുബാധയെക്കാളും രോഗമുക്തിയേക്കാളും കൂടുതല്‍ കാലം ശരീരത്തില്‍ രോഗ പ്രതിരോധശേഷി ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് ലോസ് ഏഞ്ചൽസിലെ സെഡാർസ്-സിനായ് മെഡിക്കൽ സെന്‍റര്‍ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്. നേരിയതോ രോഗലക്ഷണങ്ങളില്ലാത്തതോ ആയ കൊവിഡ് രോഗികളുടെ ശരീരത്തില്‍ ഓട്ടോ ആന്‍റിബോഡികളുടെ ഉയര്‍ന്ന തോതിലുള്ള സാന്നിധ്യമുണ്ടാകുന്നുവെന്നും പഠനം പറയുന്നു.

ഒമിക്രോണ്‍ രോഗികളില്‍ നേരിയ രോഗലക്ഷണങ്ങള്‍ മാത്രം

അതേസമയം, ഒമിക്രോണ്‍ കൊവിഡാനന്തര പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കില്ലെന്നാണ് ചില ആരോഗ്യ വിദഗ്‌ധരുടെ വാദം. ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ പൾമണോളജി/ റെസ്‌പിറേറ്ററി മെഡിസിൻ കൺസൾട്ടന്‍റായ നിഖിൽ മോദിയുടെ അഭിപ്രായത്തിൽ, ഒമിക്രോണ്‍ നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് സൃഷ്‌ടിക്കുന്നത്.

'കൊവിഡാനന്തര പ്രശ്‌നങ്ങള്‍ ഈ വകഭേദത്തിൽ (ഒമിക്രോണ്‍) കാണപ്പെടില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഒമിക്രോണ്‍ രോഗികളില്‍ ഏതാനും ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങള്‍ മാറുന്നു അല്ലെങ്കില്‍ നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് പ്രകടമാകുന്നത്,' നിഖില്‍ മോദി പറഞ്ഞു.

വൈറസ് അവശേഷിപ്പിക്കുന്ന കോശജ്വലന (ഇന്‍ഫ്ലമേഷന്‍) ഘടകം മൂലമാണ് കൊവിഡാനന്തര പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ഒമിക്രോണ്‍ ബാധിതരില്‍ വൈറസുകള്‍ കോശജ്വലന ഘടകങ്ങൾക്ക് കാരണമാകാത്തതിനാലാണ് ഒമിക്രോണ്‍ വകഭേദം മൂലം കൊവിഡാനന്തര പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

കൊവിഡ് സുനാമിയെന്ന് ലോകാരോഗ്യ സംഘടന

നവംബർ അവസാനത്തോടെ ദക്ഷിണാഫ്രിക്കയിലും ബോട്സ്വാനയിലുമാണ് ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ചത്. നിലവില്‍ 100ലധികം രാജ്യങ്ങളിലേക്കാണ് പുതിയ കൊവിഡ് വകഭേദം വ്യാപിച്ചിട്ടുള്ളത്. സൗത്ത് ആഫ്രിക്ക, യുഎസ്, യുകെ എന്നിവിടങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഒമിക്രോൺ നേരിയ രോഗലക്ഷണങ്ങള്‍ക്കാണ് കാരണമാകുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറവാണ്. അതേസമയം തന്നെ ഒമിക്രോണ്‍ എത്രത്തോളം ഗുരുതരമാണെന്ന് സ്ഥിരീകരിക്കാൻ ഇപ്പോഴും സമയമായിട്ടില്ലെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.

എന്നാൽ ഡെൽറ്റയെ അപേക്ഷിച്ച് ഒമിക്രോണിന് തീവ്രത കുറവാണെന്ന് തോന്നുമെങ്കിലും, മുൻ വകഭേദങ്ങളെ പോലെ ഒമിക്രോണിനെ തീവ്രത കുറഞ്ഞ വകഭേദങ്ങളുടെ ഗണത്തില്‍പ്പെടുത്തരുതെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്‌ടർ ജനറൽ ടെഡ്രോസ്‌ അദാനം ഗെബ്രിയോസ്‌ പറയുന്നത്. ഒമിക്രോണ്‍ വകഭേദം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക്‌ വര്‍ധിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

അതിവേഗ വ്യാപനശേഷിയുള്ള ഒമിക്രോൺ കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന 'കൊവിഡ് സുനാമി' മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡെൽറ്റയും ഒമിക്രോണും ഇരട്ട ഭീഷണികളാണെന്നും ഇവ മൂലം കൊവിഡ് കേസുകൾ റെക്കോഡ് സംഖ്യകളിലേക്ക് ഉയരുമെന്നുമായിരുന്നു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇത് കൂടുതൽ രോഗവ്യാപനത്തിനും മരണത്തിനും കാരണമാകുമെന്നും ലോകാരോഗ്യ സംഘടന മേധാവി അഭിപ്രായപ്പെട്ടിരുന്നു.

കൂട്ടായ പ്രതികരണം മെച്ചപ്പെടുത്തിയില്ലെങ്കിൽ പുതിയ വൈറസിന്‍റെ വികാസം തുടരുമെന്നും ഇത് ആരോഗ്യ സംവിധാനങ്ങൾക്ക് ഭീഷണിയാകുമെന്നും ടെഡ്രോസ്‌ അദാനം ഗെബ്രിയോസ്‌ വ്യക്തമാക്കി. ഇത് ആരോഗ്യ പ്രവർത്തകരുടെയും ആരോഗ്യ സംവിധാനങ്ങളുടെയും മേൽ കനത്ത സമ്മർദം ചെലുത്തും. ജനജീവിതത്തെയും അസ്വസ്ഥമാക്കും. കൊവിഡ് രോഗികളുടെ എണ്ണം ഉയരുമെന്ന് മാത്രമല്ല, കൂടുതൽ ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചേക്കാമെന്നും ഡബ്ല്യുഎച്ച്ഒ മേധാവി മുന്നറിയിപ്പ് നൽകി.

Also read: ജലദോഷമോ ഒമിക്രോണോ? എങ്ങനെ തിരിച്ചറിയാം?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.