ETV Bharat / bharat

നമോയെ വീഴ്‌ത്താനൊരുങ്ങി നിതീഷ്, അവതാരപ്പിറവിക്ക് പ്രതിപക്ഷം ഒറ്റക്കെട്ടായി കനിയണം

author img

By

Published : Aug 10, 2022, 8:11 PM IST

2013ല്‍ 17 വര്‍ഷത്തെ ബിജെപി ബന്ധം നിതീഷ്‌കുമാര്‍ അവസാനിപ്പിച്ചത് നരേന്ദ്ര മോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടിയതിനെ തുടര്‍ന്നാണ്. 2014ല്‍ താൻ മോഹിച്ച പ്രധാനമന്ത്രി പദം മോദി നേടിയെടുത്തപ്പോൾ കാഴ്‌ചക്കാരന്‍റെ റോൾ മാത്രമായിരുന്നു നിതീഷിന്. പ്രധാനമന്ത്രി പദത്തിലേക്ക് ഇനിയൊരു അവസരമില്ല എന്ന ബോധ്യം കൂടി ഇപ്പോഴത്തെ കളം മാറ്റത്തിനുണ്ടെന്നും വ്യക്തം.

Etv Bharat
Etv Bharat

ന്യൂഡല്‍ഹി: " 2014ല്‍ മോദി വിജയിച്ചു", ഇനി 2024ല്‍ സംഭവിക്കാൻ പോകുന്നതിനെ കുറിച്ച് മോദി ആശങ്കപ്പെടണമെന്നാണ് മറുകണ്ടം ചാടി എട്ടാംതവണ ബിഹാറിന്‍റെ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്‌ത ശേഷം നിതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞത്. ബിഹാർ മുഖ്യമന്ത്രി പദമല്ല, പ്രധാനമന്ത്രി പദമാണ് താൻ ലക്ഷ്യമിടുന്നതെന്ന് ബിജെപിയോട് മാത്രമല്ല, പ്രതിപക്ഷ പാർട്ടികളോടും കൂടിയാണ് നിതീഷ് കുമാർ പറഞ്ഞുവെച്ചത്. 2014ല്‍ താൻ മോഹിച്ച പ്രധാനമന്ത്രി പദം മോദി നേടിയെടുത്തപ്പോൾ കാഴ്‌ചക്കാരന്‍റെ റോൾ മാത്രമായിരുന്നു നിതീഷിന്. പ്രധാനമന്ത്രി പദത്തിലേക്ക് ഇനിയൊരു അവസരമില്ല എന്ന ബോധ്യം കൂടി ഇപ്പോഴത്തെ കളം മാറ്റത്തിനുണ്ടെന്നും വ്യക്തം.

ജെഡിയുവിനെയും തന്നെയും ബിജെപി വിഴുങ്ങുമെന്ന ആശങ്കയും മഹാരാഷ്ട്രയില്‍ ഉദ്ധവിന് സംഭവിച്ചത് ബിഹാറില്‍ സംഭവിക്കരുതെന്നും നിതീഷിന് നിർബന്ധമുണ്ടായിരുന്നു. അത് സ്വന്തം എംഎല്‍എമാരെയും എംപിമാരെയും ബോധ്യപ്പെടുത്താൻ കഴിഞ്ഞതാണ് പെട്ടെന്നുള്ള മുന്നണി മാറ്റത്തില്‍ നിതീഷിന്‍റെ വിജയം. പെട്ടെന്നാണെങ്കില്‍ പോലും ദേശീയതലത്തില്‍ പ്രതിപക്ഷ പാർട്ടികളുടെ മുഴുവൻ പിന്തുണ നേടിയെടുക്കാനും നിതീഷിന് കഴിഞ്ഞു.

തല്‍പ്പരകക്ഷികളുടെ എണ്ണം കൂടുന്നു: ദേശീയ തലത്തില്‍ ഉയർത്തിക്കാണിക്കാൻ ഒരു നേതാവില്ല എന്നതാണ് പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രധാന പ്രശ്നം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, എന്‍സിപി നേതാവ് ശരത്‌പവാര്‍, ആംആദ്‌മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍, ടിആര്‍എസ് നേതാവ് കെ ചന്ദ്രശേഖരറാവു എന്നിവരെല്ലാം ബിജെപി വിരുദ്ധ ചേരിയിലാണ്. പക്ഷേ അവർക്കെല്ലാം ദേശീയതലത്തില്‍ ഏക നേതാവായി മാറണം എന്ന ആഗ്രഹവുമുണ്ട്. അതിനൊപ്പം എൻഡിഎയില്‍ നിന്ന് നിതീഷ് കുമാർ കൂടി വരുന്നതോടെ പ്രതിപക്ഷത്ത് ഐക്യമാണോ വിഘടനമാണോ സംഭവിക്കുക എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.

പ്രധാനമന്ത്രി പദത്തിലേക്ക് നിതീഷ് കുമാറിന്‍റെ പേര് ഇതിന് മുമ്പും ഉയര്‍ന്ന് വന്നതാണ്. ബിഹാറില്‍ സത്‌ഭരണം കാഴ്‌ചവെച്ച ഭരണാധികാരി എന്ന നിലയില്‍ 'ഒരു നിതീഷ്‌ കുമാര്‍ ബ്രാന്‍ഡിന്' ജനതാദൾ പാർട്ടികൾ ശ്രമിക്കുമെന്നുറപ്പാണ്. ജെഡിഎസ് നേതാവ് ദേവഗൗഡ, ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, മകൻ തേജസ്വി യാദവ്, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവർ ഇതിനകം തന്നെ നിതീഷിന് അഭിനന്ദനവും പിന്തുണയും വാഗ്‌ദാനം ചെയ്‌തു കഴിഞ്ഞു.

അതിനൊപ്പം ജമ്മുകശ്‌മീരില്‍ നിന്നുള്ള പിഡിപി നേതാവ് മെഹബൂബ മുഫ്‌തി, ടിആർസ് നേതാവ് ചന്ദ്രശേഖർ റാവുവിന്‍റെ മകളും എംപിയുമായ കവിത, ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ എന്നിവരും നിതീഷിന് അഭിനന്ദനവും പിന്തുണയും ഉറപ്പുനല്‍കിയിട്ടുണ്ട്. എല്ലാവരും പറഞ്ഞതിലെ ഒരേ വാചകം 'മതേതര ഇന്ത്യയ്ക്കായി പ്രതിപക്ഷ ഐക്യത്തിനായി എൻഡിഎ വിട്ടുവന്ന നിതീഷ് കുമാറിന് അഭിവാദനം' എന്നതാണ്.

ഉറപ്പിച്ചാണ് നിതീഷിന്‍റെ വരവ്: 2013ല്‍ 17 വര്‍ഷത്തെ ബിജെപി ബന്ധം നിതീഷ്‌കുമാര്‍ അവസാനിപ്പിച്ചത് നരേന്ദ്ര മോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടിയതിനെ തുടര്‍ന്നാണ്. ഭരണപരമായ നേട്ടങ്ങള്‍ക്ക് നരേന്ദ്രമോദിക്കും നിതീഷ്‌കുമാറിനെപ്പോലെ ഒരു ബ്രാന്‍ഡ് ഉണ്ടായിരുന്നു. എന്നാല്‍ ഗുജറാത്ത് കാലപം നരേന്ദ്ര മോദിയുടെ പ്രതിച്ഛായുടെ മേലുള്ള കളങ്കമായിരുന്നു. ഈ വിലയിരുത്തല്‍ മുന്‍നിര്‍ത്തി മതേതര കാര്‍ഡ് ഇറക്കിയുള്ള തന്ത്രപരമായ നീക്കമായിരുന്നു നീതീഷ്‌ കുമാര്‍ അന്ന് നടത്തിയത്. എന്നാല്‍ അതില്‍ നിതീഷ്‌കുമാര്‍ പരാജയപ്പെട്ടു.

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ ഭൂരിപക്ഷം ലഭിച്ചു. ആ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് മാത്രമാണ് ജെഡിയുവിന് ലഭിച്ചത്. ഇനിയും എന്‍ഡിഎയില്‍ തുടര്‍ന്നാല്‍ പ്രധാനമന്ത്രി പദം എന്ന മോഹം നിതീഷ്‌ കുമാറിന് സാധിക്കില്ല. ആ ബോധ്യം കൂടി മുൻനിർത്തിയാണ് നിതീഷ് പ്രതിപക്ഷത്തിനൊപ്പം ചേരാൻ തീരുമാനിച്ചത്.

ദേശീയ തലത്തില്‍ കോൺഗ്രസിന്‍റെ ശക്തി ക്ഷയിച്ചതും ജനതാദൾ പാർട്ടികളുടെ ഐകകണ്ഠ്യേനെയുള്ള പിന്തുണയും നിതീഷ് കുമാറിന് അനുകൂല ഘടകങ്ങളാണ്. 40 ലോക്‌സഭ സീറ്റുകളുള്ള ബിഹാര്‍ ദേശീയ രാഷ്‌ട്രീയത്തില്‍ നിർണായകമാണ്. ഹിന്ദി ഹൃദയഭൂമിയില്‍ നിന്നുള്ള ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവ് എന്നതും പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിതീഷ്‌കുമാറിനെ സഹായിക്കുന്ന കാര്യമാണ്.

താമരപ്പേടിയില്‍ ഒന്നിക്കുമോ പ്രതിപക്ഷം: ഒഡിഷയൊഴികെയുള്ള സംസ്ഥാനങ്ങളിലെല്ലാം ബിജെപിയുടെ വളർച്ച പ്രാദേശിക പാർട്ടികളെ അസ്വസ്ഥരാക്കുന്നുണ്ട്. ആന്ധ്രപ്രദേശില്‍ തല്‍ക്കാലം ജഗൻമോഹന് ഭീഷണിയില്ല. കോൺഗ്രസിന്‍റെ ദേശീയ നേതാക്കളെ മുഴുവൻ എൻഫോഴ്‌സ്‌മെന്‍റ് വളഞ്ഞിട്ട് പിടിക്കുകയാണ്. കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപിയുടേയും കേന്ദ്രസർക്കാരിന്‍റെയും ഇടപെടലുകൾ സിപിഎമ്മിനും ഡിഎംകെയ്ക്കും ദിവസവും തലവേദനയാണ്.

അതുകൊണ്ടുതന്നെ പ്രതിപക്ഷത്തുള്ള പ്രാദേശിക പാർട്ടികൾക്കും ഇടതുപാർട്ടികൾക്കും ഒന്നിക്കുക എന്ന ലക്ഷ്യം മുന്നിലുണ്ട്. മമത ബാനർജി, കെസിആർ, ശരദ്‌ പവാർ എന്നിവരുടെ നിലപാടാണ് ഇക്കാര്യത്തില്‍ നിർണായകമാകുക. നിതീഷ് കുമാറിന്‍റെ വരവ് ബിഹാറിന് പുറത്തേക്ക് മഹാപ്രതിപക്ഷ സഖ്യം എന്ന ആശയത്തെ സമ്പുഷ്‌ടമാക്കാൻ പോന്നതാണോ എന്നതാണ് രാഷ്ട്രീയ വിദഗ്ധർ ഉറ്റുനോക്കുന്നത്.

ഒന്നും പറയാതെ കോൺഗ്രസ്: പ്രതിപക്ഷ ഐക്യത്തില്‍ കോൺഗ്രസിന്‍റെ നിലപാട് ഇനിയും വ്യക്തമാകാനുണ്ട്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള അറസ്റ്റിലും റെയ്‌ഡിലും അന്വേഷണത്തിലും പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും പ്രവർത്തകർക്കൊപ്പം തെരുവില്‍ സമരവുമായി രംഗത്തുണ്ട്. പക്ഷേ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം പോലെയുള്ള നയപരമായ കാര്യങ്ങളില്‍ രാഹുലിനൊപ്പം സോണിയ ഗാന്ധിയും മനസ് തുറന്നിട്ടില്ല. കോൺഗ്രസ് കൂടിയില്ലാതെ പ്രതിപക്ഷ ഐക്യം സാധ്യവുമല്ല. ബിഹാറിലെ മഹാഗഡ്‌ബന്ധൻ വിജയമായാല്‍ അത് ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിന് ഊർജം പകരുമെന്ന് മാത്രമാണ് ഇപ്പോൾ പറയാനാകുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.