ETV Bharat / bharat

നാഷണൽ ഹെറാൾഡ്: രാഹുൽ ​ഗാന്ധിക്കും സോണിയ ​ഗാന്ധിക്കും ഇഡി നോട്ടീസ്

author img

By

Published : Jun 1, 2022, 4:41 PM IST

ഇരുവരും ജൂണ്‍ എട്ടിന് മുന്‍പ്‌ ഹാജരാകണം. ബിജെപി സര്‍ക്കാരിന്‍റെ വിലകുറഞ്ഞ നടപടികളെ ഭയക്കുന്നില്ലെന്ന് കോണ്‍ഗ്രസ്

National Herald Money Laundering case  ED summons Sonia Gandhi and Rahul Gandhi  National Herald daily  young Indian pvt limited  നാഷണല്‍ ഹെറാള്‍ഡ്‌ പത്രം  നാഷണല്‍ ഹെറാള്‍ഡ്‌ കേസ്‌  സോണിയാ ഗാന്ധി രാഹുല്‍ ഗാന്ധി ഇഡി  ഗാന്ധി കുടുംബം ഇഡി കേസ്‌
നാഷണല്‍ ഹെറാള്‍ഡ്‌ കേസ്‌; സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇഡി നോട്ടീസ്‌ അയച്ചു

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ്‌ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ്‌ അയച്ചു. ഇരുവരും ജൂണ്‍ എട്ടിന് മുന്‍പ്‌ ഹാജരാകണം.

ഇഡിയുടെ നടപടിയെ അപലപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപി സര്‍ക്കാര്‍ രാഷ്‌ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇഡി വിചാരിച്ചാല്‍ നാഷണല്‍ ഹെറാള്‍ഡ്‌ പത്രത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്താനോ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഭയപ്പെടുത്താനോ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ്‌ അഭിഷേക്‌ മനു സിങ്‌വി പറഞ്ഞു.

ബിജെപി സര്‍ക്കാരിന്‍റെ ഇത്തരം വിലകുറഞ്ഞ നടപടികളെ കോണ്‍ഗ്രസ് നേതൃത്വം ഭയക്കുന്നില്ലെന്നും ഏത്‌ അന്വേഷണവുമായും സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബ്രിട്ടീഷ്‌ ഭരണകൂടം നാഷണല്‍ ഹെറാള്‍ഡിനെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന് സമാനമായാണ് മോദി സര്‍ക്കാരിന്‍റെ നടപടിയെന്ന് കോണ്‍ഗ്രസ് നേതാവ്‌ രണ്‍ദീപ്‌ സുർജേവാല പറഞ്ഞു. കോണ്‍ഗ്രസ് നിയമപരമായി തന്നെ ഇതിനെതിരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി വിദേശത്താണ്‌. ജൂണ്‍ എട്ടിന് മുന്‍പ് തിരിച്ചെത്തിയാല്‍ അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകും ഇല്ലെങ്കില്‍ സമയം നീട്ടി ചോദിക്കുമെന്നും അഭിഷേക്‌ മനു സിങ്‌വി വ്യക്തമാക്കി.

അസോസിയറ്റ് ജേണൽ ലിമിറ്റഡിന്‍റെ കീഴില്‍ പ്രവര്‍ത്തിച്ച നാഷണല്‍ ഹെറാള്‍ഡ്‌ പത്രം യങ്‌ ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ്‌ ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേട്‌ നടന്നിട്ടുണ്ടെന്ന് ആരോപിച്ച് 2013ല്‍ ബിജെപി നേതാവ്‌ സുബ്രമണ്യ സ്വാമി നല്‍കിയ പരാതിയിലാണ് ഇഡി അന്വേഷണം നടക്കുന്നത്.

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി ഉള്‍പ്പെടുന്ന ഗാന്ധി കുടുംബത്തിന്‍റെതാണ് യങ്‌ ഇന്ത്യന്‍ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും. 90.25 കോടി വിലയുള്ള നാഷണൽ ഹെറാള്‍ഡിന്‍റെ ഓഹരികള്‍ വെറും 50 ലക്ഷം കൊടുത്താണ് യങ്‌ ഇന്ത്യൻ വാങ്ങിയതെന്ന്‌ സുബ്രമണ്യ സ്വാമി നല്‍കിയ പരാതിയില്‍ പറയുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി നേരത്തെ കോണ്‍ഗ്രസ് നേതാവ്‌ മല്ലിഖാര്‍ജുൻ ഖര്‍ഗെ, പവന്‍ ബന്‍സല്‍ എന്നിവരെ ഇഡി ചോദ്യം ചെയ്‌തിരുന്നു.

കേസില്‍ മറുപടി ആവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയില്‍ ഡല്‍ഹി കോടതി സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് നോട്ടീസ്‌ നല്‍കിയിരുന്നു. എന്നാല്‍ സ്വാമിയുടെ പരാതി അടിസ്ഥാന രഹിതമാണെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ വിശദീകരണം. സ്വാതന്ത്യ്ര സമരകാലത്ത് നെഹ്‌റുവാണ് നാഷണല്‍ ഹെറാള്‍ഡ്‌ പത്രം ആരംഭിക്കുന്നത്. കോണ്‍ഗ്രസിന്‍റെ മുഖ പത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്‍റെ പ്രവര്‍ത്തനം 2008ല്‍ നിലച്ചിരുന്നു ഇതിന് ശേഷമാണ് യങ്‌ ഇന്ത്യൻ പത്രം ഏറ്റെടുക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.