ETV Bharat / bharat

യുപി മുന്‍ മുഖ്യമന്ത്രി മുലായം സിങ്‌ യാദവ് അന്തരിച്ചു

author img

By

Published : Oct 10, 2022, 9:45 AM IST

Updated : Oct 10, 2022, 10:31 AM IST

മൂന്ന് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധ മന്ത്രിയുമായിരുന്ന സമാജ്‌വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവ് 82ാം വയസിലാണ് ജീവിതത്തില്‍ നിന്നും വിടവാങ്ങുന്നത്

Mulayam Singh Yadav  Mulayam Singh Yadav passes away  Mulayam Singh Yadav  യുപി മുന്‍ മുഖ്യമന്ത്രി മുലായം സിങ്‌ യാദവ്  മുലായം സിങ്‌ യാദവ് അന്തരിച്ചു  സമാജ്‌വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവ്  സമാജ്‌വാദി പാർട്ടി
യുപി മുന്‍ മുഖ്യമന്ത്രി മുലായം സിങ്‌ യാദവ് അന്തരിച്ചു

ലഖ്നൗ: സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവ് അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെ 9മണിയോടെയാണ് അദ്ദേഹത്തിന്‍റെ വിയോഗം.

കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായി ഒരു സമാന്തര ജനാധിപത്യ രാഷ്‌ട്രീയം കെട്ടിപ്പടുത്തതിലൂടെ ശ്രദ്ധേയനായ നേതാവാണ് മുലായം. ഇടതുപക്ഷ ആശയങ്ങളുടെ ഓരം പിടിച്ചാണ് അദ്ദേഹം പാര്‍ട്ടിയെ മുന്നോട്ടുനയിച്ചത്. 10 തവണ എംഎൽഎ, ഏഴ്‌ തവണ പാർലമെന്‍റംഗം, മൂന്ന് തവണ സംസ്ഥാന മുഖ്യമന്ത്രി, ഒരു തവണ രാജ്യത്തിന്‍റെ പ്രതിരോധ മന്ത്രി എന്നിങ്ങനെയാണ് മുലായം വഹിച്ച പദവികള്‍.

ഫയല്‍വാനില്‍ നിന്നും രാഷ്‌ട്രീയക്കാരനിലേക്ക്: 1939 നവംബർ 31ന് ഇറ്റാവയിലെ സൈഫായി ഗ്രാമത്തിലാണ് ജനനം. 15 വയസുള്ളപ്പോഴാണ് അദ്ദേഹം സോഷ്യലിസത്തില്‍ ആകൃഷ്‌ടനായത്. അക്കാലത്തെ ഉന്നതനായ സോഷ്യലിസ്റ്റ് നേതാവായിരുന്ന ഡോ. റാം മനോഹർ ലോഹ്യയുടെ സ്വാധീനമാണ് ഈ പാതയിലേക്ക് നയിച്ചത്. തുടര്‍ന്ന് നടന്ന പോരാട്ടങ്ങളുടെ ഭാഗമായി മൂന്ന് മാസം ജയില്‍ വാസം അനുഭവിച്ചു. രാഷ്‌ട്രീയത്തില്‍ സജീവമായി പങ്കാളിയായെങ്കിലും ആഗ്ര സർവകലാശാലയ്‌ക്ക് കീഴിലെ ബിആർ കോളജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ എംഎ നേടി.

മകൻ ഒരു ഗുസ്‌തിക്കാരനാകണം എന്നായിരുന്നു പിതാവ് സുധർ സിങിന്‍റെ ആഗ്രഹം. ഗുസ്‌തി മത്സരങ്ങളില്‍ താത്പര്യം പ്രകടിപ്പിച്ച ആ ഫയല്‍വാന് പില്‍ക്കാലത്ത് രാഷ്‌ട്രീയ ഗോദയില്‍ ഇറങ്ങാനായിരുന്നു നിയോഗം. 1967ൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ചു ജയിച്ച അദ്ദേഹം ഉത്തര്‍പ്രദേശ് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിയിരുന്നു.

മൂന്നാം മുന്നണിയുടെ ശില്‍പി: 1992ലാണ് സമാജ്‌വാദി പാർട്ടി രൂപംകൊണ്ടത്. ചന്ദ്രശേഖറിന്‍റെ സമാജ്‌വാദി ജനത പാർട്ടിയുടെ സഹയാത്രികനായി നടന്ന ശേഷമാണ് സ്വന്തമായൊരു പാര്‍ട്ടിയിലേക്ക് അദ്ദേഹം കടന്നത്. പ്രാദേശിക പാർട്ടികൾക്ക് ദേശീയ തലത്തില്‍ ചലനമുണ്ടാക്കാന്‍ കഴിയുമെന്ന് ആളുകള്‍ വിശ്വസിക്കാന്‍ പാടുപെടുന്ന സമയത്താണ് അദ്ദേഹം എസ്‌പിയ്‌ക്ക് ജന്മം നല്‍കിയത്. പാര്‍ട്ടി സ്ഥാപിച്ച് വെറും നാല് വർഷത്തിനുള്ളിൽ ദേശീയ തലത്തിലും ചലനം കൊണ്ടുവരാന്‍ തങ്ങളുടെ പാര്‍ട്ടിക്കാവുമെന്ന് മുലായം തെളിയിച്ചു.

പ്രത്യക്ഷത്തിൽ തമ്മില്‍ 'യുദ്ധം' ചെയ്യുന്ന കോൺഗ്രസിനും ഇടതുമുന്നണിയ്‌ക്കും പുറമെ ദേശീയ തലത്തില്‍ മറ്റൊരു മൂന്നാം മതേതര ശബ്‌ദമാവാന്‍ എസ്‌പിയ്‌ക്കായി. ബിജെപി, കോൺഗ്രസ് വിരുദ്ധ ശക്തികൾ ഉൾപ്പെടുന്ന മൂന്നാം മുന്നണി രൂപീകരിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയതിന്‍റെ ഫലമാണ് കോണ്‍ഗ്രസിനെയും ബിജെപിയെയും തറപറ്റിച്ച് 1996ലെ എച്ച്ഡി ദേവഗൗഡ സര്‍ക്കാര്‍. ഈ ഭരണകൂടത്തിലെ പ്രതിരോധ മന്ത്രിയായിരുന്നു അദ്ദേഹം.

1996 നും 1998 നും ഇടയിലുള്ള കാലയളവില്‍ എച്ച്ഡി ദേവഗൗഡയും, ഐകെ ഗുജ്‌റാളും പ്രധാനമന്ത്രി പദം അലങ്കരിച്ച രണ്ട് സർക്കാരുകൾ രൂപീകരിക്കുന്നതിൽ അദ്ദേഹം അതുല്യമായ സംഭാവന നല്‍കി. കേന്ദ്രത്തിൽ സംസ്ഥാനതല പാർട്ടികളുടെ സാന്നിധ്യവും പ്രാധാന്യവും വ്യക്തമാക്കുന്നതായിരുന്നു ഈ നീക്കം. ''വ്യക്തിപ്രഭാവം അണയാതെ നില്‍ക്കുന്ന ഒരു നേതാവുണ്ടെങ്കില്‍, അയാളുടെ പേരാണ് മുലായം സിങ്''. അതുകൊണ്ടുതന്നെയാണ് രാഷ്‌ട്രീയ ഇന്ത്യ അദ്ദേഹത്തെ ഇങ്ങനെ അടയാളപ്പെടുത്തുന്നത്.

Last Updated :Oct 10, 2022, 10:31 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.