ETV Bharat / bharat

കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ ; പ്രതി ഒളിവില്‍

author img

By

Published : Apr 10, 2023, 5:49 PM IST

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം രണ്ടുദിവസങ്ങള്‍ക്കിപ്പുറം ഒരേ കെട്ടിടത്തില്‍ താമസിക്കുന്ന അയല്‍വാസിയുടെ വീട്ടില്‍ നിന്ന് ബാഗില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി

Missing two year old girl body found  body found stuffed in a bag  Noida  Uttar pradesh  Greater Noida  കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം  മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍  ബാഗില്‍ ഒളിപ്പിച്ച നിലയില്‍  പ്രതി ഒളിവില്‍  ഗ്രേറ്റര്‍ നോയിഡ  ഉത്തര്‍പ്രദേശ്  പെണ്‍കുട്ടി  പൊലീസ്
കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ ബാഗില്‍ ഒളിപ്പിച്ച നിലയില്‍

നോയിഡ (ഉത്തര്‍പ്രദേശ്) : ഗ്രേറ്റര്‍ നോയിഡയില്‍ കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ കുടുംബം വാടകയ്‌ക്ക് താമസിക്കുന്ന വീട്ടില്‍ തന്നെ മറ്റൊരു ഭാഗത്തായി താമസിച്ചിരുന്ന അയല്‍വാസിയുടെ മുറിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്. എന്നാല്‍ കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്ന സംഭവത്തില്‍ അയല്‍വാസി ഒളിവിലാണ്.

ആദ്യം കാണാനില്ലെന്ന പരാതി : ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്‌പൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ദേവ്‌ല ഗ്രാമത്തില്‍ വാടകയ്‌ക്ക് താമസിച്ചുവന്നിരുന്ന കുടുംബത്തിലെ രണ്ട് വയസുകാരിയെ ഏപ്രില്‍ ഏഴിനാണ് കാണാതാവുന്നത്. തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ കുടുംബം പൊലീസില്‍ പരാതി നല്‍കി. സംഭവ ദിവസം കാലത്ത് താന്‍ ജോലിക്കായി പുറത്തേക്കിറങ്ങിയെന്നും വീട്ടിലുണ്ടായിരുന്ന ഭാര്യ ഉച്ചയ്‌ക്ക് രണ്ടുമണിയോടെ മാര്‍ക്കറ്റിലേക്ക് പോയെന്നും കുട്ടിയുടെ പിതാവ് പരാതിയില്‍ പറഞ്ഞു. എന്നാല്‍ മാര്‍ക്കറ്റില്‍ നിന്ന് ഇവര്‍ മടങ്ങിയെത്തിയപ്പോള്‍ കുട്ടിയെ കാണ്മാനില്ലായിരുന്നു. പരാതിയിന്മേല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 363ാം വകുപ്പ് പ്രകാരം എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് അന്വേഷണത്തിനായി മൂന്ന് ടീമുകളെ നിയോഗിച്ചു.

മൃതദേഹം കണ്ടെടുത്ത് പൊലീസ് : ഇവര്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നുതന്നെ ദുര്‍ഗന്ധം വമിക്കുന്നതായി ഞായറാഴ്‌ച പൊലീസിന് വിവരം കിട്ടി. തുടര്‍ന്ന് പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസിയുടെ വീട്ടില്‍ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ മൃതദേഹം കണ്ടെടുത്തത്. ഉത്തര്‍പ്രദേശിലെ ബല്ലിയ സ്വദേശിയായ അയല്‍വാസി ഒളിവിലാണെന്നും സെന്‍ട്രല്‍ നോയിഡ അഡീഷണല്‍ ഡിസിപി രാജീവ് ദീക്ഷിത് പറഞ്ഞു. പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് അറിയുന്നതെന്നും പ്രതിയെന്ന് സംശയിക്കുന്നയാള്‍ ദിവസവേതന തൊഴിലാളിയാണെന്നും സെന്‍ട്രല്‍ നോയിഡ എസിപി സുമിത് ശുക്ല വ്യക്തമാക്കി.

ജോത്സ്യന്‍ പറഞ്ഞതിനെ തുടര്‍ന്ന് കൊല : കഴിഞ്ഞദിവസം കൊല്‍ക്കത്തയില്‍ അയല്‍വാസിയുടെ ഏഴുവയസുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തിയയാള്‍ പൊലീസ് പിടിയിലായിരുന്നു. കൊല്‍ക്കത്തയിലെ തില്‍ജലയില്‍ അലോക്‌ കുമാറാണ് ജോത്സ്യന്‍റെ വാക്കുകേട്ട് കുഞ്ഞ് പിറക്കാനായി അയല്‍വാസിയുടെ ഏഴുവയസുകാരിയെ കൊലപ്പെടുത്തിയത്. ബിഹാറില്‍ ജനിച്ച് ഉപജീവനത്തിനായി അടുത്തിടെ തില്‍ജലയിലേക്ക് താമസം മാറിയ പ്രതി ചോദ്യം ചെയ്യലിലാണ് പൊലീസിനോട് സത്യം തുറന്നുസമ്മതിക്കുന്നത്.

തുടര്‍ച്ചയായി മൂന്നുതവണത്തെ ഗര്‍ഭാലസ്യത്തെ തുടര്‍ന്ന് വിഷമിക്കുകയായിരുന്നു അലോകിന്‍റെ ഭാര്യ. ഈസമയം അലോക് തന്‍റെ പരിചയത്തിലുള്ള ബിഹാറിലെ ഒരു ജോത്സ്യനെ ഫോണില്‍ ബന്ധപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദൈവത്തിന് ബലിനല്‍കിയാല്‍ നിങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറക്കുമെന്ന് ഇയാള്‍ അലോകിനെ വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ജോത്സ്യന്‍റെ വാക്ക് വിശ്വസിച്ച് പ്രതി അയല്‍വാസിയുടെ മകളെ കൊലപ്പെടുത്തി വീട്ടിനകത്ത് ബാഗില്‍ സൂക്ഷിക്കുകയായിരുന്നു.

പ്രതി പിടിയിലാകുന്നത് ഇങ്ങനെ : എന്നാല്‍ സംഭവദിവസം (26-03-2023) കാലത്ത് എട്ടുമണിയോടെയാണ് വീട്ടിലെ മാലിന്യം കളയാനായി പുറത്തുപോയ പെണ്‍കുട്ടിയെ കാണാതാകുന്നത്. കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പരിസരപ്രദേശം അരിച്ചുപെറുക്കുകയും ബന്ധപ്പെട്ടവരോട് അന്വേഷിക്കുകയും ചെയ്‌തു. എന്നിട്ടും കുട്ടിയെ കണ്ടെത്താനാവാതെ വന്നതോടെ ഇവര്‍ തില്‍ജല പൊലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. മാത്രമല്ല പെണ്‍കുട്ടി അയല്‍വാസിയുടെ വീട്ടിലേക്ക് പോയിരിക്കാം എന്ന സംശയവും അവര്‍ പൊലീസിനോട് പങ്കുവച്ചു.

തുടക്കത്തില്‍ അന്വേഷണത്തില്‍ തിടുക്കം കാണിക്കാതിരുന്ന പൊലീസ് പിന്നീടാണ് അയല്‍വാസിയുടെ ഫ്ലാറ്റിലെത്തുന്നത്. ഇവിടെ നടത്തിയ പരിശോധനയില്‍ ഒളിപ്പിച്ച നിലയില്‍ ഒരു ബാഗ് പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് അത് തുറന്നപ്പോള്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത നിലയിലും ഗുരുതരമായ പരിക്കുകളോടെയും ബാഗിനുള്ളില്‍ കുത്തിനിറച്ച രീതിയില്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ വീട്ടുടമ അലോക് കുമാറിനെ പൊലീസ് ചോദ്യം ചെയ്യുകയും അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.