സീതാപൂർ (ഛത്തീസ്‌ഗഡ്): പാലിന്‍റെ പണം നൽകിയില്ലെന്ന് ആരോപിച്ച് വിൽപ്പനക്കാരന്‍റെ ക്രൂര മർദനത്തിനിരയായ യുവതിയുടെ ഗർഭം അലസി. ഛത്തീസ്‌ഗഡിലെ സീതാപൂരിലെ ബർബഹ്‌ല ഗ്രാമത്തിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. യുവതിയുടെയും ബന്ധുക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിൽ പാൽ വിൽപ്പനക്കാരനായ നാരായണ്‍ യാദവിനെയും ഇയാളുടെ രണ്ട് മക്കളെയും സീതാപൂർ പൊലീസ് അറസ്റ്റ് ചെയ്‌തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഡിസംബർ 29 നാണ് നാരായൺ യാദവിന്‍റെ മകൻ ഈശ്വർ യാദവ് പാലിന് നൽകാനുള്ള 2100 രൂപ ആവശ്യപ്പെട്ട് വിജയ് സോണിയെന്ന യുവാവിന്‍റെ വീട്ടിലേക്കെത്തിയത്. എന്നാൽ വിജയ് വീട്ടിലില്ലാത്തതിനാൽ അടുത്ത ദിവസം വരാൻ ഇയാളുടെ അമ്മ ഈശ്വർ യാദവിനോട് ആവശ്യപ്പെട്ടു. എന്നാൽ പണം അപ്പോൾ തന്നെ വേണമെന്ന് ഈശ്വർ ആവശ്യപ്പെട്ടതോടെ ഇരുകൂട്ടരും തമ്മിൽ തർക്കത്തിലായി.
ഇതിനിടെ നാരായണ്‍ യാദവും രണ്ട് മക്കളും ചേർന്ന് വിജയ് സോണിയുടെ വീട്ടിലേക്ക് പ്രവേശിക്കുകയും അവിടെയുണ്ടായിരുന്നവരെ മർദിക്കുകയുമായിരുന്നു. ഇതിനിടെ വീട്ടിൽ എത്തിയ ഇയാളുടെ ഗർഭിണിയായ ഭാര്യാസഹോദരിയേയും പ്രതികൾ മർദിച്ചു. ക്രൂരമായ മർദത്തിനിരയായതിനെത്തുടർന്ന് യുവതിയുടെ ഗർഭം അലസുകയായിരുന്നു.
മർദനത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി. തുടർന്ന് യുവതിയും കുടുംബവും പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേരെയും പിടികൂടി. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.