ETV Bharat / bharat

ദൃശ്യകലയിലെ ശില്‍പ്പഭദ്രത ; ഓര്‍മകളില്‍ ഭരതന്‍, വിയോഗത്തിന് കാല്‍നൂറ്റാണ്ട്

author img

By

Published : Jul 30, 2023, 2:18 PM IST

Legend Malayalam director Bharathan  director Bharathan  Bharathan  Bharathan death anniversary special  Bharathan death  Bharathan death anniversary  മലയാള സിനിമയുടെ അമരക്കാരന്‍  മലയാള സിനിമ  ഭരതന്‍റെ ഓര്‍മകള്‍ക്ക് കാല്‍നൂറ്റാണ്ട്  ഭരതന്‍റെ ഓര്‍മകള്‍  വെള്ളിത്തിരയെ വിസ്‌മയിപ്പിച്ച ഭരതന്‍  ഭരതന്‍റെ ഓര്‍മയില്‍ സിനിമ ലോകം  ഭരതന്‍  പത്മരാജനും ഭരതനും ഒന്നിച്ചപ്പോള്‍  മലയാള സിനിമയിലെ കാല്‍പ്പനിക കാലഘട്ടം  തേവര്‍മകന്‍ ഭരതന്‍റെ മികച്ച തമിഴ് ചിത്രം  തീരാ നോവായി ഭരതന്‍
മലയാള സിനിമയുടെ അമരക്കാരന്‍; വെള്ളിത്തിരയെ വിസ്‌മയിപ്പിച്ച ഭരതന്‍റെ ഓര്‍മകള്‍ക്ക് കാല്‍നൂറ്റാണ്ട്

ഭരതന്‍റെ ഓര്‍മയില്‍ മലയാള സിനിമാലോകം. വിടവാങ്ങിയിട്ട് 25 വര്‍ഷങ്ങള്‍

ഭരതന്‍, മലയാള സിനിമയില്‍ വിസ്‌മയ സൃഷ്‌ടികളൊരുക്കിയ മഹാപ്രതിഭ. സംവിധായകന്‍, തിരക്കഥാകൃത്ത്, ചിത്രസംയോജകന്‍, ഗാന രചയിതാവ്, കലാസംവിധായകന്‍ തുടങ്ങി പലനിലകളില്‍ മികവുതെളിയിച്ച ചലച്ചിത്രകാരന്‍.

ഭരതന്‍റെ ഓര്‍മകള്‍ക്ക് കാല്‍നൂറ്റാണ്ട് : അദ്ദേഹം വിടവാങ്ങിയിട്ട് ഇന്നേക്ക് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. കാല്‍നൂറ്റാണ്ടുകാലത്തെ ചലച്ചിത്ര സപര്യയില്‍ 40 മികവുറ്റ ചിത്രങ്ങളാണ് അദ്ദേഹത്തില്‍ നിന്ന് മലയാളത്തിന് ലഭിച്ചത്. പച്ചയായ ജീവിതങ്ങളുടെ സൗന്ദര്യവും നോവുമായിരുന്നു അദ്ദേഹത്തിന്‍റെ സിനിമകള്‍. പ്രേക്ഷക മനസില്‍ പ്രണയവും ഗൃഹാതുരതയും വൈകാരിക വിക്ഷോഭങ്ങളുമെല്ലാം നിറച്ച സംവിധായകന്‍. നിറക്കൂട്ടുകളും സംഗീതവും ചാലിച്ചൊരുക്കിയ സിനിമകളുടെ സ്രഷ്‌ടാവ്.

1946 നവംബര്‍ 14ന്‌ പാലിശ്ശേരി പരമേശ്വര മേനോന്‍റെയും കാർത്ത്യായനി അമ്മയുടെയും മകനായി ജനിച്ചു. പ്രശസ്‌ത ചലച്ചിത്ര സംവിധായകന്‍ പി.എന്‍ മേനോന്‍റെ ജ്യേഷ്‌ഠ പുത്രന്‍ കൂടിയായിരുന്നു. പ്രശസ്‌ത നാടക ചലച്ചിത്ര നടി കെ.പി.എ.സി. ലളിത ഭാര്യ ആണ്. നടനും സംവിധായകനുമാണ് മകൻ സിദ്ധാർഥ് ഭരതന്‍.

പ്രചോദനമായി പി.എന്‍ മേനോന്‍ : അമ്മാവനും സംവിധായകനുമായ പി.എന്‍ മേനോന്‍ ആണ് സിനിമയിലേയ്‌ക്കുള്ള അദ്ദേഹത്തിന്‍റെ പ്രചോദനം. പി.എന്‍ മേനോനും വിന്‍സെന്‍റുമായിരുന്നു അദ്ദേഹത്തെ സിനിമയിലേയ്‌ക്ക് കൈ പിടിച്ചുയര്‍ത്തിയത്.

ഭരതന്‍ എന്ന സംഗീത സംവിധായകന്‍ : സംവിധായകന് പുറമെ ഒരു തിരക്കഥാകൃത്ത് കൂടിയായിരുന്നു അദ്ദേഹം. കൂടാതെ അദ്ദേഹത്തിന്‍റെ തന്നെ ഏതാനും ചിത്രങ്ങള്‍ക്ക് വേണ്ടി ഭരതന്‍ ഗാനങ്ങള്‍ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്‌തു. ഭരതന്‍റെ സംഗീത പ്രാവീണ്യത്തിന് ഉദാഹരണമാണ് 'കേളി' എന്ന സിനിമയിലെ 'താരം വാൽക്കണ്ണാടി നോക്കി' എന്ന ഗാനം. കൈതപ്രത്തിന്‍റെ ഗാന രചനയില്‍ ഭരതന്‍റെ സംഗീതത്തില്‍ കെ.എസ് ചിത്രയാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.

'കേളി'യിലെ തന്നെ 'ഓലേലം പാടി' എന്ന ഗാനത്തിനും അദ്ദേഹം സംഗീതം ഒരുക്കി. കൂടാതെ 'ഈണം' എന്ന സിനിമയിലെ 'മാലേയ ലേപനം', 'അമ്പാടിക്കുട്ടാ' എന്നീ ഗാനങ്ങള്‍ക്കും അദ്ദേഹം സംഗീതം പകര്‍ന്നു. 'കാതോട് കാതോരം' എന്ന സിനിമയ്‌ക്ക് വേണ്ടി പ്രശസ്‌ത സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍റെ കൂടെയും അദ്ദേഹം പ്രവര്‍ത്തിച്ചു.

കലാസംവിധായകനായി അരങ്ങേറ്റം: സ്‌കൂള്‍ ഓഫ് ഫൈൻ ആർട്‌സിൽ നിന്ന് ഡിപ്ലോമ നേടിയ ശേഷം, കലാസംവിധായകനായി ചലച്ചിത്ര ലോകത്തേക്ക് ചുവടുവച്ചു. 1972ല്‍ പുറത്തിറങ്ങിയ വിൻസെന്‍റ് ചിത്രം 'ഗന്ധർവ ക്ഷേത്രം' എന്ന സിനിമയിലൂടെ കലാസംവിധായകനായി സിനിമയില്‍ അരങ്ങേറ്റം. പിന്നീട്‌ ഏതാനും സിനിമകളില്‍ കലാസംവിധായകനായും സഹ സംവിധായകനായും പ്രവര്‍ത്തിച്ചു.

അരങ്ങേറ്റ ചിത്രത്തിന് ദേശീയ പുരസ്‌കാരം : 1975ല്‍ 'പ്രയാണം' എന്ന ചിത്രം സംവിധാനം ചെയ്‌ത് സ്വതന്ത്ര സംവിധായകനായി. പത്മരാജന്‍റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിന് ആ വര്‍ഷത്തെ ഏറ്റവും നല്ല പ്രാദേശിക ഭാഷാചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.

പത്മരാജനും ഭരതനും ഒന്നിച്ചപ്പോള്‍: പിന്നീട് പത്മരാജന്‍ - ഭരതന്‍ കൂട്ടുകെട്ടില്‍ മലയാളത്തില്‍ നിരവധി മികവുറ്റ സിനിമകള്‍ പിറന്നു. പത്മരാജനും ഭരതനും ഒന്നിച്ചപ്പോള്‍ അത് മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടമായി. പത്മരാജന്‍ സ്വതന്ത്ര സംവിധായകന്‍ ആകുന്നതിന് മുമ്പ് ഇരുവരും ചേര്‍ന്ന് നിരവധി ചിത്രങ്ങള്‍ ഒരുക്കി. 'തകര', 'രതിനിര്‍വേദം' എന്നിവ അവയില്‍ പ്രധാനമാണ്. ഭരതന്‍റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു 'തകര'.

മലയാള സിനിമയിലെ കാല്‍പ്പനിക കാലഘട്ടം: മലയാള സിനിമയില്‍ കാല്‍പ്പനിക തരംഗത്തിന് തുടക്കമിട്ട സംവിധായകനാണ് ഭരതന്‍. പിന്നീട് മറ്റ് പ്രശസ്‌ത സംവിധായകരും ഭരതന്‍റെ പാത പിന്തുടർന്നു. 'വൈശാലി', 'അമരം', 'ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം', 'പാലങ്ങള്‍', 'മര്‍മരം', 'കാതോട്‌ കാതോരം', 'ചാമരം', 'ഓര്‍മ്മയ്‌ക്കായ്‌', 'കാറ്റത്തെ കിളിക്കൂട്', തുടങ്ങിയവ അവിസ്‌മരണീയ ചിത്രങ്ങളാണ്.

എം.ടി വാസുദേവന്‍ നായര്‍ ഭരതന്‍ കൂട്ടുകെട്ടില്‍ ഹിറ്റുകള്‍ : പത്മരാജന് പുറമെ എം.ടി വാസുദേവന്‍ നായരോടൊത്തും ഭരതന്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ 1988ല്‍ പുറത്തിറങ്ങിയ 'വൈശാലി'യാണ് അദ്ദേഹത്തിന്‍റെ മാസ്‌റ്റര്‍പീസായി കണക്കാക്കപ്പെടുന്നത്. 'താഴ്‌വാരം' ആണ് ഈ കൂട്ടുകെട്ടില്‍ പിറന്ന മറ്റൊരു ഹിറ്റ് ചിത്രം.

തമിഴില്‍ തേവര്‍മകന്‍ : ശിവാജി ഗണേശനും കമല്‍ ഹാസനും ഒന്നിച്ചഭിനയിച്ച ഈ ചിത്രം തമിഴിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ്. പല ഭാഷകളിലും പുനര്‍നിര്‍മിക്കപ്പെട്ട 'തേവര്‍മകന്‍' നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു.

മികച്ച ചിത്രം, സഹനടി, പിന്നണി ഗായിക, ഓഡിയോഗ്രഫി, പ്രത്യേക ജൂറി അവാര്‍ഡ് - നടന്‍ എന്നീ വിഭാഗങ്ങളില്‍ സിനിമയ്‌ക്ക് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍, 1994ല്‍ മികച്ച രണ്ടാമത്തെ ചിത്രം, നടന്‍, കൊറിയോഗ്രാഫര്‍ എന്നീ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ നല്‍കി. ഈ സിനിമ പ്രിയദര്‍ശന്‍ 'വിരാസത്' എന്ന പേരില്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്‌തിരുന്നു.

പുരസ്‌കാര നേട്ടങ്ങളും ബഹുമതികളും: മികച്ച സംവിധായകന്‍ - മര്‍മരം, ഓര്‍മ്മയ്‌ക്കായ് (1982).മികച്ച ചിത്രം - മര്‍മരം (1982)മികച്ച ജനപ്രിയ ചിത്രം - ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം (1987).

മികച്ച ജനപ്രിയ ചിത്രം - വെങ്കലം (1992).മികച്ച രണ്ടാമത്തെ ചിത്രം - ചാമരം (1980), ഓര്‍മ്മയ്‌ക്കായ് (1982).മികച്ച കലാസംവിധായകന്‍ - പ്രയാണം (1975), തകര (1979), ചാമരം (1980), ചാട്ട (1981), ഓര്‍മ്മയ്‌ക്കായ് (1982), ഇത്തിരി പൂവേ ചുവന്നപൂവേ (1987).

വിയോഗം : 1998 ജൂലൈ 30നാണ് അദ്ദേഹം അന്തരിച്ചത്. വിട പറയുമ്പോള്‍ 52 വയസ്സായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ ചലനങ്ങള്‍ സൃഷ്‌ടിച്ച ഈ അതുല്യ പ്രതിഭയുടെ വിയോഗം മലയാള സിനിമയ്‌ക്ക് ഇന്നും കനത്ത നഷ്‌ടമായി തുടരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.