ETV Bharat / bharat

'രാജ്യദ്രോഹവുമായി ബന്ധപ്പെട്ട വകുപ്പ് നിലനിര്‍ത്തണം, എന്നാല്‍ ഭേദഗതി വേണം'; റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ലോ കമ്മിഷന്‍

author img

By

Published : Jun 2, 2023, 3:50 PM IST

നിയമ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ലോ കമ്മിഷന്‍റെ ശുപാര്‍ശകള്‍

Law Commission report  Section dealing with sedition  Law Commission  sedition  Section 124A  Indian Penal Code  രാജ്യദ്രോഹവുമായി ബന്ധപ്പെട്ട വകുപ്പ്  രാജ്യദ്രോഹം  റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ലോ കമ്മിഷന്‍  ലോ കമ്മിഷന്‍  ഐപിസി 124എ  കേന്ദ്ര സര്‍ക്കാര്‍  സുപ്രീം കോടതിയെ  കോടതി
'രാജ്യദ്രോഹവുമായി ബന്ധപ്പെട്ട വകുപ്പ് നിലനിര്‍ത്തണം, എന്നാല്‍ ഭേദഗതി വേണം'; റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ലോ കമ്മിഷന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷ നിയമത്തില്‍ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട 124എ വകുപ്പ് നിലനിര്‍ത്തണമെന്ന ശുപാര്‍ശയുമായി ലോ കമ്മിഷന്‍. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട 124എ വകുപ്പില്‍ കൂടുതൽ വ്യക്തത കൊണ്ടുവരാൻ ചില ഭേദഗതികള്‍ ഉള്‍പ്പടെ കൊണ്ടുവന്ന് നിലനിര്‍ത്തണമെന്ന് നിയമ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ലോ കമ്മിഷന്‍ ശുപാര്‍ശ ചെയ്‌തത്. ഐപിസിയിലെ ചാപ്‌റ്റര്‍ ആറിന് കീഴില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ക്ക് തുല്യമാണെന്ന് ഉറപ്പാക്കാന്‍ പ്രസ്‌തുത വകുപ്പിന് കീഴിലുള്ള ശിക്ഷ വ്യവസ്ഥ ഭേദഗതി ചെയ്യണമെന്നും ലോ കമ്മിഷന്‍ ശുപാർശ ചെയ്‌തിട്ടുണ്ട്.

റിപ്പോര്‍ട്ടില്‍ എന്തെല്ലാം: ഐപിസി 124എ വകുപ്പിന്‍റെ ദുരുപയോഗം സംബന്ധിച്ചുള്ള കാഴ്‌ചപാടുകള്‍ മനസിലാക്കി, ഇത് തടയുന്നതിനായി മാതൃകപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്നും ലോ കമ്മിഷന്‍ ശുപാര്‍ശയായി മുന്നോട്ടുവച്ചിട്ടുണ്ട്. മാത്രമല്ല ഐപിസി സെക്ഷൻ 124 എ പ്രകാരം ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് എഫ്‌ഐആർ ഫയൽ ചെയ്യുമ്പോള്‍ ബദലായി സിആര്‍പിസി സെക്ഷന്‍ 196(3), 1973 ലെ സിആര്‍പിസിക്ക് കീഴിലെ സെക്ഷന്‍ 154 എന്നിവ ഒരു വ്യവസ്ഥയായി സംയോജിപ്പിക്കാമെന്നും നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ ഇത് ഉൾപ്പെടുത്തുന്നത് ഈ വ്യവസ്ഥയുടെ ഉപയോഗവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് വളരെയധികം സഹായിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണെന്നും ഈ ശുപാര്‍ശകളിലേക്ക് നയിച്ച കാരണങ്ങളായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

വിശദമായ പഠനശേഷമുള്ള റിപ്പോര്‍ട്ട്: 'ഞങ്ങൾ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട നിയമത്തെക്കുറിച്ചും ഇന്ത്യയിൽ അതിന്‍റെ ഉപയോഗത്തെക്കുറിച്ചും സമഗ്രമായ പഠനം നടത്തി, അതിന്റെ ഉത്ഭവവും പുരോഗതിയും കണ്ടെത്തി' എന്നറിയിച്ചാണ് 22-ാമത് ലോ കമ്മിഷൻ ചെയർപേഴ്‌സൺ ജസ്‌റ്റിസ് റിതു രാജ് അവസ്‌ഥി രാജ്യദ്രോഹ നിയമത്തിന്റെ ഉപയോഗം അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് സമര്‍പ്പിച്ചിട്ടുള്ളത്. കൊളോണിയല്‍ ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലുമായുള്ള രാജ്യദ്രോഹത്തിന്‍റെ ചരിത്രം, രാജ്യദ്രോഹ നിയമം വ്യത്യസ്‌ത വിധിപ്രസ്‌താവത്തില്‍ എങ്ങനെ, ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെയും ഹൈക്കോടതികളുടെയും വിവിധ പ്രഖ്യാപനങ്ങൾ എന്നിവയെ വിശദമായി വിശകലനം ചെയ്‌താണ് കമ്മിഷന്‍റെ റിപ്പോര്‍ട്ട്. മാത്രമല്ല ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124എ വകുപ്പിന്‍റെ ഉപയോഗം, ഭേദഗതി നിര്‍ദേശങ്ങള്‍ എന്നിവയിലുള്ള സൂചനകള്‍ കൂടി ലഭിച്ചതായും ലോ കമ്മിഷന്‍ റിപ്പോര്‍ട്ടര്‍ വ്യക്തമാക്കി.

നിര്‍ദേശങ്ങളിലേക്കും റിപ്പോര്‍ട്ടിലേക്കും വന്നത് ഇങ്ങനെ: ഐപിസിയിലെ 124എയുടെ ഭരണഘടനാ സാധുത മുമ്പ് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ 124എ വകുപ്പില്‍ പുനഃപരിശോധന നടത്തിവരികയാണെന്നും അതുകൊണ്ടുതന്നെ കോടതിയുടെ വിലപ്പെട്ട സമയം അതേകാര്യത്തിനായി നീക്കിവയ്‌ക്കേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെ 2022 മെയ്‌ 11 ലെ സുപ്രധാന ഉത്തരവിലൂടെ 124എ വകുപ്പുമായി ബന്ധപ്പെട്ട് നടന്നുവരുന്ന എല്ലാ അന്വേഷണങ്ങളും നിര്‍ത്തിവയ്‌ക്കാനും, എഫ്‌ഐആർ രജിസ്‌റ്റര്‍ ചെയ്യുന്നതില്‍ നിന്നും നിർബന്ധിത നടപടികള്‍ കൈക്കൊള്ളുന്നതില്‍ നിന്നും വിട്ടുനിൽക്കാനും കേന്ദ്ര സർക്കാരിനോടും എല്ലാ സംസ്ഥാന സർക്കാരുകളോടും സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്‌തിരുന്നു.

മാത്രമല്ല ഇതില്‍ തീർപ്പാക്കാത്ത എല്ലാ വിചാരണകളും അപ്പീലുകളും നടപടികളും നിർത്തിവയ്ക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെ 2022 നവംബർ ഏഴിലെ വിജ്ഞാപനമനുസരിച്ച് 22 ാമത് ലോ കമ്മിഷൻ ചെയർപേഴ്‌സണെയും മറ്റ് അംഗങ്ങളെയും നിയമിച്ചതോടെ, ഇവര്‍ കോടതി നിര്‍ദേശം ഉടനടി ഏറ്റെടുക്കുകയും ഈ അന്തിമ റിപ്പോർട്ട് പരിഗണനയ്ക്കായി സമർപ്പിക്കുകയും ചെയ്യുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.