ETV Bharat / bharat

കന്നഡ മണ്ണില്‍ താമരത്തണ്ടിളക്കി കോൺഗ്രസ്, ചിത്രത്തിലില്ലാതെ ജെഡിഎസ്

author img

By

Published : May 13, 2023, 10:49 AM IST

ഭരണ വിരുദ്ധ വികാരം ശരിക്കും മുതലാക്കിയ കോൺഗ്രസിന് വേണ്ടി കെപിസിസി പ്രസിഡന്‍റ് ഡികെ ശിവകുമാറും മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും ഒറ്റക്കെട്ടായി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണവും വിജയം കണ്ടു. കോൺഗ്രസ് ദേശീയ അധ്യക്ഷനായ ശേഷം സ്വന്തം നാട്ടില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലഭിച്ച മികച്ച വിജയം പുതിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും ആശ്വാസമാകും.

Etv Bharat
Etv Bharat

ബെംഗളൂരു: മോദി പ്രഭാവത്തില്‍ കന്നഡ കൈവെള്ളയിലൊതുക്കാമെന്ന ബിജെപി പ്രതീക്ഷയ്ക്ക് കനത്ത തിരിച്ചടിയായി കോൺഗ്രസ് മുന്നേറ്റം. കേവലഭൂരിപക്ഷം കടന്ന കോൺഗ്രസ് തൂക്കുസഭയെന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങളെ കാറ്റില്‍ പറത്തിയാണ് കോൺഗ്രസ് മുന്നേറ്റം. നഗര ഗ്രാമ മേഖലകളില്‍ ഒരേ പോലെ മുന്നേറ്റം നടത്തിയാണ് കോൺഗ്രസ് കർണാടകയില്‍ അധികാരത്തിലെത്തുന്നത്. തൂക്കുസഭ വന്നാല്‍ കർണാടകയില്‍ വീണ്ടും രാഷ്ട്രീയ അനിശ്‌ചിതത്വം ഉണ്ടാകുമെന്ന കോൺഗ്രസ് പ്രചാരണം ജനങ്ങളിലെത്തിയെന്നതിന്‍റെ സൂചനയാണ് ജെഡിഎസിന്‍റെ ശക്തികേന്ദ്രങ്ങളില്‍ കോൺഗ്രസിന് ലഭിച്ച മുന്നേറ്റം.

വോട്ടായി 'ഭാരത് ജോഡോ': ബിജെപി സർക്കാരിന്‍റെ അഴിമതിക്ക് എതിരായ പോരാട്ടവും പതിവില്‍ നിന്ന് വ്യത്യസ്തമായി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടതും കോൺഗ്രസ് മുന്നേറ്റത്തിന് കാരണമായി. ഭരണ വിരുദ്ധ വികാരം ശരിക്കും മുതലാക്കിയ കോൺഗ്രസിന് വേണ്ടി കെപിസിസി പ്രസിഡന്‍റ് ഡികെ ശിവകുമാറും മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും ഒറ്റക്കെട്ടായി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണവും വിജയം കണ്ടു. കോൺഗ്രസ് ദേശീയ അധ്യക്ഷനായ ശേഷം സ്വന്തം നാട്ടില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലഭിച്ച മികച്ച വിജയം പുതിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും ആശ്വാസമാകും.

രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവർ വിവിധ ഘട്ടങ്ങളിലായി കർണാടകയില്‍ നടത്തിയ പ്രചാരണവും കൂടിയായപ്പോൾ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിർത്താൻ കോൺഗ്രസിനായി. അതിനെല്ലാമുപരി രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയില്‍ ലഭിച്ച ഊർജം കർണാടക കോൺഗ്രസ് നേതൃത്വം താഴെത്തട്ടിലെ പ്രവർത്തകരില്‍ വരെ എത്തിച്ചാണ് തെരഞ്ഞെടുപ്പിന് ഒരുങ്ങിയത്. സീറ്റ് ലഭിക്കാത്ത ബിജെപിയിലെ അസംതൃപ്‌തരെ സ്വീകരിച്ച കോൺഗ്രസ് അവർക്ക് അർഹമായ പ്രാധാന്യവും മത്സരിക്കാൻ സീറ്റും നല്‍കി. പ്രായമായവരെ ബിജെപി അവഗണിക്കുന്നു എന്നതരത്തില്‍ വലിയ പ്രചാരണം ബിജെപി പ്രവർത്തകരില്‍ കൊണ്ടുവരാനും അതുവഴി സാധിച്ചു.

അതിനൊപ്പം വൊക്കലിംഗ, ലിംഗായത്ത സമുദായങ്ങളുടെ പിന്തുണ പ്രത്യക്ഷമായും പരോക്ഷമായും കോൺഗ്രസിന് ലഭിക്കുകയും ചെയ്‌തു. ബിഎസ് യെദ്യൂരപ്പ, ജഗദീഷ് ഷെട്ടാർ, കെഎസ് ഈശ്വരപ്പ, അങ്കാര എന്നിവരൊക്കെ സീറ്റ് ലഭിക്കാത്ത മുതിർന്ന ബിജെപി നേതാക്കളാണ്. ഭരണവിരുദ്ധ തരംഗം ആഞ്ഞടിക്കുന്നതിനിടെ യുവാക്കളെ സ്ഥാനാർഥികളാക്കുകയാണ് എന്ന ബിജെപി പ്രചാരണത്തിനും വിജയം കാണാനായില്ല എന്നതാണ് യാഥാർഥ്യം.

മോദി പ്രഭാവം ഏറ്റില്ല: കിലോമീറ്ററുകൾ നീണ്ട റോഡ് ഷോയും വൻ റാലികളും നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണം കർണാടകയില്‍ വിജയം കണ്ടില്ല എന്നതാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. അമിത് ഷാ, ജെപി നദ്ദ, യോഗി ആദിത്യനാഥ്, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാരുടെ വൻ സംഘം എന്നിവരെല്ലാം കർണാടകയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി. 'ദി കേരള സ്റ്റോറി' എന്ന സിനിമ, ഹനുമാൻ ചാലിസ, ബജ്‌രംഗ്‌ ബലി വിവാദം എന്നിവയും ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പയറ്റിയെങ്കിലും വിജയം കണ്ടില്ല.

ഓപ്പറേഷൻ താമരയും വാടും: വിജയിച്ച് എംഎല്‍എമാരോട് ഉടൻ തന്നെ ബെംഗളൂരുവിലെത്താനാണ് കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശം നല്‍കിയിരിക്കുന്നത്. നാളെ കോൺഗ്രസ് നിയമഭ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ സഖ്യ സർക്കാരിന് കോൺഗ്രസ് ശ്രമിച്ചെങ്കിലും ബിജെപി നടത്തിയ അപ്രതീക്ഷിത നീക്കത്തില്‍ അത് പരാജയപ്പെട്ടിരുന്നു. ഇത്തവണ അത്തരമൊരു അവസരം കോൺഗ്രസിന് നല്‍കാതെ ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാൻ തന്നെയാണ് കോൺഗ്രസ് നീക്കം. ഒറ്റയ്ക്ക് ഭരിക്കുമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര തെരഞ്ഞെടുപ്പ് ഫലം വന്നയുടൻ പറഞ്ഞതും അതിന്‍റെ സൂചനയാണ്.

  • #WATCH | Congress leader & former CM Siddaramaiah gives a thumbs up as his party is close to crossing the halfway mark in initial trends in Karnataka pic.twitter.com/rp3B5knUMe

    — ANI (@ANI) May 13, 2023 " class="align-text-top noRightClick twitterSection" data=" ">

തൂക്കുസഭയ്ക്കാണ് സാധ്യതയെങ്കില്‍ ജെഡിഎസ് എംഎല്‍എമാരുടെ നിലപാട് നിർണായകമാകുമെന്ന് കോൺഗ്രസിനറിയാം. അധികാരം ലഭിക്കില്ലെന്ന സാഹചര്യം വന്നാല്‍ ജെഡിഎസ് എംഎല്‍എമാർ കൂട്ടത്തോടെ ബിജെപിയില്‍ ചേരാനുള്ള സാധ്യതയും കോൺഗ്രസ് നേതൃത്വം തള്ളിക്കളയുന്നില്ല. 2018ലെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 37 സീറ്റുകൾ നേടിയ ജെഡിഎസ് ഇത്തവണ 27 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. കർണാടകയില്‍ ബിജെപിക്ക് കുതിരക്കച്ചവടത്തിന് അവസരം നല്‍കാതിരിക്കാനാണ് കോൺഗ്രസ് ശ്രമം.

ഓർമയില്‍ 2018: 2018ല്‍ 104 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി 2019 ആയപ്പോഴേക്കും കോൺഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും അടർത്തിയെടുത്ത എംഎല്‍എമാരെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് എംഎല്‍എമാരുടെ എണ്ണം 119 ആക്കി മാറ്റിയിരുന്നു. 2018ല്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കോൺഗ്രസിന് 80ഉം ജെഡിഎസില് 37ഉം എംഎല്‍എമാരുമാണ് ഉണ്ടായിരുന്നത്. എന്നില്‍ കോൺഗ്രസ് -ജെഡിഎസ് സഖ്യത്തെ തള്ളിയാണ് അന്ന് ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ ആദ്യം ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. എന്നാല്‍ അതിന് എതിരെ കോൺഗ്രസ്-ജെഡിഎസ് സഖ്യം സുപ്രീംകോടതിയെ സമീപീക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.