ETV Bharat / bharat

ഏക സിവിൽ കോഡ്, എന്‍ആര്‍സി, ബിപിഎൽ വിഭാഗത്തിന് സൗജന്യമായി അര ലിറ്റർ പാൽ ; കര്‍ണാടകയില്‍ നിറയെ വാഗ്‌ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക

author img

By

Published : May 1, 2023, 2:18 PM IST

ഏകീകൃത സിവിൽ കോഡും എന്‍ആര്‍സിയും നടപ്പാക്കും. ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിവർഷം മൂന്ന് സൗജന്യ പാചക വാതക സിലിണ്ടറുകൾ, പ്രതിമാസം 5 കിലോ ശ്രീ അന്ന അരി, ദിവസവും അര ലിറ്റർ നന്ദിനി പാൽ തുടങ്ങി നിറയെ വാഗ്‌ദാനങ്ങളുമായാണ് ബിജെപി പ്രകടന പത്രിക

karnataka bjp releases poll manifesto  karnataka bjp  karnataka bjp manifesto  bjp manifesto karnataka  karnataka election  ഏകീകൃത സിവിൽ കോഡ്  കർണാടക  കർണാടക തെരഞ്ഞെടുപ്പ്  കർണാടക തെരഞ്ഞെടുപ്പ് ബിജെപി  കർണാടക നിയമസഭ തെരഞ്ഞെടുപ്പ്  ബിജെപി പ്രകടന പത്രിക
ബിജെപി

ബെംഗളൂരു : ഏകീകൃത സിവിൽ കോഡ് (യുസിസി), എൻആർസി (ദേശീയ പൗരത്വ രജിസ്റ്റർ),ഭക്ഷ്യസുരക്ഷ, വരുമാനമുയര്‍ത്താനുള്ള സംരംഭങ്ങള്‍, സാമൂഹിക നീതി എന്നിവ വാഗ്‌ദാനം ചെയ്‌ത് കര്‍ണാടകയില്‍ ബിജെപിയുടെ പ്രകടന പത്രിക. ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിവർഷം മൂന്ന് സൗജന്യ പാചക വാതക സിലിണ്ടറുകളും ദിവസവും അര ലിറ്റർ സൗജന്യ നന്ദിനി പാലും വിതരണം ചെയ്യുമെന്നതടക്കം ക്ഷേമ വാഗ്‌ദാനങ്ങളും ഉൾപ്പെടുന്നു. ബെംഗളൂരുവിലെ ഹോട്ടൽ ഷാംഗ്രിലയിൽ നടന്ന പരിപാടിയിലാണ്, ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്.

ബിജെപി വികസന അനുകൂല അജണ്ടയിൽ പ്രതിജ്ഞാബദ്ധമാകുമ്പോൾ കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് ചടങ്ങിൽ സംസാരിച്ച പാര്‍ട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പറഞ്ഞു. ശുപാർശകൾ നൽകാൻ ഉന്നതതല സമിതി രൂപീകരിച്ച് ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന് ബിജെപി പ്രകടന പത്രികയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അപ്പാർട്ട്മെന്‍റുകളിലെ താമസ സൗകര്യം മെച്ചപ്പെടുത്തുന്നതിനും പരാതി പരിഹാര സംവിധാനം കാര്യക്ഷമമാക്കുന്നതിനും കർണാടക റസിഡന്‍റ്സ് വെൽഫെയർ കൺസൾട്ടേറ്റീവ് കമ്മിറ്റി രൂപീകരിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

ഉത്സവകാലങ്ങളില്‍ ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ള (ബിപിഎൽ) എല്ലാ കുടുംബങ്ങൾക്കും പ്രതിവർഷം 3 സൗജന്യ പാചക വാതക സിലിണ്ടറുകൾ നല്‍കും. എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും ദിവസവും അര ലിറ്റർ നന്ദിനി പാല്‍ ലഭ്യമാക്കും. പ്രതിമാസം 5 കിലോ ശ്രീ അന്ന അരി നൽകുന്ന ‘പോഷണ’ പദ്ധതി ആരംഭിക്കുമെന്നും പ്രകടന പത്രികയിലുണ്ട്.

മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ, പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, സംസ്ഥാന തെരഞ്ഞെടുപ്പ് മാനേജ്‌മെന്‍റ് കമ്മിറ്റി കോർഡിനേറ്ററും കേന്ദ്രമന്ത്രിയുമായ ശോഭ കരന്ദ്‌ലജെ, സംസ്ഥാന മന്ത്രിയും മാനിഫെസ്റ്റോ ഉപദേശക സമിതി കൺവീനറുമായ ഡോ കെ സുധാകരൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

തെരഞ്ഞെടുപ്പ് ചൂടിൽ കർണാടക : സംസ്ഥാനത്ത് കോൺഗ്രസും ബിജെപിയും തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. ജനതാദൾ സെക്കുലർ ചില മണ്ഡലങ്ങളിൽ കടുത്ത മത്സരം കാഴ്‌ചവയ്ക്കുന്നുണ്ട്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കടുത്തതും വിപുലവുമായ പ്രചാരണ പരിപാടികളാണ് കർണാടകയിൽ കോൺഗ്രസും ബിജെപിയും നടത്തിവരുന്നത്.

Also read : 'ഭയപ്പെടാതെ രാഹുലിനെ കണ്ട് പഠിക്കൂ, രാജ്യത്തിനായി വെടിയുണ്ട ഏറ്റുവാങ്ങാനും സന്നദ്ധൻ' : മോദിയെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

തനിക്കെതിരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് കോൺഗ്രസിനെ കടന്നാക്രമിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രസംഗിച്ചത്. കൂടാതെ അദ്ദേഹത്തിന്‍റേതായി റോഡ് ഷോകളും സംഘടിപ്പിച്ചു. അതേസമയം രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ അണിനിരത്തിയാണ് കോണ്‍ഗ്രസ് പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കോലാറിൽ പ്രചരണത്തിനെത്തിയിരുന്നു. മെയ് 10നാണ് കർണാടകയില്‍ തെരഞ്ഞെടുപ്പ്. മെയ് 14നാണ് വോട്ടെണ്ണല്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.