ETV Bharat / bharat

'പഞ്ചരത്‌ന' ഏറ്റില്ല, സ്വപ്‌നം പൂവണിഞ്ഞതുമില്ല; ശക്തികേന്ദ്രത്തില്‍ പോലും പിടിച്ചുനില്‍ക്കാനാവാതെ ജെഡിഎസ്

author img

By

Published : May 13, 2023, 10:13 PM IST

കര്‍ണാടകയില്‍ തൂക്കുമന്ത്രിസഭ വരുമെന്നുള്ള ഉറപ്പില്‍ ഏറെ കണക്കുകൂട്ടലുമായാണ് ജെഡിഎസ് 'ഗ്യാലറിയില്‍' ഇരുന്നത്. എന്നാല്‍, ഇതെല്ലാം അസ്ഥാനത്താക്കിയുള്ള ഫലം വന്നതോടെ കടുത്ത നിരാശയിലാണ് പാര്‍ട്ടി ക്യാമ്പ്

Karnataka Assembly election results  jds overthrown from own soil  ജെഡിഎസ്  പിടിച്ചുനില്‍ക്കാനാവാതെ ജെഡിഎസ്
ജെഡിഎസ്

ബെംഗളൂരു: തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പേ സിംഗപ്പൂരിലാണ് ജെഡിഎസ് തലവന്‍ എച്ച്‌ഡി കുമാരസ്വാമി നിലയുറപ്പിച്ചത്. സംസ്ഥാനത്ത് തൂക്കുമന്ത്രിസഭ വരുമെന്നും പാര്‍ട്ടി 50 സീറ്റ് നേടി 'കിങ്‌മേക്കര്‍' ആവുന്നതിലൂടെ മുഖ്യമന്ത്രി സ്ഥാനം തനിക്കെന്നും കുമാരസ്വാമി കണക്കൂട്ടി. ഇതിന്‍റെ എല്ലാവിധ നീക്കങ്ങളും നടത്താന്‍ സുരക്ഷിത ഇടം സിംഗപ്പൂരാണെന്ന് കണ്ടാണ് അദ്ദേഹം അവിടേക്ക് പറന്നതെന്നും വാര്‍ത്ത വന്നു. എന്നാല്‍, ഫലം വന്നപ്പോള്‍ പഴയകാല പ്രതാപമെല്ലാം നഷ്‌ടപ്പെട്ട് ശക്തികേന്ദ്രങ്ങളില്‍ പോലും ജെഡിഎസിന് കാലിടറുകയും കേവല ഭൂരിപക്ഷത്തേക്കാളും ഉയര്‍ന്ന 136 സീറ്റില്‍ കോണ്‍ഗ്രസിന് വന്‍ കുതിപ്പുമുണ്ടായി.

ALSO READ | ജെഡിഎസ് ലക്ഷ്യം അധികാര രാഷ്‌ട്രീയത്തിന്‍റെ വിധി നിര്‍ണയിക്കല്‍ ; പഴയ 'കിങ് മേക്കറെ' എഴുതിത്തള്ളാതെ കര്‍ണാടക

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 37 സീറ്റാണ് ജെഡിഎസിന് ഉണ്ടായിരുന്നത്. ഇക്കുറി അത് 19 സീറ്റുകളിലേക്ക് ഒതുങ്ങുകയായിരുന്നു. നേരത്തേ 18 ശതമാനം വോട്ടാണ് ജെഡിഎസിന് ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ അത് 13 ശതമാനമായി മാറി. 'മിഷൻ 123' എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പാര്‍ട്ടി ഇക്കുറി വോട്ടുപിടിക്കാന്‍ ഇറങ്ങിയത്. ഇതിനായി വന്‍ പ്രചാരണവും നടത്തി. കന്നഡിഗരുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഇരുദേശീയ പാർട്ടികള്‍ക്കുമാവില്ലെന്നും അതിന് തങ്ങള്‍ക്കുമാത്രമേ കഴിയുള്ളൂവെന്നും പറഞ്ഞ് പ്രചാരണം വരെ നടത്തി.

പ്രായം ശാരീരികമായി അവശതകള്‍ വരുത്തിയ, ജെഡിഎസ് മുതിര്‍ന്ന നേതാവും കുമാരസ്വാമിയുടെ പിതാവുമായ 89കാരന്‍ ദേവഗൗഡയെ വരെ പ്രചാരണത്തിന് ഇറക്കി. കഴിഞ്ഞ രണ്ടാഴ്‌ചകളിൽ പഴയ മൈസൂര്‍ മേഖലയിലെ പാർട്ടിക്കോട്ടയിൽ പ്രചാരണം നടത്തി. എന്നാല്‍, ശക്തികേന്ദ്രമായ ഓള്‍ഡ് മൈസൂരില്‍ പോലും ജെഡിഎസിന് ഇത്തവണ വന്‍ തിരിച്ചടി നേരിടേണ്ടി വന്നു. കുമാരസ്വാമി മുന്‍കാലങ്ങളെ അപേക്ഷിച്ച് 15,000 ലീഡില്‍ മാത്രമാണ് ഇത്തവണ ജയിച്ചത്. അദ്ദേഹത്തിന്‍റെ മകൻ നിഖില്‍ കുമാരസ്വാമി അടക്കം വലിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. നിഖില്‍ കോണ്‍ഗ്രസിനോട് തോറ്റത് 10,715 വോട്ടിനാണെന്നത് വലിയ ക്ഷീണമാണ് പാര്‍ട്ടിക്കുണ്ടാക്കിയത്.

തിരിച്ചടിയായതില്‍ 'മൃദുസമീപനവും': 'പഞ്ചരത്‌ന' എന്ന പദ്ധതി ആവിഷ്‌കരിച്ചാണ് ജെഡിഎസ് തെരഞ്ഞെടുപ്പ് അഭിമുഖീകരിച്ചതെങ്കിലും അതൊന്നും എവിടെയും ഏശിയില്ല. ഗുണമേന്മയുള്ള വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, കർഷക ക്ഷേമം, തൊഴിൽ തുടങ്ങിയതാണ് തെരഞ്ഞെടുപ്പുകാലത്തെ ജെഡിഎസിന്‍റെ ആ 'പഞ്ചരത്‌നം'. കോണ്‍ഗ്രസിനെയോ ബിജെപിയെയോ ശക്തമായി എതിര്‍ക്കാതെയുള്ള 'മൃദുസമീപനമാണ്' ജെഡിഎസ് തെരഞ്ഞെടുപ്പില്‍ ആകെ സ്വീകരിച്ചത്. ഇതിനുകൂടി ലഭിച്ച ശക്തമായ താക്കീതായിരുന്നു ഫലം.

ALSO READ | 136 എംഎല്‍എമാരുമായി വിധാന്‍സൗദ കയറാന്‍ കോണ്‍ഗ്രസ്; 65 സീറ്റിലൊതുങ്ങി ബിജെപി, പ്രതാപം നഷ്‌ടപ്പെട്ട് ജെഡിഎസ്

കര്‍ണാടകയില്‍ ബിജെപി ഭരണത്തിന് 'റെഡ്‌കാര്‍പ്പറ്റ്' വിരിച്ച പാര്‍ട്ടിയാണ് ജെഡിഎസെന്ന് കോണ്‍ഗ്രസ് പ്രചാരണം നടത്തി. പുറമെ ബിജെപിക്കെതിരായ 40 ശതമാനം കമ്മിഷന്‍ സര്‍ക്കാരെന്നതടക്കമുള്ള ഭരണ വിരുദ്ധ വികാരം ആളിക്കത്തിച്ചുള്ള പ്രചാരണം, ബജ്‌റംഗ് ദള്‍ നിരോധന പ്രഖ്യാപനം തുടങ്ങിയവയടക്കം കോണ്‍ഗ്രസിന് അനുകൂലമായി. മുന്‍കാലങ്ങളിലടക്കം ജെഡിഎസിന് വോട്ട് ചെയ്‌ത മുസ്‌ലിം വോട്ടര്‍മാര്‍ മാറിചിന്തിക്കാന്‍ പോലും ഇത് ഇടയാക്കി. ഇങ്ങനെ നിരവധി കാരണങ്ങളാണ് മൂന്നാം തവണയും വിലപേശി 'മുഖ്യസ്ഥാനത്ത്' ഇരിക്കാന്‍ ആശിച്ച കുമാരസ്വാമിയുടെ പാര്‍ട്ടിക്ക് നേരിടേണ്ടിവന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.