ETV Bharat / bharat

India vs Pakistan Rohit Sharma ഫീല്‍ഡിലും ബാറ്റിങിലും നായകന്‍റെ കളി, ഹിറ്റ്‌മാൻ വിളയാട്ടത്തില്‍ ഇന്ത്യയുടെ ജയം

author img

By ETV Bharat Kerala Team

Published : Oct 14, 2023, 8:20 PM IST

India vs Pakistan Cricket World Cup 2023 : ടോസ് നേടി പാകിസ്ഥാനെ ബാറ്റിങിന് അയച്ചത് മുതല്‍ രോഹിത് 'നായകന്‍റെ കളി' തുടങ്ങിയിരുന്നു. കൃത്യമായ ഫീല്‍ഡ് വിന്യാസവും ബൗളർമാരെ മാറ്റി മാറ്റി ഉപയോഗിക്കലുമെല്ലാം ചേർന്നപ്പോൾ പാകിസ്ഥാൻ 191 റൺസിന് ഓൾഔട്ട്.

Rohit Sharma  Cricket World Cup 2023  രോഹിത് ശർമ  2023 ഏകദിന ലോകകപ്പ്
Cricket World Cup 2023- Rohit Sharma

അഹമ്മദാബാദ്: 2023 ഏകദിന ലോകകപ്പിലെ തുടർച്ചയായ രണ്ടാം സെഞ്ച്വറി നഷ്‌ടമായെങ്കിലും മുന്നില്‍ നിന്ന് നയിച്ച നായകൻ രോഹിത് ശർമയാണ് പാകിസ്ഥാന് എതിരായ ഇന്ത്യൻ വിജയത്തിലെ നിർണായക ശക്തി. ടോസ് നേടി പാകിസ്ഥാനെ ബാറ്റിങിന് അയച്ചത് മുതല്‍ രോഹിത് 'നായകന്‍റെ കളി' തുടങ്ങിയിരുന്നു. കൃത്യമായ ഫീല്‍ഡ് വിന്യാസവും ബൗളർമാരെ മാറ്റി മാറ്റി ഉപയോഗിക്കലുമെല്ലാം ചേർന്നപ്പോൾ പാകിസ്ഥാൻ 191 റൺസിന് ഓൾഔട്ട്.

റൺസ് വഴങ്ങിയെങ്കിലും മുഹമ്മദ് സിറാജിനെ ഉപയോഗിച്ച് ബാബർ അസമിനെ പുറത്താക്കിയതും മികച്ച രീതിയില്‍ ബാറ്റ് ചെയ്‌തിരുന്ന ഇടംകയ്യൻ ബാറ്ററെ പുറത്താക്കാൻ ഹാർദിക് പാണ്ഡ്യയെ ബൗളിങിന് ഉപയോഗിച്ചതുമെല്ലാം രോഹിതിന്‍റെ ക്യാപ്‌റ്റൻസി മികവാണ്. ബുംറയെ കരുതിവച്ചതും കുല്‍ദീപിനെ ഇറക്കി പാക് മധ്യനിരയെ നിലംപരിശാക്കിയതുമെല്ലാം നായകന്‍റെ കളിയായിരുന്നു.

യഥാർഥ കളി ബാറ്റ് കൊണ്ട്: 192 എന്ന താരതമ്യേന ചെറിയ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ശുഭ്‌മാൻ ഗില്ലിന്‍റെ രൂപത്തില്‍ ആദ്യ വിക്കറ്റ് നഷ്‌ടമായപ്പോൾ നായകൻ പ്രതിരോധത്തിലേക്ക് മാറുമെന്നാണ് ഇന്ത്യൻ ആരാധകരും പാകിസ്ഥാൻ നായകനും കരുതിയത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. കഴിഞ്ഞ മത്സരത്തിലെ അതേ രോഹിത് അഹമ്മദാബാദില്‍ നിറഞ്ഞാടുകയായിരുന്നു. സിക്‌സർ മഴ തീർത്ത രോഹിത് ഇന്ത്യയെ അതിവേഗം വിജയതീരത്ത് എത്തിക്കുകയായിരുന്നു.

86 റൺസിലെത്താൻ ആറ് സിക്‌സും ആറ് ഫോറും പറത്തിയ രോഹിതിന് മുന്നില്‍ പേരെടുത്ത പാക് ബൗളിങ് നിരയ്ക്ക് മറുപടിയുണ്ടായില്ല. ഹാരിസ് റൗഫിനെ തെരഞ്ഞ് പിടിച്ച് സിക്‌സ് അടിച്ച രോഹിത് തകർപ്പൻ ഫോമിലായിരുന്നു എന്ന് വ്യക്തം. സ്ലോബോളുമായി എത്തി രോഹിതിനെ പുറത്താക്കിയ ഷഹീൻ ഷാ അഫ്രീദി മാത്രമാണ് പാക് ബൗളിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.