ETV Bharat / bharat

ഹൈദരാബാദ് ദുരഭിമാനക്കൊല: ഫോണില്‍ സ്‌പൈവയര്‍ ഇന്‍സ്റ്റാള്‍ ചെയ്‌തു, കൊല നടത്തിയത് റമദാൻ കഴിഞ്ഞ ശേഷം

author img

By

Published : May 9, 2022, 12:52 PM IST

കുടുംബത്തിന്‍റെ എതിര്‍പ്പ് മറികടന്ന് യുവതി നാഗരാജുവിനെ വിവാഹം ചെയ്‌തതാണ് കൊലയ്ക്ക് കാരണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു

ഹൈദരാബാദ് ദുരഭിമാനക്കൊല  സരൂർ നഗർ യുവാവിനെ വെട്ടിക്കൊന്നു  ഹൈദരാബാദ് ദലിത് യുവാവിനെ വെട്ടിക്കൊന്നു  ഹൈദരാബാദ് ദുരഭിമാനക്കൊല റിമാന്‍ഡ് റിപ്പോര്‍ട്ട്  തെലങ്കാന ദുരഭിമാനക്കൊല ദലിത് യുവാവ് കൊലപാതകം  hyderabad honour killing  hyderabad dalit man beaten to death infront of wife  wife relatives kill dalit man in telangana
ഹൈദരാബാദ് ദുരഭിമാനക്കൊല: കൊല്ലപ്പെട്ട യുവാവിന്‍റെ ഫോണില്‍ പ്രതികള്‍ സ്‌പൈവയര്‍ ഇന്‍സ്റ്റാള്‍ ചെയ്‌തു

ഹൈദരാബാദ്: തെലങ്കാനയില്‍ ദുരഭിമാനത്തിന്‍റെ പേരില്‍ യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ വെട്ടിക്കൊന്ന സംഭവത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. യുവതിയുടെ സഹോദരന്‍ സയ്യിദ് മൊബിൻ അഹമ്മദാണ് നാഗരാജിന്‍റെ കൊലപാതകം ആസൂത്രണം ചെയ്‌തത്. കുടുംബത്തിന്‍റെ എതിര്‍പ്പ് മറികടന്ന് സഹോദരി നാഗരാജുവിനെ വിവാഹം ചെയ്‌തതാണ് കൊലയ്ക്ക് കാരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മെയ് 4നായിരുന്നു നാടിനെ നടുക്കിയ ദുരഭിമാനക്കൊല. മാർപള്ളി സ്വദേശി നാഗരാജ് ആണ് കൊല്ലപ്പെട്ടത്. സംഭവദിവസം രാത്രി 7 മണിയോടെ സയ്യിദ് മൊബിൻ അഹമ്മദ്, സുഹൃത്ത് മുഹമ്മദ് മസൂദ് അഹമ്മദ് എന്നിവര്‍ ബൈക്കിൽ പോവുകയായിരുന്ന ദമ്പതികളെ ഇരുമ്പുവടിയും വാളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഏഴുവർഷമായി പ്രണയത്തിലായിരുന്ന നാഗരാജും സയ്യിദ് അഷ്‌റിൻ സുൽത്താനയും ജനുവരി 31നാണ് വിവാഹിതരായത്.

ഇരുവരും തമ്മിലുള്ള ബന്ധം എതിർത്തിരുന്ന അഷ്‌റിന്‍റെ വീട്ടുകാർ പലപ്പോഴായി നാഗരാജിനെ താക്കീത് ചെയ്‌തിരുന്നു. കൊലപാതകത്തിന് അഞ്ച് ദിവസം മുന്‍പ് സരൂർ നഗറിലേക്ക് താമസം മാറിയ ദമ്പതികളുടെ നീക്കങ്ങൾ നിരീക്ഷിച്ചതിന് ശേഷം പ്രതികള്‍ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു.

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്: വൃക്കരോഗിയായ പിതാവിന്‍റെ ചികിത്സയ്ക്ക് വേണ്ടിയാണ് അഷ്‌റിന്‍റെ കുടുംബം ഐഡിപിഎൽ കോളനിയിലെ ഗുരുമൂർത്തി നഗറിലേക്ക് താമസം മാറുന്നത്. രണ്ട് വർഷം മുന്‍പ് പിതാവ് മരിച്ചു. 2021ൽ രണ്ടാമത്തെ സഹോദരിയുടെ വിവാഹത്തിന് ശേഷം അഷ്‌റിന്‍ സുൽത്താനയ്ക്ക് വേണ്ടി സയ്യിദ് വിവാഹാലോചനകള്‍ ആരംഭിച്ചു.

രണ്ട് കുട്ടികളുള്ള ഭാര്യ മരിച്ച ഒരാളുമായി വിവാഹം ഉറപ്പിക്കാന്‍ സയ്യിദ് ശ്രമിച്ചെങ്കിലും അഷ്‌റിന്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് ജനുവരി 30ന് അഷ്‌റിൻ വീടു വിട്ടിറങ്ങി. ഫെബ്രുവരി ഒന്നിന് ആര്യസമാജത്തിൽ വച്ച് വിവാഹിതരായ അഷ്‌റിനും നാഗ്‌രാജും അഷ്‌റിന്‍റെ കുടുംബത്തെ ഭയന്ന് ഒളിവിൽ പോവുകയായിരുന്നു.

തുടര്‍ന്ന് രണ്ട് കുടുംബങ്ങളെയും ബാലനഗർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസ് കൗൺസിലിങ് നടത്തി. പിന്നീട് ദമ്പതികള്‍ സംരക്ഷണത്തിനായി വികാരാബാദ് ജില്ല എസ്‌പിയെ സമീപിച്ചു. ഇക്കാലയളവില്‍ സയ്യിദുമായി രണ്ടുതവണ സംസാരിച്ച നാഗരാജു ഇസ്‌ലാം മതം സ്വീകരിക്കാൻ തയ്യാറാണെന്നും അറിയിച്ചു.

നാഗരാജുവിന്‍റെ ഫോണില്‍ സ്‌പൈവയര്‍ ഇന്‍സ്റ്റാള്‍ ചെയ്‌തു: വിവാഹശേഷം അഷ്‌റിന്‍ ലിംഗംപള്ളിയിലുള്ള സഹോദരിയുമായും ബന്ധുവുമായും ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. ദമ്പതികൾ എവിടെയാണെന്ന വിവരം അഷ്‌റിന്‍റെ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് മസൂദ് അഹമ്മദാണ് സയ്യിദിനെ അറിയിച്ചത്. തുടര്‍ന്ന് ദമ്പതികളുടെ ഫോൺ നമ്പറുകൾ ശേഖരിക്കുകയും സുഹൃത്തുക്കളുടെ സഹായത്തോടെ നാഗരാജുവിന്‍റെ ഫോണിൽ സ്പൈവെയർ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്‌തു.

തുടർന്ന് ഇവർ എവിടെയെല്ലാം പോകുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരുന്നു. മാർച്ചിൽ നാഗരാജുവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെങ്കിലും റമദാന്‍ മാസമായതിനാല്‍ തീയതി മാറ്റുകയായിരുന്നു. റമദാന്‍ മാസം അവസാനിച്ചതിന് പിന്നാലെ നാഗരാജുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മെയ്‌ 6ന് സരൂർനഗർ പൊലീസ് സയ്യിദ് മൊബിൻ അഹമ്മദ്, സുഹൃത്ത് മുഹമ്മദ് മസൂദ് അഹമ്മദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. സയ്യിദ് മൊബിൻ അഹമ്മദാണ് കേസിലെ പ്രധാന പ്രതി. നിലവില്‍ പ്രതികള്‍ റിമാന്‍ഡിലാണ്.

Also read: ഹൈദരാബാദ് ദുരഭിമാനക്കൊല; കൊല്ലപ്പെട്ടയാളുടെ ഭാര്യ സഹോദരനും സുഹൃത്തും അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.