സാഗർ (മധ്യപ്രദേശ്): സ്‌കൂളിലെ ബയോളജി ലാബിൽ നിന്ന് രാസലായനിയിൽ സൂക്ഷിച്ച ഭ്രൂണം കണ്ടെത്തി സംസ്ഥാന ബാലാവകാശ കമ്മിഷൻ. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ക്രിസ്‌ത്യൻ മിഷണറി സ്‌കൂളിൽ നിന്നാണ് മനുഷ്യ ഭ്രൂണം കണ്ടെത്തിയത്. മതാചാരങ്ങൾ പിന്തുടരാൻ വിദ്യാർഥികൾ നിർബന്ധിതരാകുന്നു എന്ന് സ്‌കൂളിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധനക്കെത്തിയ അധികൃതരാണ് മനുഷ്യ ഭ്രൂണം കണ്ടെത്തിയത്.
ബീന ക്ഷേത്ര മിഷണറി നടത്തുന്ന നിർമൽ ജ്യോതി ഹയർ സെക്കൻഡറി സ്‌കൂളിൽ സംസ്ഥാന ബാലാവകാശ കമ്മിഷന്‍റെ രണ്ടംഗ സംഘം വ്യാഴാഴ്‌ചയാണ് പരിശോധന നടത്തിയത്. ബാലാവകാശ കമ്മിഷൻ അംഗങ്ങളായ ഓംകാർ സിങ്, ഡോ. നിവേദിത ശർമ എന്നിവർ നടത്തിയ പരിശോധനക്കിടെയാണ് ബയോളജി ലാബിൽ നിന്ന് ഭ്രൂണം കണ്ടെത്തിയത്. ലാബിനുള്ളിലെ ഭ്രൂണത്തെക്കുറിച്ച് സ്‌കൂൾ അധികൃതരോട് ചോദിച്ചപ്പോൾ തൃപ്‌തികരമായ മറുപടി ലഭിച്ചില്ലെന്നും ബാലാവകാശ കമ്മിഷൻ വ്യക്തമാക്കി.
കൂടാതെ, ആർടിഇ നിയമപ്രകാരം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ പ്രവേശനത്തിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. രേഖകളുടെ പരിശോധനയിൽ സ്‌കൂളിന്‍റെ വരവിലും ചെലവിലും ക്രമക്കേട് കണ്ടെത്തി. സ്‌കൂളിന്‍റെ അംഗീകാരം, വരവ്-ചെലവ് കണക്ക്, ഫീസ് ഘടന, ജീവനക്കാരുടെ യോഗ്യത എന്നിവയുമായി ബന്ധപ്പെട്ട രേഖകളും പരിശോധിച്ചു.
സ്‌കൂളിൽ നിയോഗിച്ചിട്ടുള്ള അധ്യാപകരുടെയും ബസ് ഡ്രൈവർമാരുടെയും പൊലീസ് വെരിഫിക്കേഷൻ നടത്തിയിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. സ്‌കൂളിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സംസ്ഥാന ബാലാവകാശ കമ്മിഷന്‍റെ രണ്ടംഗ സംഘം ശുപാർശ ചെയ്‌തിട്ടുണ്ട്.