ETV Bharat / bharat

ഡൽഹിയിൽ കനത്ത മഴ; സ്‌കൂളുകൾക്ക് അവധി, മഴക്കെടുതിയിൽ ഇന്നലെ രണ്ട് മരണം

author img

By

Published : Jul 10, 2023, 9:29 AM IST

Updated : Jul 10, 2023, 12:23 PM IST

വാഹനത്തിന് മുകളിൽ മരം വീണ് ഡ്രൈവർ മരിച്ചു. ഭിത്തി ഇടിഞ്ഞുവീണ് യുവതിക്ക് ദാരുണാന്ത്യം. അഞ്ച് പേർക്ക് വിവിധ അപകടങ്ങളിലായി പരിക്ക്.

Delhi rain  heavy rain in delhi  rain in delhi  delhi heavy rain  ഡൽഹിയിൽ കനത്ത മഴ  ഡൽഹി മഴ  മഴക്കെടുതി  ഡൽഹി മഴ നാശനഷ്‌ടം  മഴ നാശനഷ്‌ടം  മഴക്കെടുതിയിൽ ഡൽഹിയിൽ മരണം  മരം വീണ് മരണം  മരം വീണു  ഡൽഹി  Delhi  noida
ഡൽഹി

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിലെയും അതിനോട് ചേർന്നുള്ള എൻസിആർ നഗരങ്ങളായ ഗുരുഗ്രാമിലെയും നോയിഡയിലെയും എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. ശനിയാഴ്‌ച മുതൽ ദേശീയ തലസ്ഥാന മേഖല ഉൾപ്പെടെ ഇന്ത്യയുടെ വടക്ക്, വടക്കുപടിഞ്ഞാറൻ മേഖലകളിൽ വ്യാപക മഴയാണ്. കനത്ത നാശനഷ്‌ടങ്ങളും റിപ്പോർട്ട് ചെയ്‌തു.

ഇന്നലെ ഡൽഹിയിൽ പെയ്‌ത ശക്തമായ മഴയിൽ ഭിത്തി ഇടിഞ്ഞുവീണ് 30കാരി മരിച്ചു. വാഹനത്തിന് മുകളിൽ മരം വീണ് 49കാരനായ ഓട്ടോറിക്ഷ ഡ്രൈവറും മരിച്ചു.

സോനെപത്തിലെ ഗന്നൗർ സ്വദേശിനിയായ പ്രീതിയാണ് ഭിത്തി ഇടിഞ്ഞുവീണ് മരിച്ചത്. സബ്‌സി മാണ്ഡി ഏരിയയിൽ ഒരു മൃഗാശുപത്രിയുടെ ഭിത്തിയാണ് യുവതിക്ക് മുകളിലേക്ക് ഇടിഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്ക് പരിക്കേറ്റു.

ഓട്ടോറിക്ഷ ഡ്രൈവറായ രാജേന്ദറാണ് മരിച്ചത്. പ്രശാന്ത് വിഹാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന സെക്‌ടർ-9ലെ രോഹിണി സ്‌പോർട്‌സ് കോംപ്ലക്‌സ് ബസ് സ്റ്റോപ്പിന് സമീപമാണ് മരം വീണത്. രാജേന്ദറിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഡോ. ബാബാ സാഹിബ് അംബേദ്‌കർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിവിധ സംഭവങ്ങളിലായി അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

മഴയിൽ വിറങ്ങലിച്ച് ഉത്തരേന്ത്യ : ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും അതിതീവ്ര മഴ തുടരുകയാണ്. ജൂലൈ 9ന് 19 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ മരിച്ചത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി നാശനഷ്‌ടങ്ങളും റിപ്പോർട്ട് ചെയ്‌തു. വീടുകൾക്കും റോഡുകൾക്കും കേടുപാടുകൾ സംഭവിച്ചു. പലയിടത്തും ഗതാഗതം തടസപ്പെട്ടു.

വൻതോതില്‍ വെള്ളക്കെട്ടുകൾ രൂപപ്പെടുകയും പാലങ്ങൾ ഒലിച്ചുപോകുകയും ചെയ്‌തു. അതിശക്തമായ മഴയെ തുടര്‍ന്ന് വന്‍തോതില്‍ നാശനഷ്‌ടമുണ്ടായ സംസ്ഥാനങ്ങളിലൊന്നാണ് ഹിമാചൽ പ്രദേശ്. സംസ്ഥാനത്തിന് പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മഴ ശക്തമായതോടെ സംസ്ഥാനത്തെ നദികളിലെ ജലനിരപ്പും ഉയർന്നു. ശക്തമായ ഒഴുക്കുമുണ്ട്. ഇന്നലെ ബിയാസ് നദിയുടെ തീരത്ത് നിർത്തിയിട്ടിരുന്ന കാർ ഒഴുക്കിൽപ്പെട്ടിരുന്നു. കാർ നിർത്തിയിട്ടിരുന്ന പ്രദേശത്തെ മണ്ണിടിഞ്ഞുപോയതോടെ നദിയിലേക്ക് കാർ മറിയുകയായിരുന്നു. നദിയിലെ ശക്തമായ കുത്തൊഴുക്കിൽ കാർ ഒഴുകിപ്പോയി. മാണ്ഡി ജില്ലയിലെ നാഗ്വെയ്‌നില്‍ വിവിധ ഇടങ്ങളിലായി ആറ് പേര്‍ ഒറ്റപ്പെട്ട് കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്തുന്നതിനായുള്ള പ്രവർത്തനം ഊര്‍ജിതമായി നടന്നുവരികയാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് (India Meteorological Department) ഹിമാചൽ പ്രദേശിലെ (Himachal Pradesh) ഏഴ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടും (red alert) മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും (Orange alert) പ്രഖ്യാപിച്ചിരിക്കുകയാണ്. ലൗഹാൾ, സ്‌പിതി, ചമ്പ, കാൻഗ്ര, കുളു, മാണ്ഡി, ഉന, ഹമിർപൂർ, ബിലാസ്‌പൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഷിംല, സോളൻ, സിർമൗർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

സംസ്ഥാനത്ത് ഉരുൾപ്പൊട്ടലിനും (landslide) വെള്ളപ്പൊക്കത്തിനും (flood) സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് കനത്ത മഴയാണ് പെയ്യുന്നത്. അടുത്ത 48 മണിക്കൂറിലും വിവിധ ജില്ലകളിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Last Updated : Jul 10, 2023, 12:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.