ചണ്ഡീഗഡ്: പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും കുട്ടികളെ അതിരാവിലെ വിളിച്ചുണര്‍ത്തുന്നതിന് വേണ്ടി ലൗഡ്‌സ്‌പീക്കറിലൂടെ അനൗണ്‍സ്‌മെന്‍റ് നടത്താന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനം. 10 ലെയും 12-ാം ക്ലാസിലെയും പൊതു പരീക്ഷ അടുത്തെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ അതിരാവിലെ പഠിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ക്കും ജില്ല വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കുമാണ് ഇത്തരമൊരു നിര്‍ദേശം ഉള്‍പ്പെടുത്തിയുള്ള സര്‍ക്കുലര്‍ സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്‌ടറേറ്റ് അയച്ചിരിക്കുന്നത്.
ഹരിയാനയില്‍ 10-ാം ക്ലാസിലെയും 12-ാം ക്ലാസിലെയും പൊതുപരീക്ഷയ്‌ക്ക് 70 ദിവസങ്ങളാണ് ശേഷിക്കുന്നത്. കുട്ടികളെ രാവിലെ വിളിച്ച് ഉണര്‍ത്തുന്നതിനായി അമ്പലങ്ങളിലെയും, പള്ളികളിലെയും, ഗുരുദ്വാരകളിലെയും മൈക്കുകള്‍ ഉപയോഗപ്പെടുത്തണമെന്നാണ് നിര്‍ദേശം. ഓരോ ഗ്രാമങ്ങളിലും അതിരാവിലെ കുട്ടികള്‍ക്ക് പഠിക്കാനുള്ള അന്തരീക്ഷം ഒരുക്കുന്നതിനായി പഞ്ചായത്ത് അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.
രാവിലെ 4.30ന് കുട്ടികള്‍ എഴുന്നേറ്റ് പഠിക്കുകയാണെങ്കില്‍ കുട്ടികള്‍ക്ക് പഠിക്കാനായി രണ്ട് മൂന്ന് മണിക്കൂറുകള്‍ അധികം ലഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. പരീക്ഷയിലെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി കുട്ടികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് അവര്‍ക്ക് പരിശീലനം നല്‍കാനും സര്‍ക്കുലറില്‍ നിര്‍ദേശം ഉണ്ട്. ആദ്യ ഗ്രൂപ്പില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കുകള്‍ നേടുന്നവരെയാണ് ഉള്‍പ്പെടുത്തുക. രണ്ടാമത്തെ ഗ്രൂപ്പില്‍ 50 ശതമാനവും അതിന് മുകളിലും മാര്‍ക്ക് നേടുന്നവരെ ഉള്‍പ്പെടുത്തും.
മൂന്നാമത്തെ ഗ്രൂപ്പില്‍ 35 ശതമാനമോ പാസ് മാര്‍ക്കോ നേടുന്നവരെ ഉള്‍പ്പെടുത്തും. പൊതുപരീക്ഷയ്‌ക്ക് മുമ്പായി കുട്ടികളുടെ പ്രകടനം വിലയിരുത്താന്‍ ദിവസേനയുള്ളതും, ആഴ്‌ചയില്‍ ഒരിക്കല്‍ ഉള്ളതും, രണ്ടാഴ്‌ചയില്‍ ഒരിക്കല്‍ ഉള്ളതുമായ പരീക്ഷകള്‍ നടത്തണമെന്നും വിദ്യാഭ്യാസ ഡയറക്‌ടറേറ്റിന്‍റെ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സമയം പഠിക്കാന്‍ ആവശ്യമായ സമയം ലഭിക്കുന്നതിനായി രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് ഒരു പൊതു പദ്ധതി ആവിഷ്‌കരിക്കണം.
മനസ് വളരെ ഉന്മേഷത്തോടെ ഇരിക്കുന്ന അതിരാവിലത്തെ സമയമാണ് പഠിക്കാന്‍ ഏറ്റവും നല്ലത്. രാവിലെ അന്തരീക്ഷം വളരെ ശാന്തമായിരിക്കുമെന്നും വാഹനങ്ങളുടെ ശബ്‌ദമൊന്നും ഇല്ലാത്തതിനാല്‍ പഠിക്കാന്‍ നല്ല സമയമാണ് ഇതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.