ETV Bharat / bharat

അഭയ തീരമണഞ്ഞതിന്‍റെ സന്തോഷത്തില്‍ യുക്രൈനില്‍ നിന്നെത്തിയവര്‍ ; ഭാവി പഠനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് വിദ്യാര്‍ഥികള്‍

author img

By

Published : Feb 27, 2022, 12:32 PM IST

സുരക്ഷിതമായി നാട്ടിലെത്തിയതിന്‍റെ ആശ്വസത്തിനിടയിലും ഭാവി പഠനത്തെ കുറിച്ചുള്ള ആശങ്ക വിദ്യാര്‍ഥികളെ വേട്ടയാടുന്നുണ്ട്

indians evacuation in ukraine  operation ganga latest  students evacuated from ukraine  russia ukraine war  russia ukraine conflict  russia ukraine crisis  യുക്രൈന്‍ റഷ്യ യുദ്ധം  യുക്രൈന്‍ റഷ്യ സംഘര്‍ഷം  ഓപ്പറേഷന്‍ ഗംഗ  യുക്രൈന്‍ വിദ്യാർഥികള്‍ കുടുങ്ങി  ഇന്ത്യക്കാര്‍ തിരികെയെത്തി
ആശ്വാസ തീരമണഞ്ഞതിന്‍റെ സന്തോഷത്തില്‍ യാത്രക്കാര്‍; ഭാവി പഠനത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി : യുക്രൈനിൽ കുടുങ്ങിയവരില്‍ 17 മലയാളികള്‍ ഉള്‍പ്പടെ 250 ഇന്ത്യൻ പൗരരുമായി എയർ ഇന്ത്യയുടെ രണ്ടാം വിമാനം ഇന്ന് പുലര്‍ച്ചെയാണ് ഡൽഹിയിലെത്തിയത്. റൊമേനിയൻ തലസ്ഥാനമായ ബുക്കാറസ്റ്റിൽ നിന്നും എത്തിയവരെ സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ചേര്‍ന്നാണ് വിമാനത്താവളത്തിൽ സ്വീകരിച്ചത്.

പലരും തിരികെ സുരക്ഷിതമായി നാട്ടിലെത്തിയതിന്‍റെ ആശ്വാസത്തിലായിരുന്നു. മഹാരാഷ്‌ട്രയിലെ സോലാപൂരിൽ നിന്നുള്ള സൂര്യ സുഭാഷ് തിരികെ നാട്ടിലെത്താനായതിന്‍റെ ആഹ്ളാദം പ്രകടിപ്പിച്ചു. 'അവിടെ (യുക്രൈനില്‍) സ്ഥിതി വളരെ മോശമാണ്. ആളുകൾ ഒറ്റപ്പെട്ടിരിക്കുകയാണ്,' സൂര്യ സുഭാഷ്‌ പറഞ്ഞു. തിരികെയെത്തിയ നിരവധി വിദ്യാർഥികൾ ഭാവി വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചും ആശങ്ക പങ്കുവച്ചു.

വിവിധ നടപടിക്രമങ്ങൾ ഉണ്ടായിരുന്നതിനാല്‍ വെള്ളിയാഴ്‌ച യുക്രൈന്‍-റൊമേനിയ അതിർത്തിയിൽ തനിക്കും സുഹൃത്തുക്കൾക്കും ഏകദേശം 12 മണിക്കൂർ കാത്തിരിക്കേണ്ടി വന്നതായി ബുക്കോവിനിയൻ സ്റ്റേറ്റ് മെഡിക്കൽ സര്‍വകലാശാലയിലെ അഞ്ചാം വർഷ എംബിബിഎസ് വിദ്യാർഥി വിപിൻ എ.ഡി പറഞ്ഞു. ഗതാഗത കുരുക്ക് മൂലം അതിർത്തിയിലേക്ക് അഞ്ച് കിലോമീറ്റര്‍ നടന്നുവെന്നും തിരുവനന്തപുരം സ്വദേശിയായ വിപിന്‍ കൂട്ടിച്ചേര്‍ത്തു.

സര്‍വകലാശാല രണ്ടാഴ്‌ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന് ശേഷം ഓണ്‍ലൈന്‍ ക്ലാസ് ആയിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മെഡിക്കല്‍ പഠനത്തിന്‍റെ അവസാന വർഷം കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വിപിന്‍ പറഞ്ഞു. കേരളം, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, ബിഹാർ, അരുണാചൽ പ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മടങ്ങിയെത്തിയത്. ഇതില്‍ കൂടുതലും വിദ്യാര്‍ഥികളാണ്.

'ഞങ്ങളുടെ പഠനത്തെക്കുറിച്ച് ആശങ്കാകുലരാണ്. അതേസമയം തിരിച്ചെത്താനായതിലും സന്തോഷമുണ്ട്. ഞങ്ങളെ തിരികെ കൊണ്ടുവന്നതിന് സർക്കാരിന് നന്ദി,' ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥി സുസ്‌മിത റാത്തോഡ് പറഞ്ഞു. 'എയർ ഇന്ത്യ ഞങ്ങളെ സഹായിച്ചു. ഇന്ത്യൻ എംബസി ഞങ്ങളോട് പൂർണമായും സഹകരിച്ചു,' മഹാരാഷ്‌ട്രയില്‍ നിന്നുള്ള മറ്റൊരു വിദ്യാർഥി സത്യം സംഭാജി പറഞ്ഞു.

ശനിയാഴ്‌ച രാത്രി താനും സഹപാഠികളും യുക്രൈന്‍-റൊമേനിയ അതിർത്തി കടന്നതായി ബുക്കോവിനിയൻ സ്റ്റേറ്റ് മെഡിക്കൽ സര്‍വകലാശാലയിലെ എംബിബിഎസ് ഒന്നാം വർഷ വിദ്യാർഥി ഐശ്വര്യ പഥക് പറഞ്ഞു. 'ഞങ്ങളെ (പടിഞ്ഞാറൻ യുക്രൈനിലുള്ള ഒരു നഗരം) ചെർനിവറ്റ്‌സിയിലെ കാമ്പസിൽ നിന്ന് അതിർത്തിയിലേക്ക് കൊണ്ടുപോകാൻ യൂണിവേഴ്‌സിറ്റിയാണ് ബസ് സർവീസ് ക്രമീകരിച്ചത്. അതിർത്തിയിൽ നിന്ന് ഞങ്ങളെ ബസിൽ ബുക്കാറസ്റ്റ് എയർപോർട്ടിലേക്ക് കൊണ്ടുപോയി,' ഐശ്വര്യ പഥക് പറഞ്ഞു.

കർണാടകയിലെ ബെൽഗാം സ്വദേശിയായ ഐശ്വര്യയും, തങ്ങളുടെ ഭാവി പഠനത്തെക്കുറിച്ച് ആശങ്ക പങ്കുവച്ചു. 'വലിയ തുകയാണ് ഫീസായി നൽകിയത്, അതിനാൽ തീർച്ചയായും ആശങ്കയുണ്ട്,' ഐശ്വര്യ പറഞ്ഞു. ഓൺലൈൻ ക്ലാസുകൾ ഉണ്ടാകുമെന്ന് സർവകലാശാല അറിയിച്ചിട്ടുണ്ടെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. റൊമേനിയൻ അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് ചെർനിവറ്റ്‌സിയെന്ന് എയർ ഇന്ത്യ വിമാനത്തിൽ എത്തിയ മറ്റൊരു വിദ്യാര്‍ഥി അവെസ് ഡെല പറഞ്ഞു.

ഫെബ്രുവരി 24ന് എയർ ഇന്ത്യയുടെ കീവ്-ഡൽഹി വിമാനം പിടിക്കാൻ യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പോയ ഏകദേശം 100 ഇന്ത്യൻ കോളേജ് വിദ്യാർഥികളുടെ സംഘത്തിൽ താനുണ്ടായിരുന്നുവെന്ന് മറ്റൊരു വിദ്യാര്‍ഥി ഡെല പറഞ്ഞു. ഫെബ്രുവരി 24ന് റഷ്യൻ ആക്രമണം ആരംഭിച്ചതിന് പിന്നാലെ വ്യോമാതിർത്തി അടക്കുകയും കീവ്-ഡൽഹി സർവീസ് ഉള്‍പ്പെടെ എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കുകയായിരുന്നു.

  • #FlyAI: HMCA @JM_Scindia receiving the Indian nationals who were flown back to Delhi from Bucharest by AI 1942 on 27th Feb, '22 early morning, operated to evacuate Indians stranded at war-ravaged Ukraine. Thank you for guiding us on this mission @MoCA_GoI pic.twitter.com/y1DuYcjJTW

    — Air India (@airindiain) February 26, 2022 " class="align-text-top noRightClick twitterSection" data=" ">

Also read: 'ഓപ്പറേഷൻ ഗംഗ' ; 250 പേരുമായി രണ്ടാം വിമാനം ഡൽഹിയില്‍, 17 മലയാളികൾ

വ്യോമാതിര്‍ത്തി അടച്ചതിന് പിന്നാലെ കീവിൽ നിന്ന് ഉടന്‍ ചെർനിവറ്റ്‌സിയിലേക്ക് മടങ്ങിയെന്ന് ഡെല പറഞ്ഞു. റൊമേനിയൻ അതിർത്തി ചെക്ക് പോയിന്‍റില്‍ എത്താൻ സര്‍വകലാശാല ഒരു ബസ് ഏർപ്പാട് ചെയ്‌തിരുന്നു. അവിടെ നിന്ന് ഇന്ത്യൻ എംബസി ഏർപ്പാട് ചെയ്‌ത ബസിലാണ് ബുക്കാറസ്റ്റിലേക്ക് പോയത്. ഞങ്ങൾക്ക് വളരെ എളുപ്പത്തിൽ അതിർത്തി കടക്കാൻ കഴിഞ്ഞു. പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ഡെല വ്യക്തമാക്കി.

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ തിരികെ കൊണ്ടുവരണമെന്ന് വിമാനത്തിലുണ്ടായിരുന്ന ശ്രദ്ധ ഷെട്ടെ അഭ്യർഥിച്ചു. 'ഞങ്ങൾ ഇപ്പോൾ സുരക്ഷിതരാണ്, എന്നാൽ അവിടെ കുടുങ്ങിയ മറ്റ് വിദ്യാർഥികളുടെ അവസ്ഥ അങ്ങനെയല്ല, അവർ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ഞങ്ങൾ അവരെക്കുറിച്ച് ആശങ്കാകുലരാണ്. സർക്കാർ അവരെ എത്രയും പെട്ടെന്ന് തിരിക കൊണ്ടുവരണം,' ശ്രദ്ധ ഷെട്ടെ ആവശ്യപ്പെട്ടു.

യുക്രൈനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ ശനിയാഴ്‌ച ആരംഭിച്ചിരുന്നു. യുക്രൈനിൽ നിന്ന് റൊമേനിയ അതിർത്തി കടന്ന മലയാളി വിദ്യാർഥികള്‍ അടക്കമുള്ള ആദ്യ സംഘം നേരത്തേ എത്തിയിരുന്നു. 219 പേരുടെ ആദ്യ സംഘം മുംബൈയിലാണ് വിമാനമിറങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.