ETV Bharat / bharat

വീട്ടുകാര്‍ അറിയാതെ യൂട്യൂബ് വീഡിയോ കണ്ട് കുഞ്ഞിന് ജന്മം നൽകി; ആരോഗ്യനില വഷളായ പെണ്‍കുട്ടി ആശുപത്രിയില്‍, നവജാത ശിശു മരിച്ചു

author img

By

Published : Mar 5, 2023, 11:01 PM IST

മഹാരാഷ്‌ട്രയിലെ നാഗ്‌പുരില്‍ കാമുകനും സുഹൃത്തുക്കളും പീഡനത്തിനിരയാക്കിയ പെണ്‍കുട്ടി വീട്ടുകാരറിയാതെ യൂട്യൂബ് വീഡിയോ കണ്ട് കുഞ്ഞിന് ജന്മം നൽകി, ആരോഗ്യനില വഷളായതോടെ ആശുപത്രിയില്‍

Girl delivers baby by watching Youtube videos  Girl delivers baby by watching Youtube  Girl delivers baby  15 year old girl delivers baby  വീട്ടുകാര്‍ അറിയാതെ  യൂട്യൂബ് വീഡിയോ കണ്ട് കുഞ്ഞിന് ജന്മം നൽകി  ആരോഗ്യനില വഷളായ പെണ്‍കുട്ടി ആശുപത്രിയില്‍  നവജാത ശിശു മരിച്ചു  മഹാരാഷ്‌ട്രയിലെ നാഗ്‌പുരില്‍  കാമുകനും സുഹൃത്തുക്കളും പീഡനത്തിനിരയാക്കി  ആരോഗ്യനില വഷളായതോടെ ആശുപത്രിയില്‍  പെണ്‍കുട്ടി  യൂട്യൂബ്
വീട്ടുകാര്‍ അറിയാതെ യൂട്യൂബ് വീഡിയോ കണ്ട് കുഞ്ഞിന് ജന്മം നൽകി

നാഗ്‌പുര്‍ (മഹാരാഷ്‌ട്ര): സ്വയം ചികിത്സ വലിയ അപകടങ്ങള്‍ വരുത്തിവയ്‌ക്കുമെന്നുള്ള മുന്നറിയിപ്പ് കാതങ്ങളോളം പഴക്കമുള്ളതാണ്. രോഗങ്ങള്‍ക്കും രോഗലക്ഷണങ്ങള്‍ക്കും ഒറ്റമൂലികളും നുറുക്കുവിദ്യകളും പയറ്റി അപകടത്തില്‍പെട്ട ഒരുപാട് പേരുടെ അനുഭവങ്ങളും നമുക്ക് മുന്നിലുണ്ട്. എന്നാല്‍ തലവേദനയ്‌ക്കുള്ള പരിഹാരം മുതല്‍ ആത്മഹത്യയ്‌ക്കുള്ള എളുപ്പവഴികള്‍ വരെ ഇന്‍റര്‍നെറ്റിലൂടെ പരതി കണ്ടെത്തുന്ന സാങ്കേതിക വിദ്യകളുടെ കാലം കൂടി ആയതോടെ ഇത്തരം അപകടങ്ങളും പതിവായിട്ടുണ്ട്.

മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ 15 വയസ്സുകാരി കഴിഞ്ഞ ദിവസം യൂട്യൂബ് വീഡിയോ കണ്ട് കുഞ്ഞിന് ജന്മം നൽകിയത് ഇത്തരത്തില്‍ ഒരു സംഭവമാണ്. നാഗ്‌പൂരിലെ അംബസാരി പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 15 കാരി തന്‍റെ അമ്മയറിയാതെ കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ പ്രസവം കഴിഞ്ഞ് അല്‍പനേരം കഴിഞ്ഞപ്പോള്‍ നവജാത ശിശു മരണപ്പെടുകയായിരുന്നു. മാത്രമല്ല പ്രസവശേഷമുള്ള കനത്ത രക്തസ്രാവത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇവര്‍ നിലവില്‍ ചികിത്സയിലുമാണ്.

ആരുമറിയാതെ പ്രസവം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെൺകുട്ടിക്ക് കലശലായ വയറുവേദന അനുഭവപ്പെട്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഈ വിവരം ആരോടും പറഞ്ഞിരുന്നില്ല. തുടര്‍ന്ന് ഗര്‍ഭിണിയാണെന്ന് മനസിലാക്കിയതോടെ അമ്മയറിയാതെ യൂട്യുബിലെ വീഡിയോകള്‍ കണ്ട് പ്രസവത്തിന് ആവശ്യമായ സാമഗ്രികള്‍ സജ്ജമാക്കുകയായിരുന്നു. അങ്ങനെ അമ്മ ജോലിക്കായി പോയ സമയത്ത് പ്രസവവേദന തുടങ്ങിയപ്പോള്‍ മറുത്തൊന്നും ചിന്തിക്കാതെ പെണ്‍കുട്ടി യൂട്യുബ് വീഡിയോ കണ്ട് പ്രസവത്തിനൊരുങ്ങുകയായിരുന്നു. വീഡിയോ അനുകരിച്ചുള്ള പ്രസവത്തിന് ശേഷം ഇവര്‍ കുഞ്ഞിനെ ഒളിപ്പിക്കുകയും ചെയ്‌തു. എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മ മടങ്ങിയെത്തിയപ്പോള്‍ മുറിയില്‍ രക്തക്കറ കണ്ട് പെണ്‍കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തുവരുന്നത്. ഈ സമയം പെൺകുട്ടിയുടെ ആരോഗ്യനില വളരെ മോശമാണെന്ന് കൂടി മനസിലാക്കിയതോടെ ഇവര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സംഭവത്തില്‍ പെണ്‍കുട്ടി പറയുന്നതിങ്ങനെ: ബോധം തിരിച്ചുകിട്ടിയ ശേഷമുള്ള ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ഇൻസ്‌റ്റഗ്രാമിൽ ചാറ്റിങ്ങിനിടെ പരിചയപ്പെട്ട യുവാവുമായി പെണ്‍കുട്ടി ഏതാനും മാസങ്ങളായി അടുപ്പത്തിലായിരുന്നു. തുടര്‍ന്ന് ഇരുവരും ഇടയ്‌ക്കിടെ കണ്ടുമുട്ടാനും തുടങ്ങി. അങ്ങനെയിരിക്കെ ഒമ്പത് മാസം മുമ്പ് ഇയാള്‍ പെൺകുട്ടിയെ സുഹൃത്തിന്‍റെ മുറിയിലേക്ക് വിളിച്ചുവരുത്തി നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു. തുടര്‍ന്ന് ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അതേസമയം കുറ്റവാളിയായ ഈ യുവാവിന്‍റെ മുഴുവനായ പേര് പോലും തനിക്കറിയില്ലെന്ന് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. സൈബർ സെല്ലിന്‍റെ സഹായത്തോടെ പ്രതികളെ കണ്ടെത്താനാണ് പൊലീസ് ശ്രമം.

ഇന്‍റര്‍നെറ്റില്‍ മരണം തിരയുന്നവരും: അതേസമയം കഴിഞ്ഞമാസം മഹാരാഷ്‌ട്രയില്‍ തന്നെ ആത്മഹത്യ ചെയ്യാനുള്ള എളുപ്പവഴികളെക്കുറിച്ച് ഇന്‍റര്‍നെറ്റില്‍ തിരഞ്ഞ 25 കാരന്‍റെ ജീവന്‍ മുംബൈ പൊലീസ് രക്ഷിച്ചിരുന്നു. മുംബൈയിലെ കുര്‍ള വെസ്‌റ്റിലെ കിസ്‌മത് നഗറിലുള്ള യുവാവ് നിരന്തരമായി ഇന്‍റര്‍നെറ്റില്‍ ആത്മഹത്യക്കുള്ള എളുപ്പവഴി തേടുന്നതായി കണ്ടെത്തിയ യുഎസ്‌എന്‍സിഇ വാഷിങ്‌ടണ്‍ ഇന്‍റര്‍പോള്‍ ന്യൂഡല്‍ഹിയിലെ ഇന്‍റര്‍പോളിനെ വിവരമറിയിച്ചതോടെയാണ് യുവാവിന്‍റെ ജീവന്‍ രക്ഷിക്കാനായത്. എന്നാല്‍ വിദ്യാഭ്യാസത്തിനും ദൈനംദിന ആവശ്യങ്ങൾക്കുമായി വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്‌പയെടുത്തിരുന്നുവെന്നും കടം വീട്ടാനും വീട്ടുചെലവും താങ്ങാനാവാതെയും വന്നതോടെ വിഷാദരോഗം മൂലമാണ് ആത്മഹത്യക്കൊരുങ്ങിയതെന്നും സ്വകാര്യ കമ്പനിയിൽ ഐടി എഞ്ചിനീയറായി ജോലി ചെയ്‌തുവരികയായിരുന്ന യുവാവ് പൊലീസിനോട് അറിയിച്ചു. തുടര്‍ന്ന് യുവാവിനെ ആത്മഹത്യയില്‍ നിന്നും പിന്തിപ്പിരിച്ച് പൊലീസ് കൗണ്‍സിലിങിനും വിധേയനാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.