ETV Bharat / bharat

പിതാവിന്‍റെ മരണം തളർത്തിയില്ല; മരണാനന്തര ചടങ്ങുകൾക്കിടെ പരീക്ഷയ്‌ക്കെത്തി വിദ്യാർഥിനി

author img

By

Published : Mar 16, 2023, 10:49 PM IST

ബോൽപൂർ സ്വദേശിനിയായ മൗഷുമി ദലൂയി എന്ന 12-ാം ക്ലാസുകാരിയാണ് പിതാവിന്‍റെ മരണാനന്തര ചടങ്ങുകൾ കഴിയുന്നതിന് മുൻപ് തന്നെ പരീക്ഷയ്‌ക്കെത്തിയത്.

പശ്ചിമ ബംഗാൾ വാർത്തകൾ  പിതാവ് മരണപ്പെട്ടെങ്കിലും പരീക്ഷക്കെത്തി വിദ്യാർഥി  മൗഷുമി ദലൂയി  girl appeared for exam despite the death of father  West Bengal  West Bengal News  പിതാവിന്‍റെ മരണ ദിവസം പരീക്ഷയ്‌ക്കെത്തി വിദ്യാർഥി
പിതാവിന്‍റെ മരണത്തിനിടെ പരീക്ഷയെഴുതി വിദ്യാർഥിനി

ബോൽപുർ (പശ്ചിമ ബംഗാൾ): പരീക്ഷ ദിവസം പിതാവ് മരണപ്പെട്ടെങ്കിലും പരീക്ഷ മുടക്കാതെ 12-ാം ക്ലാസുകാരി. ബോൽപൂർ മുനിസിപ്പാലിറ്റിയിലെ മക്രംപൂർ സ്വദേശിനിയായ മൗഷുമി ദലൂയി എന്ന വിദ്യാർഥിയാണ് പിതാവിന്‍റെ മരണാനന്തര ചടങ്ങുകൾ കഴിയുന്നതിന് മുന്നേ തന്നെ ഹയർ സെക്കൻഡറി പരീക്ഷയ്‌ക്കെത്തിയത്. പരീക്ഷ കഴിഞ്ഞ് എത്തിയ ശേഷമാണ് മൗഷുമി പിതാവിന്‍റെ ശവ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്.

പരുൽദംഗ ശിക്ഷിനികേതൻ ആശ്രമ വിദ്യാലയത്തിലെ 12-ാം ക്ലാസ് വിദ്യാർഥിനിയാണ് ബോൽപൂരിലെ മക്രംപൂർ സ്വദേശിനിയായ മൗഷുമി ദലൂയി. ഇവരുടെ പിതാവ് അഷ്‌ടം ദലൂയി (40) വ്യാഴാഴ്‌ചയാണ് മരണപ്പെട്ടത്. പുലർച്ചെയുണ്ടായ ഹൃദയാഘാതമാണ് അഷ്‌ടം ദലൂയിയുടെ ജീവനെടുത്തത്. അച്ഛന്‍റെ ആകസ്‌മികമായ മരണവാർത്തയറിഞ്ഞ മൗഷുമി കുഴഞ്ഞുവീണു.

അതേ ദിവസം മൗഷുമിക്ക് ഹയർസെക്കന്‍ഡറി ഇംഗ്ലീഷ് പരീക്ഷ ഉണ്ടായിരുന്നു. മകൾ ഹയർസെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടണമെന്നതായിരുന്നു ദലൂയിയുടെ സ്വപ്‌നം. അതിനാൽ തന്നെ പിതാവിന്‍റെ ആഗ്രഹം നിറവേറ്റാൻ മൗഷുമി തീരുമാനിക്കുകയായിരുന്നു. അങ്ങനെ പിതാവിന്‍റെ സ്വപ്‌നം സാക്ഷാത്കരിക്കാൻ സങ്കടം മാറ്റിവച്ച് അയൽവാസികളുടെ സഹായത്തോടെ മൗഷുമി പരീക്ഷ കേന്ദ്രത്തിലെത്തി.

ഇതേസമയം ദലൂയിയുടെ മൃതദേഹം അന്തിമ ചടങ്ങുകൾക്കായി ഭുബന്ദംഗയിലെ ശുക്‌നഗർ ശ്‌മശാനത്തിലേക്ക് കൊണ്ടുപോയി. മൃതദേഹം ശ്‌മശാനത്തിൽ എത്തിച്ച ശേഷം ബന്ധുക്കളും അയൽക്കാരും മൃതദേഹം സംസ്‌കരിക്കുന്നതിനായി മൗഷുമി എത്തുന്നത് വരെ കാത്തിരുന്നു. തുടർന്ന് പരീക്ഷ കഴിഞ്ഞെത്തിയ മൗഷുമി പിതാവിന്‍റെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു.

പിതാവിന്‍റെ ആഗ്രഹം: 'എന്‍റെ പിതാവിന് നേരത്തെ രണ്ട് സ്ട്രോക്കുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തവണ സ്ട്രോക്കിനെ അതിജീവിക്കാൻ അദ്ദേഹത്തിനായില്ല. ഞാൻ പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനാലാണ്‌ ഞാൻ പരീക്ഷ എഴുതാൻ പോയത്. ഈ ദുഃഖത്തിനിടയിലും പിതാവിന്‍റെ ആഗ്രഹം നിറവേറ്റാനായെന്ന ആശ്വാസത്തിലാണ് ഞാൻ. മൗഷുമി ഇടിവി ഭാരതിനോട് പറഞ്ഞു.

അതേസമയം വിദ്യാഭ്യാസമാണ് പ്രധാനമെന്നും അതിനാലാണ് പരീക്ഷ എഴുതണമെന്ന മൗഷുമിയുടെ ആഗ്രഹം നിറവേറ്റിക്കൊടുത്തതെന്നും അമ്മാവൻ സുഭാഷ് ദലൂയി പറഞ്ഞു. വിദ്യാഭ്യാസത്തിനാണ് ഒന്നാം സ്ഥാനം. അതിനാലാണ് അവൾ പിതാവിന്‍റെ മൃതദേഹത്തിനരികിൽ നിന്ന് പരീക്ഷ എഴുതാൻ പോയത്. മകൾ പഠിച്ച് വലിയ നിലയിലെത്തണമെന്നായിരുന്നു സഹോദരന്‍റെ ആഗ്രഹം. സുഭാഷ് ദലൂയി പറഞ്ഞു.

ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണയായ പിതാവ് മരണപ്പെട്ടിട്ടു പരീക്ഷയെഴുതാനെത്തിയ മൗഷുമിയുടെ തീരുമാനം അഭിന്ദനാർഹമാണെന്ന് സ്‌കൂളിലെ പ്രധാനാധ്യാപിക റൂബി ഘോഷ് പറഞ്ഞു. പിതാവിന്‍റെ മരണത്തിന്‍റെ ദുഖത്തിനിടയിലും അവൾ പരീക്ഷ എഴുതാനെത്തി. ഇത്രയും ദൃഢമായ തീരുമാനമെടുത്തതിന് ഞങ്ങൾ അവളെ അഭിനന്ദിക്കുന്നു. അധ്യാപിക പറഞ്ഞു.

പരീക്ഷ എഴുതാൻ പൊലീസ് സഹായം: പരീക്ഷ എഴുതാൻ ഭർതൃവീട്ടുകാർ അനുവദിക്കുന്നില്ലെന്ന് കാട്ടി ഹയർ സെക്കൻഡറി വിദ്യാർഥിനി പൊലീസിനെ സമീപിച്ച സംഭവവും ഇന്ന് പശ്ചിമ ബംഗാളിൽ റിപ്പോർട്ട് ചെയ്‌തിരുന്നു. മുർഷിദാബാദിലെ ഫറാക്കയിലെ സുൽത്താന ഖാത്തൂൻ എന്ന 20 കാരിയാണ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയത്.

പരീക്ഷ എഴുതണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഹാൾ ടിക്കറ്റ് ഉൾപ്പെടുള്ള രേഖകൾ കൈക്കലാക്കിയ ശേഷം ഭർത്താവും ബന്ധുക്കളും ചേർന്ന് തന്നെ വീട്ടിൽ ബന്ദിയാക്കി എന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. തുടർന്ന് പൊലീസ് ഉടപെട്ട് പെണ്‍കുട്ടിക്ക് പരീക്ഷ എഴുതാൻ സൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു.

ALSO READ: പരീക്ഷ എഴുതാൻ ഭർതൃവീട്ടുകാർ അനുവദിക്കുന്നില്ല; പൊലീസിനെ സമീപിച്ച് പെണ്‍കുട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.