ETV Bharat / bharat

'ഹിന്‍ഡന്‍ബര്‍ഗ്' ഒരു ചെറിയ മീനല്ല ; റിപ്പോര്‍ട്ടിന് പിന്നാലെ ലോകസമ്പന്നരില്‍ മൂന്നില്‍ നിന്ന് 30 ലേക്ക് വീണ് അദാനി

author img

By

Published : Feb 26, 2023, 9:17 PM IST

അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്ന് ഒരുമാസമാകുമ്പോള്‍ ലോകസമ്പന്നരില്‍ മൂന്നാം സ്ഥാനത്ത് നിന്ന് 30ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഗൗതം അദാനി, ഏഷ്യയിലെ ഒന്നാമന്‍ ഇപ്പോഴുള്ളത് 10ാം സ്ഥാനത്ത്

Gautam Adani on World richest Person list  richest Person list  Gautam Adani  Gautam Adani steps back to 30 the step  Hindenburg Research Report  Hindenburg Research  ഹിന്‍ഡന്‍ബര്‍ഗ്  റിപ്പോര്‍ട്ടിന് പിന്നാലെ  ലോകസമ്പന്നരില്‍ മൂന്നില്‍ നിന്ന് 30 ലേക്ക്  മൂന്നില്‍ നിന്ന് 30 ലേക്ക് പിന്തള്ളപ്പെട്ട് അദാനി  ഗൗതം അദാനി  അദാനി  ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്  റിപ്പോര്‍ട്ട്  ലോകസമ്പന്നരില്‍ മൂന്നാം സ്ഥാനത്ത്  ഏഷ്യയിലെ ഒന്നാമന്‍
റിപ്പോര്‍ട്ടിന് പിന്നാലെ ലോകസമ്പന്നരില്‍ മൂന്നില്‍ നിന്ന് 30 ലേക്ക് പിന്തള്ളപ്പെട്ട് അദാനി

ന്യൂഡല്‍ഹി : 1937 മെയ് ആറിന് തീ പിടിത്തത്തിൽ കത്തിനശിച്ച ജര്‍മന്‍ എയര്‍ഷിപ്പിന്‍റെ പേരാണ് ഹിന്‍ഡന്‍ബര്‍ഗ്. അത്യുന്നതങ്ങളില്‍ നിന്ന് താഴ്‌ച്ചയുടെ പടുകുഴിയിലേക്ക് വീണുടയുന്നവരും ഹിന്‍ഡന്‍ബര്‍ഗും യോജിക്കുന്നത് ഈ വസ്‌തുത ഒന്നിലാണ്. ഏറ്റവുമൊടുവില്‍ കെട്ടിപ്പടുത്ത വമ്പന്‍ സാമ്രാജ്യത്തില്‍ നിന്നും കീഴടക്കിയ ഉയര്‍ച്ചകളില്‍ നിന്നും ഇന്ത്യന്‍ ശതകോടീശ്വരനായ ഗൗതം അദാനിയെ താഴെയിറക്കിയതും ഇതേ ഹിന്‍ഡന്‍ബര്‍ഗ് തന്നെ.

നഷ്‌ടങ്ങളുടെ പെരുമഴക്കാലം : ഒരുമാസത്തിന് മുമ്പ് അമേരിക്ക ആസ്ഥാനമായ ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് തങ്ങളുടെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിടുന്നത് വരെ ലോകത്തിലെ മൂന്നാമത്തെയും ഏഷ്യയിലെ വലിയ ധനികനുമായിരുന്നു അദാനി ഗ്രൂപ്പിന്‍റെ തലവന്‍ ഗൗതം അദാനി. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവന്ന നിമിഷം മുതല്‍ തന്നെ കിതച്ചുതുടങ്ങിയ അദാനി ഗ്രൂപ്പിന്‍റെ ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുകയും കൂടി ചെയ്‌തതോടെ ദിനേന അദാനി നേരിട്ടത് കോടികളുടെ നഷ്‌ടമാണ്. നിലവില്‍ സ്വന്തം സമ്പാദ്യത്തില്‍ 80 ബില്യണ്‍ ഡോളര്‍ കുത്തനെ ഇടിഞ്ഞതോടെ ആപ്പിള്‍ വിതരണം മുതല്‍ വിമാനത്താവളം വരെ സ്വന്തമായുളള അദാനി ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 30-ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ്.

വീഴ്‌ച എല്ലായിടത്തും : അദാനി ഗ്രൂപ്പിന്‍റെ വളര്‍ച്ച പോലെ തന്നെ നിലവിലെ തളര്‍ച്ചയും ഘട്ടങ്ങളായാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതോടെ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന്‍റേതായി ലിസ്‌റ്റ് ചെയ്യപ്പെട്ടിരുന്ന 10 കമ്പനികള്‍ക്ക് 12.06 ലക്ഷം കോടി രൂപയാണ് നഷ്‌ടമുണ്ടായത്. മാത്രമല്ല ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‍റെ (ടിസിഎസ്) വിപണി മൂലധനത്തിന് ഏതാണ്ട് തുല്യമാണ് അദാനി നേരിട്ട നഷ്‌ടം. അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികള്‍ ഓരോന്നും നേരിട്ട ഇടിവിലേക്ക് കടന്നാലും കാര്യങ്ങള്‍ അത്ര സുഖകരമല്ല.

സിഎന്‍ജി വിപണനത്തിനായി ഫ്രാന്‍സിലെ ടോട്ടല്‍ എനർജീസുമായി ചേർന്നുള്ള അദാനി ഗ്രൂപ്പിന്‍റെ സംയുക്ത സംരംഭമായ അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡിന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വരുത്തിവച്ചത് വിപണി മൂല്യത്തിന്‍റെ 80.68 നഷ്‌ടമാണെങ്കില്‍, ഇതേ കമ്പനികള്‍ കൈകോര്‍ത്ത അദാനി ഗ്രീന്‍ എനര്‍ജിക്ക് നഷ്‌ടം വിപണി മൂല്യത്തിന്‍റെ 74.62 ശതമാനമാണ്. ഈ സമയത്ത് അദാനി ട്രാന്‍സ്‌മിഷന്‍റെ വിപണി മൂല്യം 74.21 ശതമാനവും ഇടിഞ്ഞു.

'തല' തന്നെ മൂക്കുകുത്തിയാല്‍ : റിപ്പോര്‍ട്ട് പുറത്തുവന്ന ജനുവരി 24 മുതല്‍ ഇന്നുവരെ അദാനി ഗ്രൂപ്പിന്‍റെ മുഖമുദ്രയായ അദാനി എന്‍റര്‍പ്രൈസസിന്‍റെ നഷ്‌ടം 62 ശതമാനത്തിനടുത്താണ്. ഇവയെക്കൂടാതെ അദാനി പവർ, അദാനി വിൽമര്‍, അതിന്‍റെ സിമന്‍റ് യൂണിറ്റുകൾ, മീഡിയ കമ്പനിയായ എൻഡിടിവി, അദാനി പോർട്ട്സ് ആൻഡ് സെസ് എന്നിവയ്ക്കും വിപണി മൂല്യത്തില്‍ ഭീമമായ നഷ്‌ടമാണുണ്ടായത്. ഇതെല്ലാം കൂടിയായതോടെ ഗൗതം അദാനിക്കുണ്ടായ നഷ്‌ടം 80.6 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.

'സ്ഥാനം' പോയ വഴി: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്‍റെ റിപ്പോര്‍ട്ടിന് മുമ്പ് 120 ബില്യൺ യുഎസ് ഡോളറായിരുന്നു അദാനിയുടെ ആസ്‌തി. എന്നാല്‍ ഇത് മൂന്നായി ചുരുങ്ങി 40 ബില്യൺ യുഎസ് ഡോളര്‍ ആസ്‌തിയിലെത്തിയതോടെ മൂന്നാം സ്ഥാനം മുപ്പതാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. മാത്രമല്ല ഇന്ത്യന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയെയും പിന്തള്ളി കഴിഞ്ഞതവണ ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ ഗൗതം അദാനി നിലവില്‍ അംബാനിയേക്കാളും വളരെ താഴെയായി 10ാം സ്ഥാനത്താണുള്ളത്.

ബന്ധുക്കള്‍ ശത്രുക്കളോ ? : അതേസമയം അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗിന്‍റെ റിപ്പോര്‍ട്ടുകള്‍ പ്രധാനമായി വിരല്‍ചൂണ്ടിയത് ഗൗതം അദാനിയുടെ മൂത്ത സഹോദരൻ വിനോദ് (74) സ്ഥാപനങ്ങളില്‍ വരുത്തിവച്ച ക്രമക്കേടുകളിലേക്കാണ്. ദുബായിൽ താമസിക്കുകയാണെന്നും സൈപ്രസ് പൗരനാണെന്നും പറയപ്പെടുന്ന വിനോദ് അദാനി, ഗ്രൂപ്പിന്‍റെ സ്ഥാപനങ്ങളിലൊന്നിലും മാനേജര്‍ പദവി വഹിക്കുന്നില്ല. എന്നാല്‍ മൗറീഷ്യസ്, സൈപ്രസ്, കരീബിയൻ ദ്വീപുകള്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ സ്ഥാപനങ്ങളെല്ലാം തന്നെ കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണെന്നായിരുന്നു റിപ്പോര്‍ട്ട് അറിയിച്ചിരുന്നത്.

എന്നാല്‍ തന്‍റെ സഹോദരന്‍, ലിസ്‌റ്റ് ചെയ്യപ്പെട്ട സ്ഥാപനങ്ങളിലോ അനുബന്ധ സ്ഥാപനങ്ങളിലോ കാര്യങ്ങള്‍ നിയന്ത്രിക്കുന്നില്ലെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നുണ്ടെങ്കിലും ഗ്രൂപ്പിനായി അന്താരാഷ്‌ട്ര വിപണിയിൽ നിന്ന് ഫണ്ട് സ്വരൂപിക്കുമ്പോൾ വിനോദ് അദാനി അതില്‍ പ്രധാന കാര്യസ്ഥനായി പ്രവർത്തിച്ചതായി ഹിന്‍ഡന്‍ബര്‍ഗ് മറുപടി നല്‍കുന്നു. മാത്രമല്ല സിമന്‍റ് നിർമാതാക്കളായ അംബുജ ലിമിറ്റഡും എസിസി ലിമിറ്റഡും അദാനി ഗ്രൂപ്പ് 10.5 ബില്യൺ യുഎസ് ഡോളറിന് ഏറ്റെടുത്തതോടെ വിനോദ് അദാനിയും ഭാര്യയും ഇതിന്‍റെ ഗുണഭോക്താക്കളായെന്നും റിപ്പോര്‍ട്ടിലുണ്ട്.

വീണുടഞ്ഞതോ, വീഴ്‌ത്തിയതോ : ഓഹരിയില്‍ കൃത്രിമത്വം കാണിച്ചുവെന്നതുള്‍പ്പടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന ആരോപണമാണ് അദാനി ഗ്രൂപ്പിനെതിരെ ജനുവരി 24 ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അറിയിച്ചിരുന്നത്. ഇതിനെ'കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ചതി'യെന്നും 100 ലധികം പേജുകളുള്ള റിപ്പോര്‍ട്ടില്‍ ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. എന്നാല്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ കഴമ്പില്ലെന്നും കള്ളമാണെന്നുമായിരുന്നു അദാനി ഗ്രൂപ്പ് ഇതിന് നല്‍കിയ വിശദീകരണം. മാത്രമല്ല ഒരു പ്രത്യേക കമ്പനിക്ക് നേരെയുള്ള അറിയാതെയുള്ള ആക്രമണമല്ല ഇതെന്നും, ഇന്ത്യൻ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, സമഗ്രത, ഗുണനിലവാരം, കമ്പനിയുടെ വളര്‍ച്ച എന്നിവയ്‌ക്കെതിരെയുള്ള കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ കേവലം ദേശീയവാദം കൊണ്ടോ, ആരോപണങ്ങളെ അവഗണിച്ചുള്ള പ്രതികരണങ്ങള്‍ കൊണ്ടോ ഒരു 'വഞ്ചന' അതല്ലാതാകുന്നില്ല എന്ന് ഹിന്‍ഡന്‍ബര്‍ഗും ഇതിനോട് തിരിച്ചടിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.