ETV Bharat / bharat

അസമിൽ ദുരിതമഴ; വെള്ളപ്പൊക്കവും ഉരുൾപൊട്ടലും രൂക്ഷമായി തുടരുന്നു

author img

By

Published : Jun 19, 2022, 4:01 PM IST

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32 ജില്ലകളിലെ 118 റവന്യൂ സർക്കിളുകളിലും, 4291 വില്ലേജുകളിലുമാണ് മഴക്കെടുതിയും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്‌തത്

Flood in Assam  Assam State Disaster Management Authority  flood and landslide death toll in assam  അസം പ്രളയം  അസമിൽ വെള്ളപ്പൊക്കം ഉരുൾപൊട്ടൽ  അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
അസമിൽ ദുരിതമഴ; വെള്ളപ്പൊക്കവും ഉരുൾപൊട്ടലും രൂക്ഷമായി തുടരുന്നു

ഗുവാഹത്തി: അസമിൽ പ്രളയം അതിതീവ്രമായി തുടരുന്നു. ഞായറാഴ്‌ച രാത്രി തുടർച്ചയായി പെയ്‌ത മഴയിൽ വെള്ളപ്പൊക്കം ഗുവാഹത്തിയുടെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചു. കഴിഞ്ഞ ആറ് ദിവസമായി അസമിൽ കനത്ത വെള്ളപ്പൊക്കവും ഉരുൾപൊട്ടലും തുടരുകയാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അസമിൽ ദുരിതമഴ; വെള്ളപ്പൊക്കവും ഉരുൾപൊട്ടലും രൂക്ഷമായി തുടരുന്നു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32 ജില്ലകളിലെ 118 റവന്യൂ സർക്കിളുകളിലും, 4291 വില്ലേജുകളിലുമാണ് മഴക്കെടുതിയും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്‌തത്. 31 ലക്ഷത്തിലധികം പേരെയാണ് കനത്ത മഴയും വെള്ളപ്പൊക്കവും ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 514 ദുരിതാശ്വാസ ക്യാമ്പുകളിലായി 1.56 ലക്ഷം പേരാണ് ഉള്ളത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകാൻ സാധിക്കാത്തവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യാനായി സംസ്ഥാനത്ത് ഉടനീളം 302 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങൾ താത്‌കാലികമായി തുറന്നിട്ടുണ്ട്.

പ്രളയ ബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ജില്ല ഭരണകൂടങ്ങൾക്കൊപ്പം ദേശീയ ദുരന്ത നിവാരണ സേനയും പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേന, അഗ്നിശമന സേനാംഗങ്ങൾ, പൊലീസുകാർ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വോളന്‍റിയർമാർ എന്നിവരെയും രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.

ശനിയാഴ്‌ച രാത്രി മുതൽ തുടർച്ചയായി പെയ്യുന്ന മഴയിലാണ് ഗുവാഹത്തിയുടെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായത്. പ്രളയ സാഹചര്യത്തിൽ നഗരത്തിലേക്കുള്ള ബ്രഹ്മപുത്ര നദിയിൽ നിന്നുള്ള വെള്ളത്തിന്‍റെ ഒഴുക്ക് തടയാൻ ഭരലു നദിയിലെ സ്ലൂയിസ് ഗേറ്റുകൾ അടച്ചതായി ഗുവാഹത്തി മുനിസിപ്പൽ കോർപറേഷൻ കമ്മിഷണർ ദേവാശിഷ് ശർമ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്‌ടമായവരുടെ എണ്ണം എട്ടായി. ഇതോടെ ഈ വർഷം വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 62 ആയി ഉയർന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.