ETV Bharat / bharat

ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയ മഹുവയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമോ...വിവേക് കെ അഗ്നി ഹോത്രി എഴുതുന്നു

author img

By ETV Bharat Kerala Team

Published : Dec 9, 2023, 7:41 PM IST

ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ എത്തിക്‌സ്‌ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയ തൃണമൂല്‍ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് ഇനി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് തടസ്സമുണ്ടോ എന്ന വിഷയത്തില്‍ രാജ്യസഭ മുന്‍ സെക്രട്ടറി ജനറല്‍ വിവേക് കെ അഗ്നി ഹോത്രി എഴുതിയ ലേഖനം.

expulsion-of-a-member-of-parliament-mahua-moitra-case
expulsion-of-a-member-of-parliament-mahua-moitra-case

ന്യൂഡല്‍ഹി: പ്രതിപക്ഷ അംഗങ്ങളുടെ ഇറങ്ങിപ്പോക്കിനും പ്രതിഷേധത്തിനുമിടെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള തീരുമാനം ലോക്സഭ ഡിസംബർ എട്ടിന് ശബ്ദവോട്ടോടെ പാസാക്കിയിരുന്നു. മഹുവ മൊയ്ത്ര കേസില്‍ പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെച്ചിരുന്നു. രണ്ടു മണിക്ക് സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷ ബഹളത്തിനിടെ തന്നെ റിപ്പോര്‍ട്ട് സഭ ചര്‍ച്ചക്കെടുക്കുകയായിരുന്നു.

പ്രതിപക്ഷത്തിന് ഏറെ സമയം നല്‍കാതെ ഞൊടിയിടയിലായിരുന്നു റിപ്പോര്‍ട്ട് ചര്‍ച്ചക്കെടുക്കാന്‍ തീരുമാനിച്ചത്. ആരോപണ വിധേയയായ മഹുവ മൊയ്ത്രയ്ക്ക് ചര്‍ച്ചക്കിടെ വിശദീകരിക്കാന്‍ സമയം അനുവദിച്ചതുമില്ല. ചര്‍ച്ചയെത്തുടര്‍ന്ന് 2005 ലെ കീഴ്വഴക്കം ചൂണ്ടിക്കാട്ടി മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള പ്രമേയം പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി അവതരിപ്പിക്കുകയായിരുന്നു. എംപി എന്ന നിലയ്ക്കുള്ള മഹുവ മൊയ്ത്രയുടെ പെരുമാറ്റം പദവിക്ക് നിരക്കാത്തതാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

പാര്‍ലമെന്‍റില്‍ ചോദ്യം ചോദിക്കുന്നതിന് മഹുവ മൊയ്ത്ര വ്യവസായി ദര്‍ശന്‍ ഹീരാ നന്ദാനിയില്‍ നിന്ന് പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്ന് ആരോപിച്ച് മറ്റൊരു പാര്‍ലമെന്‍റംഗം നിഷികാന്ത് ദുബേ നല്‍കിയ പരാതി ലോക്‌സഭ സ്പീക്കര്‍ എത്തിക്‌സ്‌ കമ്മിറ്റിക്ക് വിടുകയായിരുന്നു. ഹീരാ നന്ദാനിയുടെ വ്യവസായ താല്‍പ്പര്യം സംരക്ഷിക്കാന്‍ മഹുവ മൊയ്ത്ര പണം കൈപ്പറ്റി പാര്‍ലമെന്‍റില്‍ ചോദ്യം ചോദിച്ചുവെന്ന് മാത്രമല്ല, ചോദ്യങ്ങള്‍ അപ് ലോഡ് ചെയ്യാന്‍ ലോക്‌സഭ വെബ്സൈറ്റിലെ തന്‍റെ പാസ് വേര്‍ഡ് വരെ വ്യവസായിയുമായി പങ്കുവെച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു. പരാതിക്കാരനില്‍ നിന്നും ആരോപണ വിധേയയില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ച് ഇരുവരേയും വിസ്തരിച്ച ശേഷം എത്തിക്‌സ്‌ കമ്മിറ്റി സ്പീക്കര്‍ക്ക് കഴിഞ്ഞ മാസം 9 ന് (നവംബര്‍) റിപ്പോര്‍ട്ട് നല്‍കി.

ചോദ്യത്തിന് പണം വാങ്ങിയതും സമ്മാനം കൈപ്പറ്റിയതും ഒക്കെ മാറ്റി വെച്ചാല്‍ത്തന്നെ ഒരു പാര്‍ലമെന്‍റംഗം തന്‍റെ മണ്ഡലത്തില്‍പ്പെട്ടവരെക്കുറിച്ചോ അല്ലെങ്കില്‍ അവരുമായി ബന്ധപ്പെട്ടതോ ആയ വിഷയങ്ങള്‍ സഭയില്‍ ചോദ്യ രൂപത്തില്‍ ഉന്നയിക്കുന്നത് ഒരിക്കലും തെറ്റല്ല. പക്ഷേ എല്ലാറ്റിനും ചില വ്യവസ്ഥകളുണ്ട്. ഒരംഗം തെരഞ്ഞെടുക്കപ്പെട്ടാല്‍ ഉടന്‍ തന്‍റെ പ്രൊഫഷണല്‍ ബിസിനസ് സംരംഭങ്ങളെപ്പറ്റിയും പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള വിശദ വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അത് അംഗങ്ങളുടെ വിവരങ്ങളടങ്ങിയ രജിസ്റ്ററില്‍ രേഖപ്പെടുത്തപ്പെടും. ഇത് മറ്റംഗങ്ങള്‍ക്കും വിവരാവകാശ നിയമ പ്രകാരം പൊതുജനങ്ങള്‍ക്കും പരിശോധിക്കാവുന്നതാണ്.

തന്‍റെ ബിസിനസ് അല്ലെങ്കില്‍ പ്രൊഫഷണല്‍ സ്ഥാപനവുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റ് അംഗം സഭയില്‍ ഏതെങ്കിലും വിഷയം ഉന്നയിക്കുകയാണെങ്കില്‍ അക്കാര്യം മുന്‍കൂട്ടി എഴുതി അറിയിക്കേണ്ടതാണ്. ഉദാഹരണത്തിന് അഭിഭാഷക ജോലിയിലിരിക്കുന്ന ഒരംഗം തന്‍റെ ഏതെങ്കിലും കക്ഷികളുമായി ബന്ധമുള്ളതോ അവര്‍ക്ക് താല്‍പ്പര്യമുള്ളതോ ആയ വിഷയവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനു മുമ്പ് സത്യവാങ്ങ് മൂലം നല്‍കണമെന്നാണ് ചട്ടം.

അതിലുപരിയായി സഭയില്‍ അംഗങ്ങള്‍ പാലിക്കേണ്ട മര്യാദകളുമായി ബന്ധപ്പെട്ട് ചില കീഴ്വഴക്കങ്ങള്‍ നിലവിലുണ്ട്. നിയതമായ എഴുതപ്പെട്ട പെരുമാറ്റച്ചട്ടങ്ങളില്ലെങ്കിലും സഭയുടെ സുഗമമായ നടത്തിപ്പിനും സഭയുടെ അന്തസ്സും മാന്യതയും ഉയര്‍ത്തിപ്പിടിക്കുന്നതിനും അംഗങ്ങള്‍ പുലര്‍ത്തേണ്ട മര്യാദകളെക്കുറിച്ച് ലോക്‌സഭയുടെ റൂള്‍സ് ഓഫ് പ്രൊസീജിയേഴ്സില്‍ കൃത്യമായ വ്യവസ്ഥകളുണ്ട്.

അംഗങ്ങളുടെ സഭയിലെ പെരുമാറ്റവുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റ് അംഗീകരിച്ചിട്ടുള്ള മറ്റൊരു രേഖ 2005 ഏപ്രില്‍ 20 ന് രാജ്യസഭ എത്തിക്സ് കമ്മിറ്റി സമര്‍പ്പിച്ച നാലാമത് റിപ്പോര്‍ട്ടാണ്. 14 ഈ പെരുമാറ്റച്ചട്ടമാണ് സമിതി ശുപാര്‍ശ ചെയ്തത്. അവയില്‍ പ്രധാനപ്പെട്ട ശുപാര്‍ശകള്‍ പരിശോധിക്കാം.

1. പൊതുപ്രവര്‍ത്തകര്‍ എന്ന നിലയ്ക്ക് തങ്ങളുടെ പാര്‍ലമെന്‍റംഗം എന്ന നിലയിലുള്ള പദവിയും തങ്ങളുടെ സ്വാകാര്യവും വ്യക്തിപരവുമായ താല്‍പ്പര്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉണ്ടെന്ന് തോന്നുന്ന ഘട്ടത്തില്‍ സ്വകാര്യ താല്‍പ്പര്യം വെടിഞ്ഞ് അംഗങ്ങള്‍ പാര്‍ലമെന്‍റ് അംഗം എന്ന നിലയിലുള്ള കടമ നിറവേറ്റണം.

2.പാര്‍ലമെന്‍റിനോ അംഗങ്ങള്‍ക്കോ അവമതിപ്പുണ്ടാക്കുന്ന യാതൊന്നും അംഗങ്ങള്‍ ചെയ്യരുത്.

3. സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്ന അംഗങ്ങള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള പണം പൊതുജനങ്ങളുടെ നന്മക്കായി മാത്രം വിനിയോഗിക്കണം.

4.തങ്ങളുടേയോ അടുത്ത ബന്ധുക്കളുടേയോ ബിസിനസ് താല്‍പ്പര്യങ്ങളും പൊതു താല്‍പ്പര്യങ്ങളും തമ്മില്‍ ഒരു തെരഞ്ഞെടുപ്പ് വേണ്ടി വരുന്ന ഘട്ടത്തില്‍ അംഗങ്ങള്‍ എല്ലായ്പ്പോഴും പൊതു താല്‍പ്പര്യത്തോടൊപ്പം നില്‍ക്കണം.

5. പാര്‍ലമെന്‍റില്‍ ഏതെങ്കിലും വിഷയത്തില്‍ വോട്ട് ചെയ്യുന്നതിനോ, വോട്ട് ചെയ്യാതിരിക്കുന്നതിനോ, ഏതെങ്കിലും ബില്‍ അവതരിപ്പിക്കുന്നതിനോ, പ്രമേയം അവതരിപ്പിക്കുന്നതിനോ അവതരിപ്പിക്കാതിരിക്കുന്നതിനോ, സഭയില്‍ ചോദ്യം ചോദിക്കുന്നതിനോ ചോദിക്കാതിരിക്കുന്നതിനോ സഭയിലെ ചര്‍ച്ചയിലോ പാര്‍ലമെന്‍റ് സമിതികളുടെ ചര്‍ച്ചകളിലോ പങ്കെടുക്കുകയോ വിട്ടു നില്‍ക്കുകയോ ചെയ്യുന്നതിനോ അംഗങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള പ്രതിഫലം കൈപ്പറ്റരുത്.

പാര്‍ലമെന്‍റില്‍ ഏതെങ്കിലും വിഷയം ഉന്നയിക്കുന്നതിനോ ചോദ്യം ചോദിക്കുന്നതിനോ അംഗങ്ങള്‍ പണം കൈപ്പറ്റിയെന്ന ആരോപണം ഇതാദ്യമായല്ല ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ഉയരുന്നത്. അംഗങ്ങള്‍ എന്ന നിലയ്ക്കുള്ള കടമകള്‍ നിറവേറ്റുന്നതിനിടയില്‍ അഴിമതി കാട്ടുന്നത് അംഗങ്ങളുടെ പ്രത്യേക അവകാശ ലംഘനമായാണ് സഭ കാണുന്നത്. മറ്റാരില്‍ നിന്നെങ്കിലും പണമോ പാരിതോഷികമോ പറ്റി മുന്‍ധാരണ പ്രകാരം അവരുടെ ആവശ്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നതും പ്രത്യേക അവകാശങ്ങളുടെ ലംഘനമാണ്.

എച്ച് ജി മുദ്ഗല്‍ എന്ന അംഗം ചില വ്യവസായ സംഘടനകള്‍ക്ക് വേണ്ടി പണം പറ്റി ചോദ്യം ഉന്നയിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ 1951 ല്‍ താല്‍ക്കാലിക പാര്‍ലമെന്‍റ് അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. സഭയുടെ അന്തസ്സിന് നിരക്കാത്ത രീതിയിലുള്ള പെരുമാറ്റമാണ് അംഗത്തിന്‍റെ ഭാഗത്തു നിന്നുണ്ടായതെന്ന് അന്ന് സമിതി കണ്ടെത്തി. അന്ന് പുറത്താക്കലില്‍ നിന്ന് ഒഴിവാകാന്‍ മുഗ്ദല്‍ രാജി വെച്ചൊഴിയാനാണ് നോക്കിയത്.

ചില പാര്‍ലമെന്‍റംഗങ്ങള്‍ സഭയില്‍ ചോദ്യം ചോദിക്കുന്നതിന് പണം കൈപ്പറ്റുന്ന ദൃശ്യങ്ങള്‍ 2005 ഡിസംബര്‍ 12 ന് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ പുറത്തു വിട്ടു. ഇതേത്തുടര്‍ന്ന് ദൃശ്യത്തില്‍ കുടുങ്ങിയ അംഗങ്ങളെ പാര്‍ലമെന്‍റ് നടപടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സ്പീക്കര്‍ വിലക്കി. സംഭവം പരിശോധിച്ച് തീരുമാനമെടുക്കുന്നതു വരെ ആ അംഗങ്ങള്‍ സഭ നടപടികളില്‍ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു സ്പീക്കറുടെ തീരുമാനം.

അന്വേഷണകമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇരു സഭകളും ചര്‍ച്ച ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 23 ന് 10 ലോക്‌സഭാംഗങ്ങളേയും ഒരു രാജ്യസഭാംഗത്തേയും പാര്‍ലമെന്‍റ് അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ചിലപ്പോഴൊക്കെ മാധ്യമങ്ങള്‍ പുറത്താക്കല്‍, അയോഗ്യത തുടങ്ങിയ പദങ്ങള്‍ അനവസരത്തില്‍ ഉപയോഗിക്കാറുണ്ട്. ഇവ രണ്ടും രണ്ടാണ്.

ഏതെങ്കിലും കുറ്റകൃത്യം ചെയ്ത് ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്നോ കൂറുമാറ്റത്തെത്തുടര്‍ന്നോ പാര്‍ലമെന്‍റ് അംഗങ്ങള്‍ അയോഗ്യരാക്കപ്പെട്ടാല്‍ അവര്‍ക്ക് 6 വര്‍ഷമോ അതിലേറെയോ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തും. ജെ ജയലളിതയും ലാലു പ്രസാദ് യാദവും ഒക്കെ അങ്ങനെ അയോഗ്യരാക്കപ്പെട്ടവരാണ്. അടുത്ത കാലത്ത് ലക്ഷദ്വീപ് എംപി മൊഹമ്മദ് ഫൈസലിനേയും വയനാട് എംപി രാഹുല്‍ ഗാന്ധിയേയും ഇത്തരത്തില്‍ അയോഗ്യരാക്കിയിരുന്നുവെങ്കിലും കോടതി വിലക്ക് സ്റ്റേ ചെയ്യുകയായിരുന്നു.

ഇത് അയോഗ്യരാക്കുന്നതിന്‍റെ വശമാണെങ്കില്‍ പുറത്താക്കല്‍ മറ്റൊരു തരത്തിലാണ്. അവിടെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് വിലക്കില്ല. സാധാരണ ഗതിയില്‍ അംഗങ്ങള്‍ അയോഗ്യരാക്കപ്പെട്ടാലും പുറത്താക്കപ്പെട്ടാലും ഒഴിവ് നികത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആറു മാസത്തിനകം നടപടി കൈക്കൊള്ളണം. എന്നാല്‍ ഇവിടെ മഹുവ മൊയ്ത്ര കേസില്‍ പൊതു തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് സാധ്യതകളില്ല. 2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ വീണ്ടും മല്‍സരിക്കുന്നതിന് മൊഹുവ മൊയ്ത്രക്ക് അയോഗ്യതയും ഇല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.