ETV Bharat / bharat

ഇപിഎസിലെ സുപ്രീംകോടതി വിധി നടപ്പാക്കി ഇപിഎഫ്ഒ; ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള ഓപ്‌ഷന്‍ ലഭ്യമാക്കി

author img

By

Published : Dec 31, 2022, 5:20 PM IST

യഥാര്‍ഥ ശമ്പളത്തിന്‍റെ 8.33 ശതമാനം ഇപിഎസിലേക്ക് അടച്ച് ഉയര്‍ന്ന പെന്‍ഷന്‍ ലഭ്യമാകുന്നതിനുള്ള സ്‌കീമില്‍ അംഗമാകുന്നതിന് ജീവനക്കാര്‍ക്ക് നാല് മാസം കൂടി നല്‍കണമെന്നായിരുന്നു സുപ്രീംകോടതി വിധി

EPFO implements SC order on EPS  EPFO circular  ഇപിഎസിലെ സുപ്രീംകോടതി വിധി  പെന്‍ഷന്‍  ഇപിഎഫ്‌ഒ  ഇപിഎസ് ഉയര്‍ന്ന പെന്‍ഷന്‍ സ്‌കീം  higher pension option in EPS  SC order on EPS
epfo

ന്യൂഡല്‍ഹി: നവംബര്‍ 4, 2022ലെ സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് അര്‍ഹരായ വരിക്കാര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള ഓപ്ഷന്‍ ഒരുക്കുന്നതിന് ഫീല്‍ഡ് ഓഫിസുകളോട് നിര്‍ദേശിച്ച് ഇപിഎഫ്‌ഒ (Employees Provident Fund Organisation). നവംബര്‍ നാലിലെ സുപ്രീംകോടതി ഉത്തരവിലെ ഖണ്ഡിക 44(ix) നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കാനാണ് ഫീല്‍ഡ് ഓഫിസുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ വിഷയത്തില്‍ ഇപിഎഫ്‌ഒ എടുത്ത തീരുമാനത്തിന് പ്രചാരണം നല്‍കാനും ഫീല്‍ഡ്‌ഓഫിസുകള്‍ക്ക് സര്‍ക്കുലറില്‍ നിര്‍ദേശം ഉണ്ട്.

2014ല്‍ ഇപിഎസ് സ്‌കീമില്‍( Employees Pension Scheme) വരുത്തിയ ഭേദഗതിക്ക് സുപ്രീംകോടതി അംഗീകാരം നല്‍കിയിരുന്നു. 2014ലെ ഭേദഗതി പെന്‍ഷന് വേണ്ടി കണക്കാക്കുന്ന ശമ്പളത്തിന്‍റെ പരിധി 6,500ല്‍ നിന്ന് 15,000മായി ഉയര്‍ത്തിയിരുന്നു. കൂടാതെ 2014ലെ ഭേദഗതി യഥാര്‍ഥ ശമ്പളത്തിന്‍റെ 8.33 ശതമാനം ഇപിഎസില്‍ വകയിരുത്താന്‍ ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കും അവസരം നല്‍കുകയും ചെയ്‌തിരുന്നു.

സെപ്റ്റംബര്‍ 1, 2014 മുതല്‍ ഭേദഗതി പ്രാബല്യത്തില്‍ വന്നു. കൂടുതല്‍ പെന്‍ഷന്‍ ലഭിക്കുന്ന സ്‌കീമിന്‍റെ (യഥാര്‍ഥ ശമ്പളത്തിന്‍റെ 8.33 ശതമാനം ഇപിഎസില്‍ അടയ്‌ക്കുന്ന സ്‌കീം) ഭാഗമാകാന്‍ ആറ് മാസത്തെ സമയവും അനുവദിച്ചു.

എന്നാല്‍ പലരും ഭേദഗതിയെകുറിച്ചോ കൂടുതല്‍ പെന്‍ഷന്‍ ലഭിക്കാനുള്ള ഓപ്ഷനെ കുറിച്ചോ അറിഞ്ഞില്ല. അങ്ങനെ കൂടുതല്‍ പെന്‍ഷന്‍ ലഭിക്കാനുള്ള അവസരം നഷ്‌ടമായി എന്ന് മനസിലാക്കിയ ജീവനക്കാരാണ് കോടതിയെ സമീപിച്ചത്. ഇതിലാണ് നവംബര്‍ നാലിന് സുപ്രീംകോടതി വിധി .

ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്ന സ്‌കീമില്‍ അംഗമാകാന്‍ ജീവനക്കാര്‍ക്ക് നാല്‌ മാസം കൂടി നല്‍കണമെന്ന് ഇപിഎഫ്‌ഒയോട് കോടതി നിര്‍ദേശിച്ചു. കൂടാതെ 15,000ത്തിന് മുകളിലുള്ള ശമ്പളത്തിനാണെങ്കില്‍ 1.16 ശതമാനം ജീവനക്കാര്‍ തന്നെ അടയ്‌ക്കണമെന്ന ഭേദഗതിയിലെ വ്യവസ്ഥയും സുപ്രീംകോടതി റദ്ദാക്കി.

2014ലെ ഭേദഗതിക്ക് മുമ്പ് യഥാര്‍ഥ ശമ്പളത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നില്ല ഇപിഎസിലേക്കുള്ള വിഹിതം കണക്കാക്കിയത്. 1995 മുതലാണ് ഇപിഎസ് നിലവില്‍ വരുന്നത്. ശമ്പളം 5,000 രൂപ എന്ന ഉയര്‍ന്ന പരിധി നിശ്ചയിച്ച് അതിന്‍റെ 8.33 ശതമാനമാണ് ഇപിഎസിലേക്ക് വകയിരുത്തുക. യഥാര്‍ഥത്തിലുള്ള ശമ്പളം 5,000 രൂപയേക്കാള്‍ കൂടുതലാണെങ്കിലും 5,000 രൂപയുടെ 8.33 ശതമാനം മാത്രമെ ഇപിഎസിലേക്ക് പോകുകയുള്ളൂ. 1996ല്‍ 5,000 രൂപ പരിധി 6,500 രൂപയായി ഉയര്‍ത്തി. 2014ല്‍ ഇത് 15,000 രൂപയായും വര്‍ധിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.