ETV Bharat / bharat

അന്തരീക്ഷ നിലയറിയാന്‍ ഡ്രോണുകള്‍ ; പുതുനീക്കത്തിന് ഐഎംഡി

author img

By

Published : Jun 8, 2022, 3:14 PM IST

അന്തരീക്ഷ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രാപ്‌തമായ ഡ്രോണുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിന് കമ്പനികളെ ക്ഷണിച്ചിരിക്കുകയാണ് ഐഎംഡി

Drones may replace weather balloons soon  drones in weather forcasting  drones to collect atmosphere data  imd uses drone to collect data from atmosphere  ഡ്രോണുകള്‍ അന്തരീക്ഷ വിവരങ്ങള്‍ ശേഖരിക്കുന്നതിന്  ഡ്രോണുകള്‍ ഐഎംഡി ഉപയോഗിക്കുന്നു  ഡ്രോണുകള്‍ കാലവസ്ഥാ പ്രവചനത്തിന്
ഡ്രോണുകള്‍ ഉപയോഗിച്ച് അന്തരീക്ഷ വിവരങ്ങള്‍ ശേഖരിക്കാന്‍ തയ്യാറെടുത്ത് ഐഎംഡി

ന്യൂഡല്‍ഹി : അന്തരീക്ഷ വിവരങ്ങള്‍ ശേഖരിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ച് ഐഎംഡി(India Meteorological Department). നിലവില്‍ സെന്‍സറുകള്‍ ഘടിപ്പിച്ച ഹൈഡ്രജന്‍ ബലൂണുകള്‍ പറത്തിയാണ് കാലാവസ്ഥ പ്രവചനത്തിനായുള്ള അന്തരീക്ഷ വിവരങ്ങള്‍ ശേഖരിക്കുന്നത്. കുറഞ്ഞത് രാജ്യത്തെ 55 കേന്ദ്രങ്ങളില്‍ നിന്ന് ഒരു ദിവസം രണ്ട് തവണ ഹൈഡ്രജന്‍ ബലൂണുകള്‍ പറത്തി ഐഎംഡി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

ടെലിമെട്രി ഉപകരണമായ റേഡിയോസോണ്ടില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സറുകള്‍ അന്തരീക്ഷ മര്‍ദ്ദവും, താപവും, കാറ്റിന്‍റെ ദിശയും അവയുടെ വേഗതയും രേഖപ്പെടുത്തുന്നു. എന്നാല്‍ ഹൈഡ്രജന്‍ ബലൂണുകള്‍ 12 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ഉള്ളപ്പോഴേ റേഡിയോസോണ്ടില്‍ നിന്ന് ഈ വിവരങ്ങള്‍ അയക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ നീരീക്ഷണ കേന്ദ്രത്തില്‍ നിന്ന് വളരെ കൂടുതല്‍ ദൂരം പലപ്പോഴും ഈ ബലൂണുകള്‍ പറന്നകലുന്നു. ഈ സാഹചര്യത്തില്‍ സെന്‍സറുകള്‍ ശേഖരിച്ച വിവരങ്ങള്‍ റിസീവറിലേക്ക് റേഡിയോസോണ്ടിന് അയക്കാന്‍ കഴിയാതെ പോകുന്നു.

ഇതിന് പരിഹാരമായാണ് ഡ്രോണുകള്‍ ഉപയോഗിച്ച് അന്തരീക്ഷ വിവരങ്ങള്‍ ശേഖരിക്കാനുള്ള പദ്ധതി ഐഎംഡി ആവിഷ്‌കരിക്കുന്നത്. പ്രത്യേകമായി നിര്‍മിച്ച ഡ്രോണുകളില്‍ സെന്‍സറുകള്‍ ഘടിപ്പിച്ചുള്ള അന്തരീക്ഷ വിവര ശേഖരണം വളരെ കാര്യക്ഷമമാണെന്ന് പല പഠനങ്ങളിലും തെളിഞ്ഞതാണ്. ഹൈഡ്രജന്‍ ബലൂണുകളെ അപേക്ഷിച്ച് ഡ്രോണുകളുടെ മെച്ചം പറക്കല്‍ നിയന്ത്രിക്കാം എന്നുള്ളതാണ്.

ഡ്രോണുകള്‍ കൂടുതല്‍ കാര്യക്ഷമം : വേണ്ടസമയത്ത് താഴ്ന്നും ഉയര്‍ന്നും ഡ്രോണ്‍ പറത്തി അന്തരീക്ഷ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കും. ഡ്രോണുകളെ അഞ്ച് കിലോമീറ്റര്‍ ഉയരത്തില്‍ പറത്തി അന്തരീക്ഷത്തിലെ കാലാവസ്ഥ പ്രവചനത്തിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാനാണ് ഐഎംഡി ഇപ്പോള്‍ പദ്ധതിയിടുന്നത്. ഹൈഡ്രജന്‍ ബലൂണുകളില്‍ ഘടിപ്പിച്ച സെന്‍സറുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുമായി ഇതിനെ താരതമ്യം ചെയ്യും.

ഡ്രോണ്‍ നിര്‍മാണ കമ്പനികളേയും ഡ്രോണ്‍ സങ്കേതികവിദ്യ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരേയും അന്തരീക്ഷ വിവരങ്ങള്‍ ശേഖരിക്കാന്‍ പറ്റിയ ഡ്രോണുകള്‍ വികസിപ്പിക്കാനായി ക്ഷണിച്ചിരിക്കുകയാണ് ഐഎംഡി. ഹൈഡ്രജന്‍ ബലൂണുകള്‍ രണ്ട് മണിക്കൂര്‍ പറന്നാണ് ഇപ്പോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഡ്രോണ്‍ ഉപയോഗിച്ചാല്‍ ഇത് 40 മിനിട്ടുകൊണ്ട് സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

ഹൈഡ്രജന്‍ ബലൂണുകള്‍ നിരീക്ഷണ നിലയത്തില്‍ നിന്ന് പറന്നകന്ന് അതില്‍ ഘടിപ്പിച്ചിരിക്കുന്ന റേഡിയോസോണ്ടുകള്‍ നഷ്‌ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിലൂടെ സാധിക്കും .ഓരോദിവസവും നൂറ് കണക്കിന് അത്തരം ഉപകരണങ്ങള്‍ ഐഎംഡിക്ക് നഷ്‌ടപ്പെടുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.