ETV Bharat / bharat

ഡൽഹിയിൽ താപനില 4 ഡിഗ്രി ; മൂടൽമഞ്ഞുമൂലം 53 വിമാനങ്ങൾ റദ്ദാക്കി

author img

By ETV Bharat Kerala Team

Published : Jan 17, 2024, 12:18 PM IST

Delhi Fog : കനത്ത മഞ്ഞുമൂലം ഡൽഹി വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സർവീസുകൾ വൈകുന്നു. 53 വിമാനങ്ങൾ റദ്ദാക്കി. കേരള എക്‌സ്പ്രസ് അടക്കമുള്ള ട്രെയിനുകളും വൈകിയാണ് ഓടുന്നത്.

Delhi Fog  ഡൽഹി അതിശൈത്യം  delhi flight delay  ഡൽഹി താപനില
Delhi Mercury Drops Several Flights Trains Delayed

ന്യൂഡൽഹി : കുറഞ്ഞ താപനില 4 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നതോടെ തണുപ്പിന്‍റെ പിടിയിൽ തുടർന്ന് രാജ്യതലസ്ഥാനം. ഡൽഹിയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ ഇന്നും മണിക്കൂറുകളോളം വൈകിയാണ് പറക്കുന്നത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തുന്ന പല വിമാന സർവീസുകളും തടസപ്പെട്ട നിലയിലാണ്. അന്താരാഷ്ട്ര വിമാനങ്ങൾ ഉൾപ്പടെ 120 ഓളം വിമാനങ്ങൾ മണിക്കൂറുകളോളം വൈകി. മൂടൽമഞ്ഞ് കാരണം വിമാനങ്ങൾക്ക് ദൂരക്കാഴ്‌ച ഇല്ലാത്തതാണ് പ്രശ്‌നം സൃഷ്‌ടിക്കുന്നത് (Flights Trains Delayed).

മൂടൽമഞ്ഞടക്കമുള്ള പ്രശ്‌നങ്ങൾ മൂലം പ്രവർത്തിക്കാനാകാത്ത സാഹചര്യം ഉടലെടുത്തതോടെ ഇന്ന് (ബുധൻ) 53 വിമാനങ്ങൾ റദ്ദാക്കി. 120 വിമാന സർവീസുകളുടെ പ്രവർത്തനത്തെ മൂടൽമഞ്ഞ് ബാധിച്ചതായാണ് ഡൽഹി വിമാനത്താവളത്തിലെ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സിസ്‌റ്റത്തിലെ വിവരം. ഇവയില്‍ പറന്നുയരേണ്ട 21 അന്താരാഷ്ട്ര സർവീസുകളും, ഇറങ്ങാനുള്ള 23 അന്താരാഷ്ട്ര സർവീസുകളും ഉൾപ്പെടുന്നു. ഇവിടെനിന്ന് പറക്കേണ്ട 33 ആഭ്യന്തര സർവീസുകളെയും, ഇവിടെ ഇറങ്ങാനുള്ള 43 ആഭ്യന്തര സർവീസുകളെയും കാലാവസ്ഥ പ്രതികൂലമായി ബാധിച്ചു (Delhi Cold Wave).

ഡൽഹിയിൽ നിന്നുള്ള ട്രെയിനുകളും വൈകിയാണ് സർവീസ് നടത്തുന്നത്. കേരള എക്‌സ്പ്രസ് അടക്കമുള്ള ചില സർവീസുകൾ 16 മണിക്കൂറോളം വൈകിയാണ് ഓടുന്നത് (Delhi Train Delay). ഡൽഹിയിൽ പലയിടത്തും കട്ടികൂടിയ മൂടൽമഞ്ഞാണ് നിലനിൽക്കുന്നത്. പലയിടത്തും ദൃശ്യപരത വളരെ കുറവാണ്.

കാലാവസ്ഥ വകുപ്പിന്‍റെ കണക്കുപ്രകാരം 500 മീറ്റർ വരെ കാണാനാകുന്ന മൂടൽമഞ്ഞ് തീവ്രത കുറഞ്ഞതായി കണക്കാക്കപ്പെടുന്നു. 200 മീറ്റർ വരെ ദൃശ്യപരത നിലനിൽക്കുന്നതിനെ 'മിതമായ' മൂടൽമഞ്ഞ് എന്ന് പറയുന്നു. ദൃശ്യപരത 50 മീറ്റർ വരെ ആകുമ്പോഴാണ് കട്ടികൂടിയതെന്ന് വിലയിരുത്തുന്നത്. ദൃശ്യപരത 50 മീറ്ററിൽ താഴെ എത്തുമ്പോൾ മൂടൽമഞ്ഞിനെ അതീവ തീവ്രതയേറിയതെന്നും തരംതിരിക്കുന്നു.

രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ, പട്യാല, അംബാല, ചണ്ഡിഗഡ്, പാലം, സഫ്‌ദർജംഗ് (ന്യൂഡൽഹി), ബറേലി, ലഖ്‌നൗ, ബഹ്‌റൈച്ച്, വാരണാസി, പ്രയാഗ്‌രാജ്, തേസ്‌പൂർ എന്നിവിടങ്ങളില്‍ ദൃശ്യപരത പൂജ്യം രേഖപ്പെടുത്തിയിരുന്നു. ഇവിടങ്ങളിൽ അതികഠിനമായ തണുപ്പും അനുഭവപ്പെട്ടു.

Also Read: ഉത്തരേന്ത്യയില്‍ അതിരൂക്ഷ ശൈത്യം; വരും ദിവസങ്ങളില്‍ താപനില വീണ്ടും കുറയുമെന്ന് മുന്നറിയിപ്പ്

തെരുവില്‍ കഴിയുന്ന പലരും തണുപ്പിൽ നിന്ന് രക്ഷനേടാൻ സർക്കാർ നടത്തുന്ന ഷെൽട്ടർ ഹോമുകളില്‍ അഭയം തേടി. തെരുവുകളിൽ താമസിക്കുന്ന ഭവനരഹിതർക്ക് അഭയം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നൈറ്റ് ഷെൽട്ടറുകൾ സജ്ജമാക്കിയത്. ഷെൽട്ടറുകളിൽ അഭയം തേടുന്നവർക്ക് പുതപ്പുകൾ, കിടക്ക, ചൂടുവെള്ളം, ഭക്ഷണം എന്നിവ സൗജന്യമായി നൽകിവരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.