Death While Cleaning Septic Tank | സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു

Death While Cleaning Septic Tank | സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു
Toxic gas Formed | മദർതല നിവാസിയായ അർസെലിം ഷെയ്ഖിന്‍റെ വീട്ടിൽ നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിലാണ് ദാരുണ സംഭവം. ടാങ്കിനുള്ളിൽ വിഷവാതകം രൂപപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് ഹരിഹർപാറ പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ബെർഹാംപൂർ : പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ (Murshidabad) സെപ്‌റ്റിക് ടാങ്ക് നന്നാക്കവേ വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികൾ മരിച്ചു (Death While Cleaning Septic Tank in Bengals Berhampore). ഹരിഹർപാറ പോലീസ് സ്റ്റേഷൻ (Hariharpara Police Station) പരിധിയിലെ മദർതല (Madartala) പ്രദേശത്ത് തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. റജബ് അലി, മജു ഷെയ്ഖ്, മോനിറുൾ ഷെയ്ഖ് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ടാങ്കിൽ അകപ്പെട്ട മറ്റൊരാളുടെ നില ഗുരുതരമാണ്. ഇയാൾ ഇപ്പോൾ മുർഷിദാബാദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ടാങ്കിനുള്ളിൽ വിഷവാതകം രൂപപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് ഹരിഹർപാറ പൊലീസിന്‍റെ പ്രാഥമിക നിഗമനം.
മദർതല നിവാസിയായ അർസെലിം ഷെയ്ഖിന്‍റെ വീട്ടിൽ നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിലാണ് ദാരുണ സംഭവം. കോൺക്രീറ്റ് സ്ലാബുകൾ ഉപയോഗിച്ച് അടച്ചുവച്ച നിലയിലായിരുന്നു ടാങ്ക്. ടാങ്കിനകത്തെ തേപ്പ് പൂർത്തിയാക്കാനാണ് തൊഴിലാളികൾ അകത്തേക്ക് പോയത്.
ടാങ്കിൽ ആദ്യം കയറിയത് റജബ് അലിയാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. റജബ് ഇറങ്ങി ഒരു മിനിറ്റിനുള്ളിൽ സഹായത്തിനായി നിലവിളിച്ചു. ഇതോടെയാണ് മജു ഷെയ്ഖ്, മോനിറുൾ ഷെയ്ഖ് എന്നിവരും മറ്റൊരു തൊഴിലാളിയും ടാങ്കിലേക്കിറങ്ങുന്നത്. എന്നാൽ രക്ഷിക്കാൻ ടാങ്കിലിറങ്ങിയവർക്കും തിരികെ കയറിവരാൻ കഴിഞ്ഞില്ല.
ഇതോടെ അപകടം മനസ്സിലാക്കിയ അവിടെയുണ്ടായ റൂഹുൽ ഗ്രാമവാസികളോട് സഹായം അഭ്യർഥിക്കുകയും തുടർന്ന് കയറിന്‍റെ സഹായത്തോടെ താഴേക്ക് പോവുകയും ചെയ്തു. എന്നാൽ വിഷവാതകം ശ്വസിച്ച് സഹായത്തിനായി നിലവിളിച്ച റൂഹുലിനെ ഉടൻ തന്നെ ഗ്രാമവാസികൾ പുറത്തെടുത്തു.
ഇത്രയുമായതോടെ സ്ഥലമുടമയായ അർസെലിം ഷെയ്ഖ് സംഭവം ഹരിഹർപാറ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് സെപ്റ്റിക് ടാങ്ക് പൊളിക്കാൻ പോലീസ് ജെ സി ബി അടക്കം സംഭവ സ്ഥലത്തെത്തിച്ചു. വിഷവാതകം പുറംതള്ളാൻ അപകടസ്ഥലത്ത് നിരവധി ഫാനുകളും വിന്യസിച്ചു. ജെ സി ബി ഉപയോഗിച്ച് ടാങ്ക് പൊളിച്ച പോലീസ് അകത്തുവീണുകിടക്കുന്ന നാലുപേരെയും ഹരിഹർപാറ ബ്ലോക്ക് ഹെൽത്ത് സെന്‍ററിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ റജബ് അലി, മജു ഷെയ്ഖ്, മോനിറുൾ ഷെയ്ഖ് എന്നിവർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അതേസമയം സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും മദർതല പോലീസ് വ്യക്തമാക്കി.
