ETV Bharat / bharat

ദുരഭിമാനം: തെലങ്കാനയിൽ ദലിത് യുവാവിനെ കൊലപ്പെടുത്തിയത് പ്രണയിനിയുടെ ബന്ധുക്കൾ

author img

By

Published : Apr 10, 2023, 8:51 AM IST

Updated : Apr 10, 2023, 10:08 AM IST

വ്യത്യസ്‌ത ജാതിയിൽ പെട്ട യുവതിയെ പ്രണയിക്കുകയും വിവാഹം കഴിക്കണമെന്ന് ബന്ധുക്കളെ അറിയിക്കുകയും ചെയ്‌ത ദലിത് യുവാവിനെ യുവതിയുടെ ബന്ധുക്കൾ ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി.

തെലങ്കാനയിൽ ജാതിക്കൊല  യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ കൊന്നു  തെലങ്കാന crime  crime
ജാതിക്കൊല

നല്‍ഗൊണ്ട: തെലങ്കാനയിൽ ജാതിക്കൊല. ഇതര ജാതിയിൽ പെട്ട യുവതിയെ പ്രണയിക്കുകയും വിവാഹം കഴിക്കണമെന്ന് ബന്ധുക്കളെ അറിയിക്കുകയും ചെയ്‌ത ദലിത് യുവാവിനെ യുവതിയുടെ ബന്ധുക്കൾ ചേർന്ന് അതിക്രൂരമായി കൊല്ലുകയായിരുന്നു. ത്രിപുരാറാം മണ്ഡലത്തിലെ അണ്ണാരം ഗ്രാമത്തിലെ ഇരിഗി നവീൻ (21) ആണ് കൊല്ലപ്പെട്ടത്. നൽഗൊണ്ട ജില്ലയിലെ നിഡമാനൂർ മണ്ഡലത്തിൽ ഞായറാഴ്‌ച വൈകിട്ടാണ് അതിക്രൂരമായ സംഭവം.

സംഭവം നടന്നതിങ്ങനെ: അണ്ണാരം ഗ്രാമത്തിലെ ഇരിഗി നവീനും (21) അതേ ഗ്രാമത്തിലെ 20 കാരിയായ യുവതിയും നാലുവർഷമായി പ്രണയത്തിലായിരുന്നു. നവീൻ മിരിയാലഗുഡയിൽ കാർ മെക്കാനിക്കായി ജോലി ചെയ്‌തുവരികയായിരുന്നു. നവീൻ ദലിത് വിഭാഗത്തിൽ നിന്നായതിനാൽ തന്നെ യുവതിയുടെ ബന്ധുക്കൾക്ക് വിവാഹത്തിൽ താത്‌പര്യം ഉണ്ടായിരുന്നില്ല. അടുത്തിടെ നവീന്‍ ആത്‌മഹത്യക്ക് ശ്രമിക്കുകയുണ്ടായി. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നവീൻ സുഖം പ്രാപിച്ച് വരികയായിരുന്നു.

യുവതിയുടെ ബന്ധുക്കളായ നവദീപ്, മണിദീപ്, ശിവപ്രസാദ് എന്നിവർ നവീനെ ഫോണിൽ വിളിച്ച് യുവതിയെ മറക്കണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. യുവതിയുടെ വീട്ടുകാരെ കണ്ട് വിവാഹത്തിന് സമ്മതിക്കണം എന്ന് അഭ്യർഥിക്കാൻ ഞായറാഴ്‌ച നവീനും സുഹൃത്തുക്കളായ അണ്ണാറം സ്വദേശി ഈറ്റ അനിലും നിഡമാനൂർ ഗുണ്ടിപ്പള്ളി സ്വദേശി പൽവായ് തിരുമാലും ചേർന്ന് എത്തിയിരുന്നു.

തിരുമാൽ യുവതിയുടെ ബന്ധുക്കളെ വിളിച്ച് നവീന്‍റെയും യുവതിയുടെയും വിവാഹത്തെക്കുറിച്ച് സംസാരിക്കാനായി വരാൻ പറഞ്ഞു. അൽപസമയത്തിന് ശേഷം മൂന്ന് ബൈക്കുകളിലായി ഒമ്പത് പേർ കത്തിയുമായി എത്തി. സ്ഥലത്ത് എത്തിയതും ഇവർ നവീനെ ആക്രമിക്കുകയായിരുന്നു. കത്തികാട്ടി ഭീഷണിപ്പെടുത്തിയതോടെ തിരുമാലും അനിലും ഓടി രക്ഷപ്പെട്ടു.

ഓടിരക്ഷപ്പെടാൻ ശ്രമിച്ച നവീൻ വീഴുകയായിരുന്നു. പിന്നാലെ ഓടിയെത്തിയ സംഘം നവീനെ പിടികൂടി നെഞ്ചിലും വയറിലും അതിക്രൂരമായി കുത്തി പരിക്കേല്‍പ്പിച്ചു. സമീപവാസികൾ എത്തിയപ്പോഴേക്കും നവീൻ മരിച്ചിച്ചിരുന്നു.

വിവരമറിഞ്ഞ് മിരിയാലഗുഡ ഡിഎസ്‌പി വെങ്കടഗിരി, ഹാലിയ സിഐ ഗാന്ധി നായിക്, നിഡമാനൂർ എസ്ഐ ശോഭൻ ബാബു എന്നിവർ സ്ഥലത്തെത്തി. നവീന്‍റെ സുഹൃത്ത് അനിലിന്‍റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഡിഎസ്‌പി അറിയിച്ചു.

Last Updated : Apr 10, 2023, 10:08 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.