ETV Bharat / bharat

കർണാടക മുഖ്യമന്ത്രിയെ ഇന്നറിയാം ; ഡൽഹിയിൽ നിർണായക യോഗം

author img

By

Published : May 16, 2023, 9:15 AM IST

മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യക്ക് 85 എംഎൽഎമാരും, ഡി കെ ശിവകുമാറിന് 45 എംഎൽഎമാരും പിന്തുണ നൽകിയെന്നാണ് വിവരം

Karnataka  ഡി കെ ശിവകുമാർ  എസ് സിദ്ധരാമയ്യ  Congress to choose Karnataka CM today  Karnataka CM  Congress  കോണ്‍ഗ്രസ്  DK Shivakumar  Siddaramaiah  Kharge  കർണാടക മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും
ഡി കെ ശിവകുമാർ സിദ്ധരാമയ്യ

ബെംഗളൂരു/ന്യൂഡൽഹി : കർണാടക മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ചർച്ചകൾക്കായി ഡി കെ ശിവകുമാർ ഇന്ന് ഡൽഹിയിൽ എത്തും. ഇന്നലെ ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ശിവകുമാർ പോയിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്ന എസ് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം തന്നെ ഡൽഹിയിലെത്തിയിരുന്നു. ഇന്നത്തെ ചർച്ചകൾക്കൊടുവിൽ സിദ്ധരാമയ്യയെ കർണാടകയുടെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ തന്നെയാണ് സാധ്യത.

അതേസമയം കർണാടകയിലെ മുഖ്യമന്ത്രി ആരാകുമെന്നത് ഉൾപ്പടെ എല്ലാ കാര്യങ്ങളിലും ചൊവ്വാഴ്‌ച തീരുമാനമാകുമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്‍റ് ഈശ്വർ ഖണ്ഡ്രെ പറഞ്ഞു. 'മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള യോഗം നല്ല രീതിയിൽ പോകുന്നു. നാളെ എല്ലാം തീരുമാനിക്കും. മുതിർന്ന നേതാക്കൾ നാളെ എത്തും. ഖാർഗെജിയുമായി മുതിർന്ന നേതാക്കൾ ചർച്ച നടത്തും. നാളെത്തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും' - ഈശ്വർ പറഞ്ഞു.

അതേസമയം തിരക്കിട്ട ചര്‍ച്ചകള്‍ എഐസിസി ആസ്ഥാനത്ത് നടക്കവെയാണ് ഡി കെ ശിവകുമാര്‍ ഇന്നലത്തെ ഡൽഹി യാത്ര റദ്ദാക്കിയത്. ഇതോടെയാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീണ്ടത്. ആരോഗ്യ സംബന്ധമായ കാരണങ്ങളാലാണ് യാത്ര ഒഴിവാക്കിയതെന്നാണ് ഡി.കെ ശിവകുമാര്‍ അറിയിച്ചത്. എന്നാൽ പൊടുന്നനെയുള്ള ഈ പിൻമാറ്റം കർണാടക കോൺഗ്രസിൽ ചേരിതിരിവുകളുണ്ടെന്ന ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

തീരുമാനം ഇന്ന് : കർണാടക മുഖ്യമന്ത്രി ആരാകണമെന്നതില്‍ തീരുമാനം ഹൈക്കമാൻഡിന് വിട്ടുകൊണ്ടുള്ള പ്രമേയം കോൺഗ്രസ് ലെജിസ്ലേച്ചര്‍ പാർട്ടി (സിഎൽപി) യോഗം ഏകകണ്‌ഠേനയാണ് പാസാക്കിയത്. തുടർന്ന് ഹൈക്കമാൻഡ് സുശീൽകുമാർ ഷിൻഡെ, ജിതേന്ദ്ര സിംഗ്, ദീപക് ബാബരിയ എന്നിവരെ നിരീക്ഷകരായി നിയമിക്കുകയും ഇവർ ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് മല്ലികാര്‍ജുന്‍ ഖാർഗെയ്ക്ക് സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു.

തുടർന്നാണ് സിദ്ധരാമയ്യയുമായും, ഡി കെ ശിവകുമാറുമായും കൂടിക്കാഴ്‌ച നടത്താൻ കോണ്‍ഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ പാർട്ടിക്ക് തിടുക്കമില്ലെന്നും, സിദ്ധരാമയ്യയും ശിവകുമാറും ഉൾപ്പടെ എല്ലാ മുതിർന്ന സംസ്ഥാന നേതാക്കളുമായും കൂടിയാലോചന നടത്തിയതിന് ശേഷം മാത്രമേ കോൺഗ്രസ് അധ്യക്ഷൻ മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂവെന്നും സുർജേവാല പറഞ്ഞിരുന്നു.

അതേസമയം നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ടിൽ 85 എംഎൽഎമാർ സിദ്ധരാമയ്യക്കും, 45 എംഎൽഎമാർ ഡി കെ ശിവകുമാറിനും പിന്തുണ നൽകിയെന്നാണ് വിവരം. നിയമസഭാംഗങ്ങളിൽ കൂടുതൽ പേരുടെ പിന്തുണയുള്ള സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും എന്നാണ് വിലയിരുത്തൽ. ഡി കെ ശിവകുമാറിനെ അനുനയിപ്പിക്കുന്നതിനായി പിസിസി അധ്യക്ഷ പദവി നിലനിർത്തുന്നതിന് പുറമെ ഉപമുഖ്യമന്ത്രി സ്ഥാനവും, പ്രധാന വകുപ്പുകളും നൽകിയേക്കും എന്നും റിപ്പോർട്ടുകളുണ്ട്.

ഉജ്വല വിജയം : 1999ന് ശേഷം കർണാടകയിലെ എക്കാലത്തെയും മികച്ച വിജയമാണ് കോണ്‍ഗ്രസ് ഇത്തവണ സ്വന്തമാക്കിയത്. മെയ് 10 ശനിയാഴ്‌ച നടന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം 13നാണ് വന്നത്. 224 സീറ്റുകളുള്ള കർണാടക നിയമസഭയിൽ 135 സീറ്റുകൾ നേടിയാണ് കോണ്‍ഗ്രസ് ഉജ്വല വിജയം സ്വന്തമാക്കിയത്.

ബിജെപി 66 സീറ്റുകളിലേക്ക് വീണപ്പോൾ ജെഡിഎസ് 19 സീറ്റുകളിലേക്ക് കൂപ്പുകുത്തി. 43.2 ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസ് കർണാടകയിൽ നേടിയെടുത്തത്. ബിജെപി 35.7 ശതമാനം വോട്ട് വിഹിതം നേടിയപ്പോൾ ജെഡി(എസ്) നേടിയത് 13.3 ശതമാനമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.