'ഇഡിയെ സർക്കാർ ദുരുപയോഗം ചെയ്യുന്നു'; പാർട്ടി ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം, കസ്റ്റഡിയിലെടുത്ത് പൊലീസ്

author img

By

Published : Jun 21, 2022, 3:46 PM IST

congress leaders protest  enforcement directorate questioning rahul gandhi  rahul gandhi national herald money laundering case  നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസ്  കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം  രാഹുൽ ഗാന്ധി എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യൽ

കോൺഗ്രസ് നേതാക്കൾ ജന്തർ മന്തറിലേക്ക് നടത്തിയ മാർച്ച് അനുമതി ഇല്ലാത്തതിനാൽ പൊലീസ് തടയുകയും നിരവധി കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്‌തു

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അഞ്ചാം ദിവസവും രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ. കേന്ദ്ര സർക്കാർ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെ ദുരുപയോഗം ചെയ്യുകയാണെന്നും രാഹുൽ ഗാന്ധിയെ പീഡിപ്പിക്കുകയാണെന്നും ആരോപിച്ചാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം.

കോൺഗ്രസ് നേതാക്കൾ ജന്തർ മന്തറിലേക്ക് നടത്തിയ മാർച്ച്, അനുമതി ഇല്ലാത്തതിനാൽ പൊലീസ് തടയുകയും നിരവധി കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്‌തു. കോൺഗ്രസ് നേതാക്കൾക്ക് ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും മാർച്ച് നടത്താൻ അനുമതി നൽകിയിരുന്നില്ല എന്ന് പൊലീസ് പറയുന്നു.

ബിജെപി നേതാക്കളെ ഫാസിസ്റ്റുകൾ എന്ന് വിശേഷിപ്പിച്ച അശോക് ഗെലോട്ട്, ജനങ്ങളെ വിഡ്ഢികളാക്കാൻ ജനാധിപത്യത്തിന്‍റെ വിശ്വാസികളായി ബിജെപി നേതാക്കൾ വേഷമിടുകയാണെന്ന് ആരോപിച്ചു. ബിജെപി ഒരു സമുദായത്തെ മറ്റൊന്നിനെതിരെ അണിനിരത്താൻ ശ്രമിക്കുകയാണെന്നും സാമൂഹിക ഘടനയെ തകർക്കാൻ ശ്രമിക്കുകയാണെന്നും ഗെലോട്ട് പറഞ്ഞു.

അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി ഓഫിസിന് ചുറ്റും പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പ്രതിഷേധക്കാർ തകർത്തു. സർക്കാരിന്‍റെ പിഴവുകളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം മാത്രമാണ് അഗ്നിപഥ് പദ്ധതിയെന്നും ഇത് യുവാക്കളെ ഇരുട്ടിലേക്ക് തള്ളിവിടുമെന്നും കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. പാർട്ടി എംപിമാരെ പൊലീസ് പീഡിപ്പിക്കുന്നുവെന്നും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നും ആരോപിച്ച് കോൺഗ്രസ് നേതാക്കൾ തിങ്കളാഴ്‌ച രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് പരാതി നൽകിയിരുന്നു.

Also Read: രാഹുല്‍ ഗാന്ധി ഇഡിക്ക് മുന്‍പില്‍, ചോദ്യം ചെയ്യല്‍ അഞ്ചാം ദിവസം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.