ETV Bharat / bharat

സംക്രാന്തി കൊഴുപ്പിക്കാന്‍ കോഴിപ്പോര്, മറിയുന്നത് കോടികള്‍; കോടതി വിലക്കിയ 'കോടിപണ്ടലു' കണ്ടില്ലെന്ന് നടിച്ച് പൊലീസ്

author img

By ETV Bharat Kerala Team

Published : Jan 15, 2024, 1:59 PM IST

Updated : Jan 15, 2024, 2:15 PM IST

Cockfighting and gabbling  Sankranti  സംക്രാന്തി കോഴിപ്പോര്  ആന്ധ്രയിലെ സംക്രാന്തി ആഘോഷം
cockfighting-and-gabbling-in-ap-on-sankranti

Cockfighting and gabbling in AP on Sankranti : ആന്ധ്രപ്രദേശിലെ കോഴിപ്പോര് ഹൈക്കോടതി വിലക്ക് നിലനില്‍ക്കെ. ഭരണകക്ഷി നേതാക്കള്‍ രംഗത്ത് സജീവം. പൊലീസ് നോക്കുകുത്തി ആകുന്നു എന്ന് ആക്ഷേപം.

സംക്രാന്തി കൊഴുപ്പിക്കാന്‍ കോഴിപ്പോര്

അമരാവതി (ആന്ധ്രപ്രദേശ്) : സംക്രാന്തി ആഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ ആന്ധ്രപ്രദേശില്‍ ഇത്തവണയും കോഴിപ്പോരും അതിനോട് അനുബന്ധിച്ച വാതുവയ്‌പ്പും സജീവം (Cockfighting and gabbling in AP on Sankranti). തീരദേശ ജില്ലകളിലെ ഗ്രാമങ്ങളിലാണ് താത്‌കാലിക മൈതാനങ്ങളില്‍ കോഴിപ്പോര് നടക്കുന്നത്. കോഴിപ്പോരിനാവശ്യമായ സജ്ജീകരണത്തില്‍ ഭരണകക്ഷിയുടെ നേതാക്കള്‍ കൂടി ഇറങ്ങിയതോടെ, ഹൈക്കോടതി വിലക്കുണ്ടായിട്ടും പൊലീസ് നോക്കുകുത്തികളാകുന്നു എന്നാണ് ആക്ഷേപം.

കൃഷ്‌ണ ജില്ലയിലെ ഗണ്ണവാരം മണ്ഡലത്തില്‍ അമ്പാപുരത്ത് ദേശീയപാതയ്‌ക്ക് സമീപം സംഘടിപ്പിച്ച കോഴിപ്പോര് ശ്രദ്ധേയമാണ് (Cockfighting and gabbling in AP). മുഖ്യമന്ത്രി ജഗന്‍റെയും വൈഎസ്‌ആര്‍സിപിയുടെ പതാകയുടെയും ചിത്രങ്ങള്‍ അടങ്ങിയ ബാനറുകളാണ് ഇവിടെ കോഴിപ്പോര് കേന്ദ്രത്തിലെത്തുമ്പോള്‍ കാണാനാകുക. വല്ലഭനേനി വംശി എംഎല്‍എയുടെയും അനുയായികളുടെയും നേതൃത്വത്തിലാണ് ഇവിടെ കോഴിപ്പോരിനുള്ള കളം ഒരുക്കിയത് എന്നാണ് സൂചന. വൈഎസ്‌ആര്‍സിപി നേതാവായ എംഎല്‍എയ്‌ക്ക് വാതുവയ്‌പ്പ് പരിപാടി മാനേജര്‍ ചിക്കോട്ടി പ്രവീണുമായി ബന്ധമുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഒരുമാസം മുന്‍പാണ് ഇരുവരും ഒന്നിച്ചതെന്നും പറയപ്പെടുന്നു. ഭരണകക്ഷിയുടെ നേതാവായതിനാല്‍ അമ്പാപുരത്തെ കോഴിപ്പോരില്‍ പൊലീസ് ഇടപെടുന്നില്ലെന്നാണ് ആക്ഷേപം.

ആദ്യദിനം മാത്രം അമ്പാപുരത്ത് 15 കോടി രൂപയോളം കോഴിപ്പോരില്‍ നിന്ന് നേടിയതായാണ് കണക്ക്. കോഴിപ്പോരിനെത്തുന്നവര്‍ക്ക് ഭക്ഷണവും മദ്യവും നല്‍കിയുള്ള സത്‌കാരവും മേഖലയില്‍ നടക്കുന്നുണ്ട്. 5 ലക്ഷം നിക്ഷേപിച്ച റൗണ്ടില്‍ നിന്ന് സംഘാടകര്‍ കൊയ്‌തത് 15 ലക്ഷം വരെയാണ്.

ഓരോ റൗണ്ടിലും 20 ലക്ഷം വരെയാണ് ലേലം വിളിച്ച് പോകുന്നത്. ആദ്യദിനം മാത്രം ഇവിടെ 20 മത്സരങ്ങള്‍ നടത്തി. നാല് കോടിവരെ ലേലം വിളിച്ചതായി വിവരമുണ്ട്. പ്രധാന കേഴിപ്പോര് കേന്ദ്രങ്ങള്‍ക്ക് പുറമെ 15 മുതല്‍ 20 വരെ കോഴിപ്പോര് കേന്ദ്രങ്ങള്‍ മേഖലയില്‍ സജീവമാണ്. ലക്ഷക്കണക്കിന് രൂപയുടെ വാതുവയ്‌പ്പാണ് ഇവിടങ്ങളില്‍ നടക്കുന്നത്. രാത്രിയില്‍ ബൈക്ക് റേസിങ് നടത്തുന്നതിനായി പ്രത്യേക റിങ്ങും ഇവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട് (Sankranti celebrations in AP).

കോഴിപ്പോരിന് പുറമെ മുട്ടനാട് പോരും നടക്കുന്നുണ്ട്. നൂറോളം മുട്ടനാടുകളെ മത്സരത്തിനായി എത്തിച്ചിട്ടുണ്ട്. മത്സരിക്കാന്‍ 12000 രൂപയാണ് നല്‍കേണ്ടത്. ഇതില്‍ 10000 രൂപയ്‌ക്ക് ടോക്കന്‍ നല്‍കും. ബാക്കി 2000 രൂപ ഫീസ് ആണ്.

ടോക്കന്‍ എടുത്താല്‍ മത്സര വേദിയിലെത്താം. ഇത്തരത്തില്‍ എംഎല്‍എ വംശിയുടെ അനുയായികള്‍ വലിയ തോതില്‍ പണം സ്വരൂപിക്കുന്നതായാണ് വിവരം. ഓരോ മത്സര വേദിക്കും ഇവര്‍ പണം ഈടാക്കുന്നുണ്ട്. ചെറിയ മത്സര വേദികളില്‍ ലക്ഷങ്ങള്‍ വാരിക്കൂട്ടുമ്പോള്‍ വലിയ വേദികളില്‍ നിന്ന് വംശിയുടെ വിശ്വസ്‌തര്‍ കോടികളാണ് ഉണ്ടാക്കുന്നത്.

മത്സര വേദിക്കരികില്‍ കടകള്‍ സ്ഥാപിച്ച് വാടകക്ക് നല്‍കിയും ഇവര്‍ പണം ഉണ്ടാക്കുന്നുണ്ട്. മദ്യം, ബിരിയാണി, ജ്യൂസ്, സിഗരറ്റ്, നാളികേരം, ഗുട്‌ക തുടങ്ങിയവയാണ് മത്സര വേദിക്ക് സമീപം വില്‍ക്കുന്നത്. മൂന്ന് ദിവസത്തേക്ക് ഓരോ കടയ്‌ക്കും ഈടാക്കിയത് ഒന്നര ലക്ഷം വരെയാണെന്നാണ് സൂചന. ഇത്തരത്തില്‍ 50ല്‍ അധികം കടകള്‍ മേഖലയില്‍ ഉണ്ട്. ചിലയിടങ്ങളില്‍ രാത്രിയിലടക്കം കോഴിപ്പോരും വാതുവയ്‌പ്പും സജീവമാണ്.

Last Updated :Jan 15, 2024, 2:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.