ETV Bharat / bharat

Central Govt. Debt| 'കേന്ദ്രത്തിന്‍റെ കടബാധ്യത 155.6 ലക്ഷം കോടി'; പാര്‍ലമെന്‍റിനെ അറിയിച്ച് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി

author img

By

Published : Aug 1, 2023, 10:08 PM IST

Central Government total Debt  Central Government total Debt in rupees  Central Government total Debt Latest News  Latest News  Minister of State for Finance  Pankaj Chaudhary  കേന്ദ്രത്തിന്‍റെ കടബാധ്യത  പാര്‍ലമെന്‍റിനെ അറിയിച്ച് ധനകാര്യ സഹമന്ത്രി  ധനകാര്യ സഹമന്ത്രി  പങ്കജ് ചൗധരി  എളമരം കരീം  സിപിഎം  പൊതുമേഖല സ്ഥാപനങ്ങൾ  കോണ്‍ഗ്രസ്
'കേന്ദ്രത്തിന്‍റെ കടബാധ്യത 155.6 ലക്ഷം കോടി'; പാര്‍ലമെന്‍റിനെ അറിയിച്ച് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി

കേരളത്തില്‍ നിന്നുള്ള സിപിഎം എംപി എളമരം കരീമിന്‍റെ ചോദ്യത്തിനായിരുന്നു ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയുടെ മറുപടി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ കടബാധ്യത 155.6 ലക്ഷം കോടിയാണെന്ന് പാര്‍ലമെന്‍റില്‍ വ്യക്തമാക്കി സര്‍ക്കാര്‍. 2023 മാർച്ച് 31 വരെ കേന്ദ്രത്തിന് 155.6 ലക്ഷം കോടി രൂപ കടബാധ്യതയുണ്ടെന്നും 2020-21ലെ മൊത്ത ആഭ്യന്തര ഉത്‌പാദനമായ (ജിഡിപി) 61.5 ശതമാനത്തില്‍ നിന്നും 2022-23ൽ ജിഡിപി 57.1 ശതമാനമായി കുറഞ്ഞെന്നും സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തിന്‍റെ മൊത്തം കടബാധ്യതയെക്കുറിച്ചുള്ള കേരളത്തില്‍ നിന്നുള്ള സിപിഎം എംപി എളമരം കരീമിന്‍റെ ചോദ്യത്തിന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് രേഖാമൂലം മറുപടി നല്‍കിയത്.

കടം പെരുകുന്നു: എന്നാല്‍ ഈ കടം തിരിച്ചടയ്ക്കാനുള്ള ധനസമാഹരണത്തിനായി പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ടോ എന്ന എളമരം കരീമിന്‍റെ ചോദ്യത്തിന് കേന്ദ്രമന്ത്രി വ്യക്തമായൊരു മറുപടി പറയാതെ തള്ളിക്കളഞ്ഞു. ഇതോടെ സംസ്ഥാന സര്‍ക്കാരുകളുടെ കടബാധ്യതയെ കുറിച്ച് സഭയില്‍ ചോദ്യമുയര്‍ന്നു. ഇതിന് ആർബിഐയെയും സംസ്ഥാന ധനകാര്യ വിഭാഗത്തിന്‍റെയും ബജറ്റുകളുടെ പഠനം ഉദ്ധരിച്ച്, 2022-23 സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തിൽ സംസ്ഥാന സര്‍ക്കാരുകളുടെ കടം ജിഡിപിയുടെ ഏകദേശം 28 ശതമാനം ആണെന്ന് കണക്കാക്കപ്പെടുന്നതായും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധവുമായി കോണ്‍ഗ്രസ്: കഴിഞ്ഞമാസം തന്നെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ ഭരണപക്ഷത്തെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി മോദിയുടെ കീഴിലുള്ള ഒമ്പത് വർഷത്തിനുള്ളിൽ ഇന്ത്യയുടെ കടം ഏതാണ്ട് മൂന്നിരട്ടിയായി വർധിച്ച് 155 ലക്ഷം കോടി രൂപയായതായി കോണ്‍ഗ്രസ് ആരോപണം കടുപ്പിച്ചിരുന്നു. രാജ്യത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കി ധവളപത്രം പുറത്തിറക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

കട ബാധ്യത പ്രശ്‌നമാണ്: ഇന്ത്യയുടെ കടബാധ്യതയും ജിഡിപിയും തമ്മിലുള്ള അനുപാതം കൊവിഡ് കാലത്ത് മാത്രം 16 ശതമാനം വർധിച്ചെന്ന് ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) അറിയിച്ചിരുന്നു. ഐ‌എം‌എഫിന്‍റെ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ പൗളോ മൗറോയായിരുന്നു ഇത് സംബന്ധിച്ച വിവരങ്ങൾ മാധ്യമ പ്രവർത്തകരുമായി പങ്കുവച്ചത്. 2019ന്‍റെ അവസാനം കൊവിഡ് വ്യാപനത്തിന് മുമ്പ് ഇന്ത്യയുടെ കടബാധ്യത ജിഡിപിയുടെ 74 ശതമാനമായിരുന്നുവെന്നും 2021ൽ എത്തിയപ്പോഴേക്കും ഇത് 90 ശതമാനമായെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വലിയ വർധനയാണ് ഈ അനുപാതത്തില്‍ ഉണ്ടായതെന്നും ഒരു രാജ്യത്തിന്‍റെ കടം വീട്ടൽ ശേഷി കണക്കാക്കുന്നത് ജിഡിപിയുടെ എത്ര ശതമാനമാണ് കട ബാധ്യത എന്നതിനെ അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ വളർന്നുവരുന്ന മറ്റ് വിപണികളും വികസിത സമ്പദ്‌വ്യവസ്ഥകളും ഇതേ സാഹചര്യത്തിലൂടെ തന്നെയാണ് കടന്നുപോകുന്നതെന്ന് പൗളോ മൗറോ അറിയിച്ചിരുന്നു.

തങ്ങളുടെ പഠനത്തിൽ ഇന്ത്യയുടെ കട ബാധ്യതയും ജിഡിപിയും തമ്മിലുള്ള അനുപാതം ക്രമേണ കുറഞ്ഞുവരുമെന്നും രാജ്യത്തിന്‍റെ സാമ്പത്തിക നില മെച്ചപ്പെടുന്നതിന് അനുസരിച്ച് അനുപാതം 80 ശതമാനത്തിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികളെയും സ്ഥാപനങ്ങളെയും സഹായിക്കുന്നതിനാണ് ഇപ്പോൾ ഐഎംഎഫ് പരിഗണനയെന്നും ഇതില്‍ തന്നെ പ്രത്യേകിച്ച് ഏറ്റവും ദുർബലരായവരെ സഹായിക്കുന്നതിനാണെന്നും പൗളോ മൗറോ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.