ETV Bharat / bharat

കറുത്ത മഷിക്കും ആക്രമണങ്ങൾക്കും കർഷകരുടെ ശബ്‌ദം അടിച്ചമർത്താനാവില്ല : രാകേഷ് ടികായത്

author img

By

Published : May 31, 2022, 2:19 PM IST

ബെംഗളൂരുവിലെ ഗാന്ധി ഭവനില്‍ നടന്ന പരിപാടിക്കിടെയാണ് പ്രതിഷേധക്കാർ ടികായത്തിന് നേരെ കറുത്ത മഷി ഒഴിച്ചത്

bku leader Rakesh Tikait black ink attack  attack against rakers tikait  രാകേഷ് ടികായത് കറുത്ത മഷി ആക്രമണം  ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്
കറുത്ത മഷിക്കും ആക്രമണങ്ങൾക്കും കർഷകരുടെ ശബ്‌ദം അടിച്ചമർത്താൻ കഴിയില്ല: രാകേഷ് ടികായത്

നോയ്‌ഡ : കറുത്ത മഷിക്കും മാരകമായ ആക്രമണങ്ങൾക്കും കർഷകരുടെയും തൊഴിലാളികളുടെയും ശബ്‌ദത്തെ അടിച്ചമർത്താൻ കഴിയില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് നേരെ കറുത്ത മഷി ഒഴിച്ച സംഭവത്തിലായിരുന്നു പ്രതികരണം. ബെംഗളൂരുവിലെ ഗാന്ധി ഭവനില്‍ നടന്ന കര്‍ഷക സംഘടനയുടെ പരിപാടിക്കിടെയാണ് പ്രതിഷേധക്കാർ ടികായത്തിന് നേരെ അതിക്രമം നടത്തിയത്.

നരേന്ദ്ര മോദി അനുകൂല മുദ്രാവാക്യം വിളിച്ചെത്തിയ പ്രതിഷേധക്കാരും സംഘാടകരും പ്ലാസ്റ്റിക് കസേരകൾ അടക്കം ഉപയോഗിച്ച് പരസ്‌പരം ഏറ്റുമുട്ടി. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. കര്‍ണാടക രക്ഷണ വേദിക എന്ന സംഘടനയില്‍പ്പെട്ട ഭാരത് ഷെട്ടി, പ്രതാപ്, ശിവകുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ലോക്കൽ പൊലീസിനാണെന്നും തനിക്കെതിരായ ആക്രമണം ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്‍റെ ഒത്താശയോടെയാണ് നടന്നതെന്നും ടികായത് ആരോപിച്ചു.

കറുത്ത മഷിക്കും മാരകമായ ആക്രമണത്തിനും ഈ രാജ്യത്തെ കർഷകരുടെയും തൊഴിലാളികളുടെയും ദളിതരുടെയും ചൂഷിതരുടെയും പിന്നോക്കക്കാരുടെയും ആദിവാസികളുടെയും ശബ്‌ദം അടിച്ചമർത്താനാവില്ലെന്നും അവസാന ശ്വാസം വരെ പോരാട്ടം തുടരുമെന്നും ആക്രമണത്തെ തുടർന്ന് ടികായത് ട്വിറ്ററിൽ കുറിച്ചു. ആക്രമണത്തിന് പിന്നിൽ ബിജെപി ആണെന്ന ടികായത്തിന്‍റെ ആരോപണം തള്ളി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര രംഗത്തെത്തി.

കർഷക നേതാവ് കോടിഹള്ളി ചന്ദ്രശേഖറിനെതിരായ സ്റ്റിങ് ഓപ്പറേഷന്‍ സംബന്ധിച്ച് സംശയങ്ങൾ ദൂരീകരിക്കാൻ നടത്തിയ പരിപാടി ആയിരുന്നുവെന്നും അതിലേക്ക് ടികായത്തിനെ ക്ഷണിക്കുകയായിരുന്നുവെന്നും സംഘാടകർ പറയുന്നു. മാധ്യമപ്രവർത്തകരുടെ വേഷത്തിലാണ് പരിപാടിയിലേക്ക് അക്രമികൾ എത്തിയത്. തുടർന്ന് ടികായതിന്‍റെ മൈക്ക് ക്രമീകരിക്കാൻ എന്ന പേരിൽ സ്റ്റേജിലേക്ക് കയറിയ അക്രമികളിലൊരാൾ മൈക്ക് ഉപയോഗിച്ച് അദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. മറ്റൊരാൾ അദ്ദേഹത്തിന്‍റെ മേൽ കറുത്ത മഷി ഒഴിച്ചു.

Also Read: രാകേഷ് ടിക്കായത്തിന്‍റെ മുഖത്ത് കറുത്ത മഷി ഒഴിച്ചു; പ്രതിഷേധക്കാര്‍ എത്തിയത് മോദി അനുകൂല മുദ്രാവാക്യം വിളിച്ച്

കോൺഗ്രസ്, ആം ആദ്‌മി പാർട്ടി, രാഷ്ട്രീയ ലോക്‌ദൾ എന്നിവയുൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ സംഭവത്തെ അപലപിക്കുകയും കുറ്റക്കാർക്കെതിരെ ഉടൻ പൊലീസ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിത്വമാണ് രാകേഷ് ടികായത്.

ഒരു വര്‍ഷത്തോളം നീണ്ട രൂക്ഷമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് കേന്ദ്രത്തിന് മൂന്ന് നിയമങ്ങളും പിന്‍വലിക്കേണ്ടിവന്നിരുന്നു. കേന്ദ്രത്തിന്‍റെ കര്‍ഷദ്രോഹ നടപടികള്‍ക്കെതിരെ കടുത്ത എതിര്‍പ്പാണുയര്‍ന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.