പുതുച്ചേരി: കൊവിഡ് പ്രതിസന്ധിമൂലം വെസ്റ്റേൺ റെയിൽവേക്ക് 1,784 കോടിയുടെ നഷ്‌ടം സംഭവിച്ചു. സബ്‌അർബൻ വിഭാഗത്തിൽ 263 കോടിയും നോൺ-സബ്‌അർബൻ വിഭാഗത്തിന് 1,521 കോടിയുമാണ് നഷ്‌ടം സംഭവിച്ചതെന്ന് വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സുമിത് താക്കൂർ പറഞ്ഞു. ഈ വർഷം മാർച്ച് ഒന്ന് മുതൽ ജൂലൈ 16 വരെ ടിക്കറ്റ് റദ്ദാക്കിയതുമൂലം 61.15 ലക്ഷം യാത്രക്കാർക്ക് 398.01 കോടി തിരികെ നൽകുമെന്ന് വെസ്റ്റേൺ റെയിൽവേ അറിയിച്ചു.
മുംബൈ ഡിവിഷന് മാത്രമായി ഈ കാലയളവിൽ 190.20 കോടി തിരികെ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതുമൂലം മാർച്ച് അവസാനവാരം മുതൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി. കുടിയേറ്റ തൊഴിലാളികളെ സ്വദേശങ്ങളിലെത്തിക്കുന്നതിന് ഇന്ത്യൻ റെയിൽവേ മെയ് ഒന്ന് മുതൽ ശ്രമിക് ട്രെയിൻ സർവീസ് ആരംഭിച്ചു. മെയ് 12 മുതൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്ന് സാധാരണ ട്രെയിൻ സർവീസുകൾ ആരംഭിച്ചു. കൊവിഡ് പ്രതിസന്ധി മൂലം യാത്രക്കാരുടെ എണ്ണം വളരെ കുറവായതിനാൽ ട്രെയിനുകളുടെ എണ്ണവും കുറക്കേണ്ടിവന്നു. ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 10,77,618 ആയി ഉയർന്നു. 3,73,379 പേർ ചികിത്സയിൽ തുടരുമ്പോൾ 6,77,423 പേർ രോഗമുക്തി നേടി. 26,816 പേർക്ക് ജീവൻ നഷ്‌ടമായി.