ഗാന്ധിനഗർ: ഐപിഎസ് ഉദ്യോഗസ്ഥയാകാനാണ് താൽപര്യമെന്നും അതിന്‍റെ ആദ്യപടിയായി ജോലിയിൽ നിന്ന് രാജി വെക്കുകയാണെന്നും വനിതാ കോൺസ്റ്റബിൾ സുനിത യാദവ്. ലോക്ക് ഡൗൺ ലംഘിച്ച് കറങ്ങിനടന്ന ഗുജറാത്ത് മന്ത്രിയുടെ മകനെതിരെ നടപടിയെടുത്ത വനിതാ കോൺസ്റ്റബിൾ സുനിത യാദവാണ് തന്‍റെ തീരുമാനം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ഭാവിക്കുവേണ്ടി ഞാൻ രാജിവെക്കുകയാണ്, അതിലൂടെ എനിക്ക് സ്വയം തയ്യാറെടുക്കണം. കഠിനാധ്വാനത്തിലൂടെ ഒരു ഐപിഎസ് ഓഫീസറായി തിരിച്ചുവരണം. എന്നാൽ മാത്രമെ അധികാരത്തെക്കുറിച്ച് സംസാരിക്കുന്നവരെ നേരിടാൻ സാധിക്കുകയുള്ളൂവെന്നും യാദവ് പറഞ്ഞു. ഡിപ്പാർട്ട്‌മെന്‍റിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള സഹപ്രവർത്തകരിൽ പലരും ആത്മാർഥമായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഉന്നതരുടെ സമ്മർദം മൂലം സാധിക്കുന്നില്ല. അന്നത്തെ സംഭവത്തിൽ തന്‍റെ കൂടെ പൊലീസ് സുഹൃത്ത് ഉണ്ടായിരുന്നു അല്ലെങ്കിൽ താൻ മറ്റൊരു നിർഭയ ആകുമായിരുന്നു. അയാൾക്ക് നന്ദി പറയുന്നു, അല്ലെങ്കിൽ ജനങ്ങൾ നാളെ മറ്റൊരു നിഭയക്ക് വേണ്ടി മെഴുകുതിരി കത്തിക്കേണ്ടി വരുമായിരുന്നുവെന്നും സുനിത പറഞ്ഞു.
എനിക്ക് നീതി വേണം, പക്ഷേ ഒരാൾ മാത്രം നീതിക്കായി പോരാടേണ്ട ആവശ്യമില്ല. വ്യവസ്ഥകൾക്കെതിരെ പോരാടുമ്പോൾ ജനങ്ങളുടെ പിന്തുണ ആവശ്യമാണ്. പലരും ഫോൺ വിളിക്കുകയും വാതിലിൽ മുട്ടുകയും ചെയ്‌തു. അവരൊന്നും മാധ്യമപ്രവർത്തകരല്ല. ആരുടെയും പേര് പരാമർശിക്കാൻ തയ്യാറല്ലെന്നും അവർ പറഞ്ഞു. എംഎൽഎയും ആരോഗ്യ സഹമന്ത്രിയുമായ കുമാർ കനാനിയുടെ മകനായ പ്രകാശ് കാനാനിയെ ലോക്ക് ഡൗൺ ലംഘിച്ചതിന് സുനിത യാദവ് തടഞ്ഞു. ഇയാളും സുഹൃത്തുക്കളെയും ചേര്‍ന്ന് യാദവിനെ ഭീഷണിപ്പെടുത്തിയ ഓഡിയോ ക്ലിപ്പ് സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ മാസം എട്ടിനാണ് സംഭവം നടന്നത്. തുടർന്ന് 12 ന് മന്ത്രിയുടെ മകനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്‌തു.