ETV Bharat / bharat

റിവ സൗരോര്‍ജ പദ്ധതി, മോദിയെ 'അസത്യാഗ്രഹി'യെന്ന് വിശേഷിപ്പിച്ച് രാഹുല്‍ ഗാന്ധി

author img

By

Published : Jul 11, 2020, 9:14 PM IST

റിവയിലേത് ഏഷ്യയിലെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതിയാണെന്ന് പറയുന്ന പ്രധാനമന്ത്രിയുടെ ട്വീറ്റിനുള്ള മറുപടിയായാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്

rahul
rahul

ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതിയാണ് മധ്യപ്രദേശിലെ റിവ സൗരോര്‍ജ പദ്ധതിയെന്ന പ്രധാനമന്ത്രിയുടെ വാദത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ വാദത്തിനെതിരെ രാഹുലിന്റെ പ്രതികരണം. ഹിന്ദിയില്‍ ‘അസത്യാഗ്രഹി’ എന്നാണ് രാഹുല്‍ പ്രധാനമന്ത്രിയെ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. റിവയിലേത് ഏഷ്യയിലെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതിയാണെന്ന് പറയുന്ന പ്രധാനമന്ത്രിയുടെ ട്വീറ്റിനുള്ള മറുപടിയായാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.

വീഡിയോ കോണ്‍ഫറന്‍സിലൂടെ വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗരോര്‍ജ പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. 750 മെഗാവാട്ടിന്‍റെ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഡല്‍ഹി മെട്രോയുമുണ്ട്. 1,500 ഹെക്ടര്‍ സ്ഥലത്താണ് സോളാര്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. റിവ പദ്ധതിയില്‍ നിന്നുള്ള 24 ശതമാനം വൈദ്യുതി ഡല്‍ഹി മെട്രോയാണ് വാങ്ങുന്നത്.

'റിവ ഇന്ന് അക്ഷരാര്‍ഥത്തില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. നര്‍മദാ മാതാവിന്റെയും വെള്ളക്കടുവകളുടെയും പേരില്‍ അറിയപ്പെട്ട റീവയുടെ പേരില്‍ ഇനി ഏഷ്യയിലെ ഏറ്റവും വലിയ സോളാര്‍ പ്രൊജക്ട് പദ്ധതിയും കൂട്ടിച്ചേര്‍ത്തിരിക്കുന്നു' ഇതായിരുന്നു മോദി പദ്ധതിയെക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചത്.

ഏഷ്യയിലെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതിയാണെന്ന അവകാശവാദത്തിനെതിരെ കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാറും രംഗത്തെത്തിയിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ഉത്പാദന ശേഷിയുള്ള 750 വാട്ടിന്റെ സോളാര്‍ പ്ലാന്‍റ് മധ്യപ്രദേശില്‍ ഉദ്ഘാടനം ചെയ്തുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. അപ്പോള്‍ കര്‍ണാടകയിലെ പാവഗഡയില്‍ മൂന്ന് വര്‍ഷം മുമ്പ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്ത 2000 വാട്ട് ഉത്പാദന ശേഷിയുള്ള സോളാര്‍ പ്ലാന്റിനെ എന്ത് വിശേഷിപ്പിക്കണമെന്നായിരുന്നു ശിവകുമാറിന്റെ ട്വീറ്റ്. രാഹുലിന്‍റെയോ, ശിവകുമാറിന്‍റെയോ ട്വീറ്റിന് കേന്ദ്ര സര്‍ക്കാരോ പ്രധാനമന്ത്രിയോ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.