ETV Bharat / bharat

"രാഷ്‌ട്രപതിയും, ജഡ്‌ജിയും ദൈവങ്ങളല്ല, അവര്‍ക്കും തെറ്റുപറ്റാം": നിര്‍ഭയ കേസ് പ്രതികളുടെ അഭിഭാഷകന്‍

author img

By

Published : Jan 30, 2020, 8:33 PM IST

ഫെബ്രുവരി 1ന് നടപ്പാക്കാനിരിക്കുന്ന വധശിക്ഷ തടയണമെന്നാവശ്യപ്പെട്ട് പട്യാല കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും പ്രതികളുടെ അഭിഭാഷകനായ എപി സിങ് അഭിപ്രായപ്പെട്ടു

നിര്‍ഭയ കേസ്  Supreme Court judges  President of India  Nirbhaya convicts  advocate AP Singh  mercy petition  സുപ്രീംകോടതി വാര്‍ത്തകള്‍
"രാഷ്‌ട്രപതിയും, ജഡ്‌ജിയും ദൈവങ്ങളല്ല, അവര്‍ക്കും തെറ്റുപറ്റാം": നിര്‍ഭയ കേസ് പ്രതികളുടെ അഭിഭാഷകന്‍

ന്യൂഡല്‍ഹി: സുപ്രീംകോടതിക്കെതിരെയും, രാഷ്‌ട്രപതിക്കെതിരെയും പരോക്ഷ വിമര്‍ശനവുമായി നിര്‍ഭയ കേസ് പ്രതികളുടെ അഭിഭാഷകന്‍ എപി സിങ്. രാഷ്‌ട്രപതിയും, ജഡ്‌ജിമാരും ദൈവങ്ങളല്ലെന്നും, അവര്‍ക്കും തെറ്റുപറ്റാനിടയുണ്ടെന്നും എപി സിങ് അഭിപ്രായപ്പെട്ടു. കേസിലെ പ്രതികളിലൊരാളായ അക്ഷയ് താക്കൂര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് അഭിഭാഷകന്‍റെ പ്രസ്താവന. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ആറംഗ ബെഞ്ചാണ് അക്ഷയ്‌ താക്കൂറിന്‍റെ ഹര്‍ജി തള്ളിയത്.

"സുപ്രീം കോടതിയിലെ അഞ്ചംഗ ബെഞ്ചിലുള്ള ജഡ്‌ജിമാരാകട്ടെ, രാഷ്‌ട്രപതിയാകട്ടെ ആരും ദൈവങ്ങളല്ല, അവര്‍ക്ക് തെറ്റുപറ്റാതിരിക്കില്ല" - എപി സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം ഫെബ്രുവരി 1ന് നടപ്പാക്കാനിരിക്കുന്ന വധശിക്ഷ തടയണമെന്നാവശ്യപ്പെട്ട് പട്യാല കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതികളിലൊരാളായ പവന്‍ കുമാറിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്നുള്ള വസ്‌തുത ഉയര്‍ത്തിക്കാട്ടി കേസ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റണമെന്ന ഹര്‍ജി തള്ളിയ കോടതി ഉത്തരവിനെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്നും എപി സിങ് പറഞ്ഞു.

അതേസമയം ദയാഹര്‍ജിയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും പ്രതികളുടെ മുന്നിലില്ലെന്ന് നിര്‍ഭയയുടെ അഭിഭാഷകന്‍ സീമാ കുശ്‌വാല അഭിപ്രായപ്പെട്ടു. എന്നാല്‍ ദയാഹര്‍ജി നല്‍കുന്നതുകൊണ്ട് പ്രയോജനമുണ്ടാകില്ലെന്നും ഫെബ്രുവരി ഒന്നിന് തന്നെ വധശിക്ഷ നടപ്പാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും സീമ കൂട്ടിച്ചേര്‍ത്തു.

2012ലാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിനിരയാകുന്നത്. കേസില്‍ ആകെ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. ഒന്നാം പ്രതി രാംസിംഗ് തിഹാല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ തൂങ്ങി മരിച്ചു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങി. അക്ഷയ് ഠാക്കൂര്‍ സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരാണ് വധശിക്ഷ കാത്ത് കഴിയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.