ലക്‌നൗ: ലോക്ക് ഡൗൺ ലംഘിച്ചതിന് ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ്, ദേശീയ അധ്യക്ഷൻ വിനയ് രത്തൻ തുടങ്ങി 500 ലധികം പേർക്കെതിരെ കേസെടുത്തു. ഭീം ആർമി ഭാരത് ഏക്താ മിഷൻ സ്ഥാപകദിനത്തിന്‍റെ ഓർമക്കായി ഡൽഹി റോഡിലെ റെസിഡൻഷ്യൽ കോളനിയിൽ പൊതുസമ്മേളനം നടത്തിയതിനെ തുടർന്നാണ് സഹരൺപൂർ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. പാർട്ടി പ്രവർത്തനങ്ങൾ നടത്തുകയും ധാരാളം ആളുകളെ ക്ഷണിക്കുകയും ചെയ്യുന്നത് ലോക്ക് ഡൗൺ മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് പാർട്ടി ഭാരവാഹികളെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് സഹരൺപൂർ പൊലീസ് സൂപ്രണ്ട് വിനീത് ഭട്‌നഗർ പറഞ്ഞു.
ചൊവ്വാഴ്‌ച നടന്ന സമ്മേളനത്തിൽ ഭീം ആർമിയിലെ മുതിർന്ന ഭാരവാഹികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. പൊലീസും സുരക്ഷാ സേനയും സ്ഥലത്ത് വിന്യസിച്ചിരുന്നു. സമ്മേളനത്തിന്‍റെ ദൃശ്യങ്ങൾ ലഭിച്ചുകഴിഞ്ഞു. വാഹനങ്ങളുടെ നമ്പർ കേന്ദ്രീകരിച്ച് കൂടുതൽ പേരെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. 25 പേരെ തിരിച്ചറിഞ്ഞതായും പേരറിയാത്ത 500 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തതായും വിനീത് ഭട്‌നഗർ അറിയിച്ചു.