ETV Bharat / bharat

പ്രളയത്തില്‍ മുങ്ങി അസം; മരണം നൂറ് കടന്നു

author img

By

Published : Jul 19, 2020, 10:53 AM IST

Updated : Jul 19, 2020, 11:36 AM IST

വെള്ളപ്പൊക്കത്തില്‍ കഴിഞ്ഞ ദിവസം മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 105 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 511 പേരെയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി രക്ഷിച്ചത്

Assam floods  Death toll reaches 105  105 people die in Assam floods  Assam State Disaster Management Authority  Kaziranga National Park  അസം വെള്ളപ്പൊക്കം  അസം വാർത്തകൾ
പ്രളയത്തില്‍ മുങ്ങി അസം; മരണം നൂറ് കടന്നു

ഗുവാഹട്ടി: കനത്ത മഴയെ തുടർന്ന് അസമിലുണ്ടായ വെള്ളപ്പൊക്കത്തിലും മണിടിച്ചിലിലും മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 105 ആയി. 33 ജില്ലകളില്‍ 26 ജില്ലകളെയും പ്രളയം പൂർണമായും ബാധിച്ചു. 27.64 ലക്ഷം ആളുകളാണ് പ്രളയ ദുരിതത്തില്‍ കഴിയുന്നത്. നിരവധി കൃഷിയിടങ്ങളും പ്രളയത്തില്‍ നശിച്ചതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പ്രളയത്തില്‍ കാസിരംഗ നാഷണല്‍ പാർക്കിലെ തൊണ്ണൂറോളം മൃഗങ്ങളും ചത്തു.

പ്രളയത്തില്‍ മുങ്ങി അസം; മരണം നൂറ് കടന്നു

ദേമാജി, ലാഖിംപൂർ, ബിസ്‌വന്ത്, സോണിത്പൂർ, ദാരംഗ്, ബാക്‌സ, നല്‍ബാരി, ബാർപേറ്റ, ചിരംഗ്, ബോൺഗായ്ഗോൺ, കൊക്രാജർ, ദുബരി, സൗത്ത് സാല്‍മാരാ തുടങ്ങി നിരവധി ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചതെന്ന് അസം ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ദുബരി ജില്ലയില്‍ മാത്രം 4.69 ലക്ഷം പേരാണ് പ്രളയത്തിന്‍റെ ദുരിതം അനുഭവിക്കുന്നത്. ഗോൾപാരയില്‍ 4.49 ലക്ഷം പേരെയും ബാർപേട്ടയില്‍ 3.5 ലക്ഷം പേരെയും പ്രളയം ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 511 പേരെയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി രക്ഷിച്ചത്. 21 ജില്ലകളിലായി 649 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 47,465 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. കുറഞ്ഞത് 2,678 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണെന്നും 1,16,404 ഹെക്ടർ വിള പ്രദേശങ്ങൾ സംസ്ഥാനത്തൊട്ടാകെയുള്ള വെള്ളപ്പൊക്കത്തിൽ തകർന്നതായും ബുള്ളറ്റിൻ പറഞ്ഞു.

കൊവിഡിനെയും പ്രളയത്തെയും നേരിടാൻ സർക്കാരിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തനങ്ങൾ ദ്രുതഗതിയിലാണ് നടക്കുന്നതെന്നും ചീഫ് സെക്രട്ടറി കുമാർ സഞ്‌ജയ് കൃഷ്ണ അറിയിച്ചു. എല്ലാ ജില്ലകൾക്കും ആവശ്യമായ ധനസഹായം നല്‍കുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ ഡോക്ടർമാർ നിരധരം സന്ദർശിക്കുകയും ദുരിതബാധിതർക്ക് വേണ്ട സഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോൽപാറ ഡെപ്യൂട്ടി കമ്മിഷണർ വർണാലി ദേക ഖർമുസ ഗാവോൺ പഞ്ചായത്ത്, രാംഹരിർച്ചാർ, നകലിയാപര ചാർ, കടല്‍മരി ചാർ, ബാർവിറ്റ, സോനഹാര ജില്ലകളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും ക്യാമ്പുകളിലെ ക്രമീകരണങ്ങൾ പരിശോധിക്കുകയും ചെയ്തു. ബ്രഹ്മപുത്ര കരകവിഞ്ഞ് ഒഴുകുകയാണ്. പുഴകൾ കരകവിഞ്ഞ് ഒഴുകാൻ ആരംഭിച്ചതോടെ സംസ്ഥാനത്തെ നിരവധി പാലങ്ങളും തകർന്നു. ബിസ്‌വാന്ത്, ഉടല്‍ഗുരി, ദാരംഗ്, സൗത്ത് സാല്‍മാരാ ജില്ലകളില്‍ ശക്തമായ മണ്ണിടിച്ചിലാണെന്ന് അധികൃതർ അറിയിച്ചു.

Last Updated : Jul 19, 2020, 11:36 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.